20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 18, 2024
November 17, 2024
November 15, 2024
November 14, 2024
November 12, 2024
November 11, 2024
November 9, 2024
November 8, 2024

ഗുജറാത്തില്‍ തൂക്കുപാലം ദുരന്തം; മരണം 132 ആയി, പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല

Janayugom Webdesk
അഹമ്മദാബാദ്
October 31, 2022 9:11 am

ഗുജറാത്തില്‍ കാലപ്പഴക്കം ചെന്ന കേബിള്‍പ്പാലം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരണം 132 ആയി. 177 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 19 പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മോര്‍ബിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ദുരന്തം. അപകടം നടക്കുമ്പോള്‍ പാലത്തില്‍ 500 ലധികം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്ന് വിവരം.

നിരവധി പേരെ നദിയില്‍ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പാലം പൊട്ടിവീണതോടെ നിരവധി പേര്‍ നീന്തി രക്ഷപ്പെട്ടു. കര‑വ്യോമ‑നാവിക സേനകള്‍, എന്‍ഡിആര്‍ഫ്, അഗ്‌നിശമന സേന എന്നിവര്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം   പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു.  സംഭവത്തില്‍ പാലം പുനര്‍നിര്‍മിച്ച ബ്രിജ് മാനേജ്‌മെന്റ് ടീമിനെതിരെ കേസെടുത്തതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു.

അപകടം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനത്തുണ്ടായിരുന്നു. വഡോദരയില്‍ ടാറ്റ‑എയര്‍ബസ് പ്ലാന്റിന് മോഡി തറക്കല്ലിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മച്ചു നദിക്ക് കുറുകെയുള്ള പാലം രണ്ടായി മുറിഞ്ഞാണ് അപകടം സംഭവിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് 232 മീറ്ററുള്ള പാലം നിര്‍മ്മിച്ചത്. ദർബർഗഢിനെ നസർബാഗുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 1879ല്‍ മുംബൈ ഗവര്‍ണറായിരുന്ന റിച്ചാര്‍ഡ് ടെമ്പിള്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്. ഇംഗ്ലണ്ടില്‍ നിന്നാണ് മുഴുവന്‍ നിര്‍മ്മാണ സാമഗ്രികളും എത്തിച്ചത്.

നവീകരണത്തിനായി ആറ് മാസമായി അടച്ചിട്ടിരുന്ന പാലം ഗുജറാത്ത് പുതുവത്സര ദിനത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഒദവ്ജി പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഒരേവ ഗ്രൂപ്പിനാണ് നവീകരണത്തിനുള്ള കരാര്‍ നല്‍കിയിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ഈ മാസം 14ന് കനത്തമഴയെ തുടര്‍ന്ന് ഗോവയിലും കേബിള്‍പ്പാലം പൊട്ടി 40 വിനോദയാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Eng­lish Summary:Suspension Bridge Col­laps­es in Gujarat, Mas­sive Tragedy; The death toll stands at 132
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.