ലോകത്തിലെ ഏറ്റവും വലിയ വജ്രാഭരണ നിര്‍മ്മാണ കേന്ദ്രമെന്ന ഗുജറാത്തിലെ സൂറത്തിന്റെ പെരുമയ്ക്ക് മങ്ങലേല്‍ക്കുന്നു. വജ്രാഭരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 2023 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത സൂറത്ത് ഡയമണ്ട് നിര്‍മ്മാണ കേന്ദ്രം (സൂറത്ത് ഡയമണ്ട് ബോഴ്സ്-എസ്ഡിബി) ഇന്ന് പ്രേതഭവനം.
ലോകത്തെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമെന്ന വിശേഷണത്തോടെ 64 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത ബഹുനില ഫാക്ടറിയാണ് ഇന്ന് അനാഥമായി മാറിയിരിക്കുന്നത്. 32,000 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബഹുനില സമുച്ചയില്‍ 4,500 ഓഫിസ് സൗകര്യങ്ങളും ഒന്നര ലക്ഷം തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര- വിദേശ വജ്രാഭരണ നിര്‍മ്മാണ കമ്പനികളെ ആകര്‍ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും എസ്ഡിബിയുടെയും ശ്രമം വിഫലമായതോടെ കൂറ്റന്‍ ഫാക്ടറി സമുച്ചയം ആര്‍ക്കും വേണ്ടാതായി മാറി. വെറും എട്ട് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ പ്രവൃത്തിക്കുന്നത്.
തുടക്കത്തില്‍ 250 ലേറെ കമ്പനികള്‍ പ്രവൃത്തിച്ചിരുന്നുവെങ്കിലും ക്രമേണ പല കമ്പനികളും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കുറവ്, പൊതുഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത എന്നിവ കാരണമാണ് കമ്പനികള്‍ സൂറത്തിനെ കൈവിട്ടതെന്നാണ് വിലയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളില്‍ കമ്പനികള്‍ സര്‍ക്കാരിനോട് നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെ വന്നതിന് പിറകെ സൂറത്തിനെ ഉപേക്ഷിച്ച് മുംബൈ അടക്കമുള്ള മറ്റ് നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് കമ്പനികള്‍ ആരംഭിച്ച പല വ്യവസായ ഗ്രൂപ്പും ആദ്യവര്‍ഷങ്ങളില്‍ തന്നെ അധികൃതരുടെ നിസഹകരണം മൂലം സൂറത്ത് വിടാന്‍ നിര്‍ബന്ധിതരായി. മുംബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന രാജ്യത്തെ മുന്‍നിര വജ്രാഭരണ കമ്പനിയായ കിരണ്‍ ജെംസും സുറത്ത് പാര്‍ക്കിനെ ഉപേക്ഷിച്ച് കേന്ദ്രം മുംബൈയിലേക്ക് മാറ്റി. കമ്പനികള്‍ സൂറത്ത് വിടുന്നത് തടയാന്‍ എസ്ഡിബി പ്രദേശത്ത് വിദേശ മദ്യ വില്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അത് ഫലം കണ്ടില്ല.
സൂറത്ത് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നിര്‍ദിഷ്ട കമ്പനി പരിസരത്ത് എത്തിച്ചേരാനുള്ള അസൗകര്യവും പദ്ധതിക്ക് തിരിച്ചടിയായി. ഗുജറാത്തിനെ ലോകത്തിലെ ഏറ്റവും വലിയ വജ്രാഭരണ കേന്ദ്രമാക്കി മാറ്റാനുള്ള നരേന്ദ്ര മോഡിയുടെ പദ്ധതിയാണ് കെടുകാര്യസ്ഥതയും നടത്തിപ്പിലെ വീഴ്ചയും കാരണം പരാജയപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.