മതം അടിച്ചമർത്തപ്പെട്ടവരുടെ നിശ്വാസമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തെ ജനത വർത്തമാനകാല യാഥാർത്ഥ്യങ്ങളും ജീവിതദുരിതങ്ങളും ഓർക്കാതിരിക്കാൻ രാജ്യത്തിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു കൂട്ടർ മതത്തെ ഉപയോഗിക്കുകയാണ്. വേദനിപ്പിക്കുന്നതാണ് ഈ നിലപാട്. ഭാവി ഇരുളടഞ്ഞുവെന്ന് സമൂഹത്തിന് അനുഭവപ്പെടുന്നു. ഭൂതകാലം കൈമോശം വന്നപോലെയും. തങ്ങളുടെ നയങ്ങൾ ജനങ്ങൾക്ക് ദുരിതമാകുമ്പോഴും രാജ്യത്ത് ഭരണത്തിലിരിക്കുന്നവർ അധികാരത്തിൽ തുടരാൻ ഉപയോഗിക്കുന്നത് മതത്തെയാണ്. തന്ത്രം ഫലദായകമെന്ന അനുഭവം തന്നെ കാരണം. മയക്കുമരുന്നുപോലെ മതവും കനത്ത ലഹരിയായി മാറുന്നു, ഉപയോഗിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ പ്രതിസന്ധികളിൽ ജനങ്ങൾക്കിടയിൽ വിരോധം വളർത്തി തങ്ങൾക്ക് തടിയൂരാൻ മൂർച്ചയുള്ള ആയുധമായി അവർ മതത്തെ ഉപയോഗിക്കുന്നു. കൊടുംക്രൂരതകളുടെ വാസ്തുശില്പങ്ങൾ തീർത്ത നാസി പാർട്ടി, ആര്യൻ വംശശുദ്ധിയുടെ പേരിൽ ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ ജർമ്മനിയിൽ പ്രയോഗിച്ച ആയുധവും മതത്തിൽ തീർത്തതായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ ശുദ്ധമായ രക്തമുള്ള ആളുകൾ താമസിച്ചിരുന്ന അറ്റ്ലാന്റിസ് നഗരത്തിന്റെ കഥ സത്യമെന്ന് ആവർത്തിച്ചായിരുന്നു നാസികൾ ജൂതന്മാർക്കെതിരെ തിരിഞ്ഞത്. ഭാവന യാഥാർത്ഥ്യമെന്ന് കരുതാന്‍ ഇഷ്ടപ്പെട്ട ഫാസിസ്റ്റുകൾ ഹിറ്റ്ലറെ കണ്ണുമടച്ച് പിന്തുണച്ചു.
എല്ലാറ്റിന്റെയും മറവിൽ മൂലധനം ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കുന്നതിനും വ്യാവസായിക മൂലധനവും സാമ്പത്തിക മൂലധനവും ലയിപ്പിക്കാനും പദ്ധതിയൊരുക്കി. ഇത് സാധ്യമാക്കാൻ ജനങ്ങളുടെ എതിർപ്പിനെ അടിച്ചമർത്തുക എന്നതായിരുന്നു അടിയന്തര ആവശ്യം. അതിനായി അവരെ ലഹരിയിലാഴ്ത്തണം. ഹിറ്റ്ലർ പരമ്പരാഗത ആദർശങ്ങളിൽ വിശ്വസിക്കുകയും നിരീശ്വരവാദത്തെ വിമർശിക്കുകയും ചെയ്തിരുന്നു. യഹൂദന്മാർ ദൈവത്തിന്റെ കൊലയാളികളാണെന്ന ചിന്താഗതി ഉള്ളിൽ കൊണ്ടുനടന്നു. കുറ്റബോധമില്ലാതെ അവരെ ഉന്മൂലനം ചെയ്യാം. ദൈവത്തിന്റെ പ്രതികാരത്തിന്റെ കരങ്ങൾ തന്നിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആളുകളെ വിശ്വസിപ്പിച്ചു. നാസി ജർമ്മനിയിൽ പ്രചാരത്തിലുണ്ടായിരുന്ന പോസിറ്റീവ് ക്രിസ്ത്യാനിറ്റിയിൽ അദ്ദേഹം വിശ്വസിച്ചു. നാസി പ്രസ്ഥാനം ജർമ്മനിയിലെ പരമ്പരാഗത പള്ളികളോട് ശത്രുതയിലായിരുന്നു. പോസിറ്റീവ് ക്രിസ്ത്യാനിറ്റി അപ്പോസ്തല പാരമ്പര്യങ്ങളിലോ ക്രിസ്തുവിലോ വിശ്വസിച്ചിരുന്നില്ല. ഹിറ്റ്ലറുടെ സർക്കാരിലെ സഭാകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
നാസികളുടേത് പോസിറ്റീവ് ക്രിസ്ത്യാനിറ്റി കൂടിക്കുഴഞ്ഞ വൈദിക ഫാസിസമായിരുന്നു. യുദ്ധത്തിന്റെ മതമായിരുന്നു അത്. പട്ടാള ജനറൽമാരായിരുന്നു പുരോഹിതർ. അവരുടെ കർമ്മങ്ങൾ മനുഷ്യരാശി എക്കാലവും ചുടുകണ്ണീരിൽ കുതിർത്ത് ഓർമ്മിക്കും. ഭരണകൂടം സ്പോൺസർ ചെയ്ത വംശഹത്യ. പോളണ്ടിലെ ട്രെബ്ലിങ്ക, ബെൽസെക്, ഓഷ്‌വിറ്റ്സ്-ബിർകെനൗ, സോബിബോർ, ചെൽനോ എന്നിവിടങ്ങളിൽ ഉന്മൂലന ക്യാമ്പുകൾ ഉയർന്നു. “1000 വർഷം” എന്ന സംഖ്യ ഹിറ്റ്ലർക്ക് സന്തോഷം നൽകുന്നതായിരുന്നു. വിശുദ്ധ റോമൻ സാമ്രാജ്യം നിലനിന്ന വർഷങ്ങളുടെ എണ്ണമായി 1000പരിഗണിക്കപ്പെട്ടു. വിശുദ്ധ റോമൻ സാമ്രാജ്യത്തെ ഹിറ്റ്ലർ ഒന്നാം ഘട്ടമായി നിശ്ചയിച്ചു. ജർമ്മൻ സാമ്രാജ്യവും നാസി ഭരണവും രണ്ടാം ഘട്ടമെന്ന് സ്വയം പറഞ്ഞു. 1000 വർഷം നീണ്ടുനിൽക്കുന്നതാകും രണ്ടാം ഘട്ടം. ഒന്നാം ഘട്ടംപോലെ മികച്ചതും, ഹിറ്റ്ലർ തീരുമാനിച്ചു. “മില്ലേനിയലിസം” എന്ന് വിളിക്കപ്പെടുന്ന ഒരു തീവ്ര ക്രിസ്ത്യൻ വിഭാഗത്തിന്റെ സ്വാധീനത്തിൽ മതപരമായ പ്രാധാന്യവും ഇക്കാര്യത്തിൽ കണ്ടെത്തി. ക്രിസ്തു മടങ്ങിവരുമ്പോൾ, ആയിരം വർഷം ഭരിക്കും എന്ന രീതിയിലായിരുന്നു പ്രചരണം. ഹിറ്റ്ലറുടെ വ്യക്തിപരമായ ദൈവസങ്കല്പം ‘ദിവ്യപരിപാലനം (പ്രൊവിഡൻസ്)’ എന്നതിൽ കേന്ദ്രീകരിച്ചു. 1944 ജൂലായ് 20ലെ കൊലപാതകശ്രമത്തെ അതിജീവിച്ചപ്പോൾ ചുമതലകൾ തുടരാനുള്ള ദിവ്യപരിപാലനമായി ചിത്രീകരിച്ചു. തനിക്ക് അപ്രമാദിത്വമുണ്ടെന്നും ഹിറ്റ്ലർ ധരിച്ചിരുന്നു.
ജർമ്മനിയിലെ ജൂതവംശത്തെ പൂർണമായും തുടച്ചുനീക്കാൻ ഹിറ്റ്ലർ നടത്തിയ ക്രൂരത ആർഎസ്എസ് മേധാവി എം എസ് ഗോൾവാൾക്കറെ വളരെയധികം ആകർഷിച്ചിരുന്നു. അദ്ദേഹം ഹിറ്റ്ലറെ മഹത്വപ്പെടുത്തി, ജാതിയെ ന്യായീകരിച്ചു. ഗോൾവാൾക്കർ എല്ലായ്പ്പോഴും ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി. അവർ എക്കാലവും അങ്ങനെ തന്നെ തുടരുമെന്ന് പ്രതിജ്ഞ ചെയ്തു. ഹിറ്റ്ലർ ജർമ്മൻ ആര്യൻ വംശത്തിന്റെ വിശുദ്ധിയിൽ വിശ്വസിച്ചിരുന്നതുപോലെ, ഗോൾവാൾക്കർ മനുസ്മൃതിയിൽ കേന്ദ്രീകരിച്ച ഹിന്ദുത്വത്തിന്റെ ശുദ്ധിയിൽ ആറാടി. “എം എസ് ഗോൾവാൾക്കർ മികച്ച ചിന്തകനും പണ്ഡിതനുമായിരുന്നു, അദ്ദേഹത്തിന്റെ ചിന്തകൾ മഹത്തരമായി നിലനിൽക്കും. പ്രചോദനത്തിന്റെ ഉറവിടമാണത്. വരും തലമുറകളെ നയിക്കാൻ ഇത് വഴിയൊരുക്കും” കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഗോൾവാൾക്കറെ പ്രകീർത്തിക്കുന്നു. ഗോൾവാൾക്കർ ജനാധിപത്യത്തെ വെറുത്തു. ഭരണഘടനയെ പരസ്യമായി എതിർത്തു. ഹിന്ദു മേധാവിത്വവാദത്തിൽ നിലയുറപ്പിച്ചു. നാസി ജൂത വിരുദ്ധ നയത്തിൽ നിന്ന് ഗോൾവാൾക്കർ പാഠങ്ങള്‍ ഉൾക്കൊണ്ടപ്പോൾ, അനുയായി മോഡി ഹിറ്റ്ലറെ അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ദൈവം തനിക്ക് ഊർജം നേരിട്ടു പകരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു. കാരണം സർവശക്തൻ തന്നെക്കൊണ്ട് പലതും നിറവേറ്റാൻ ആഗ്രഹിക്കുന്നു. തന്റെ ചെയ്തികള്‍ ദൈവദത്തമാണെന്ന് ബോധ്യമുണ്ടെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.