കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് മൊഴി നൽകിയ പരിയാരം സഹകരണ മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ഹെൽപർ ടി വി പ്രശാന്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പ്രശാന്തിനെതിരായ ആരോപണങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവര്‍ അന്വേഷിച്ചിരുന്നു.
കാര്യസാധ്യത്തിനായി കൈക്കൂലി നൽകിയെന്ന് പറയുന്നത് ഉൾപ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും കടുത്ത അച്ചടക്ക നടപടി ആരംഭിക്കാനും അന്വേഷണ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഈമാസം 10 മുതൽ പ്രശാന്ത് അനധികൃത അവധിയിലാണെന്നും കണ്ടെത്തി. കൂടാതെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ ജീവനക്കാരൻ എന്ന നിലയിൽ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ട നടപടി ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്.
2012ലാണ് പരിയാരം മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചത്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ പഴയ ജീവനക്കാരെ സർക്കാർ സർവീസിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ പട്ടികയിൽ നിന്ന് പ്രശാന്തിനെ ഒഴിവാക്കാനാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെയും സർവീസ് ചട്ടങ്ങൾ ലംഘിച്ചതും ചൂണ്ടിക്കാട്ടി പുറത്താക്കാൻ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്ത് സർവീസിലുണ്ടാകില്ലെന്ന് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പെട്രോൾ പമ്പിന് എൻഒസി കിട്ടുന്നതിന് നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നാണ് പ്രശാന്ത് പൊലീസിന് മൊഴി നൽകിയത്. ഇതുസംബന്ധിച്ച വിവാദങ്ങളെ തുടർന്ന് നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നു. അന്നുമുതൽ അവധിയിലായിരുന്ന പ്രശാന്ത് ഇന്നലെ കോളജ് ഓഫിസിൽ എത്തി 10 ദിവസത്തെ അവധി അപേക്ഷ നൽകി. പിന്നാലെയായിരുന്നു സസ്പെൻഷൻ. 2012ലാണ് പരിയാരം സഹകരണ മെഡിക്കൽ കോളജിൽ പ്രശാന്ത് ജോലിയിൽ പ്രവേശിച്ചത്. 2019ൽ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരെ നിലനിറുത്തുന്നതിനായി തയ്യാറാക്കിയ പട്ടികയിൽ പ്രശാന്തും ഉൾപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.