23 December 2024, Monday
KSFE Galaxy Chits Banner 2

സുരേഷ്ഗോപി ചിത്രം ‘കാവല്‍’ 25ന്

Janayugom Webdesk
November 22, 2021 4:00 am

സുരേഷ്‌ഗോപി ചിത്രം ‘കാവല്‍’ 25ന് തിയേറ്ററുകളിലെത്തും. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന വേഷത്തില്‍ രഞ്ജി പണിക്കരും എത്തുന്നു. ഹൈറേഞ്ചിലെ പശ്ചാത്തലത്തിലാണ് ഈ ആക്ഷന്‍ ഫാമിലി ഡ്രാമ ഒരുക്കിയിട്ടുള്ളത്. ഏറെ നാള്‍ സിനിമയില്‍ നിന്നൊഴിഞ്ഞുനിന്ന സുരേഷ്ഗോപി അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സജീവമായത്. ‘കാവല്‍’ 2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക്‌‌‍‌ഡൗണിനെ തുടര്‍ന്ന് നിറുത്തിവയ്ക്കുകയായിരുന്നു. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രഞ്ജി പണിക്കരുടെ സംവിധാന സംരംഭമാണിത്.

‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ അഞ്ചാം സീസണില്‍ എത്തിയ സന്തോഷ് എന്ന യുവാവ് ചിത്രത്തില്‍ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. ശാരീരിക വിഷമതകളുള്ള ഈ യുവാവ് ‘കോടീശ്വരന്‍’ പരിപാടിക്കിടെ ‘ശ്രീരാഗമോ’ എന്ന ഗാനം ആലപിച്ചപ്പോള്‍ സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് അവതാരകനായ സുരേഷ്ഗോപി വാഗ്‌ദാനം നല്‍കിയിരുന്നു. ‘കാര്‍മേഘം മൂടുന്നു’ എന്ന ഗാനമാണ് ആലപിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ‘ജോസഫി‘ലൂടെ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ലാല്‍, സുരേഷ്‌‌കൃഷ്ണ, ശ്രീജിത് രവി, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി ദേവ്, റേച്ചല്‍ ഡേവിഡ്, ഐ എം വിജയന്‍, ദൃശ്യം ഫെയിം അഞ്ജലിനായര്‍, മുത്തുമണി, ഇവാന്‍ അനില്‍, ബേബി പാര്‍വതി എന്നിവരടങ്ങുന്ന താരനിരയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.