16 February 2026, Monday

Related news

February 16, 2026
February 16, 2026
January 23, 2026
January 2, 2026
December 9, 2025
November 18, 2025
November 7, 2025
October 18, 2025
October 7, 2025
October 5, 2025

ഡിപിഡിപി നിയമം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

Janayugom Webdesk
ന്യൂഡൽഹി
February 16, 2026 9:41 pm

2023ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമത്തിലെയും 2025ൽ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലെയും വിവാദ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ നിയമത്തിലെ വകുപ്പുകൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹർജികളിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടു. വിവരാവകാശ പ്രവർത്തകനായ വെങ്കിടേഷ് നായക്, നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ (എൻസിപിആർഐ), ദി റിപ്പോർട്ടേഴ്സ് കളക്ടീവ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡിപിഡിപി നിയമത്തിലെ സെക്ഷൻ 44(3), വിവരാവകാശ നിയമത്തിലെ (ആർടിഐ) സെക്ഷൻ 8(1)(ജെ) ഭേദഗതി ചെയ്യുന്നതാണ് പ്രധാന തർക്കവിഷയം.

നേരത്തെ പൊതുതാല്പര്യമുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകാൻ ആർടിഐ നിയമം അനുവദിച്ചിരുന്നു. പുതിയ നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ ‘വ്യക്തിഗതം’ എന്ന് കണക്കാക്കാവുന്ന ഒന്നും വെളിപ്പെടുത്തേണ്ടതില്ല. വിവരം വ്യക്തിഗതമാണെന്ന് പറഞ്ഞ് യാതൊരു വിശദീകരണവുമില്ലാതെ അപേക്ഷകൾ നിരസിക്കാൻ അധികാരികൾക്ക് സാധിക്കും. ഇത് അഴിമതിവിരുദ്ധ പ്രവർത്തനങ്ങളെയും സുതാര്യതയെയും ബാധിക്കുമെന്ന് ഹർജിക്കാർ വാദിക്കുന്നു. സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്ന നിയമം യഥാർത്ഥത്തിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം നൽകുന്നതായും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നതായും ഹർജിക്കാർ ആരോപിച്ചു.

വ്യക്തിയുടെ സ്വകാര്യതയും പൊതുജനങ്ങളുടെ വിവരാവകാശവും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാദമായ ചില വകുപ്പുകൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. പാർലമെന്റ് പാസാക്കിയ ഒരു നിയമം പ്രാഥമിക ഘട്ടത്തിൽ തന്നെ തടയാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.