31 January 2026, Saturday

സബലങ്കയോട് മധുരപ്രതികാരം; റെബാക്കിനയ്ക്ക് കിരീടം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ കന്നിക്കിരീടം
Janayugom Webdesk
മെല്‍ബണ്‍
January 31, 2026 10:36 pm

ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്കയെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്ഥാന്‍ താരം എലീന റെബാക്കിനയ്ക്ക്. ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റെബാക്കിനയുടെ ജയം. കസാക്ക് താരത്തിന്റെ കന്നി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കരിയറിലെ രണ്ടാം ഗ്രാൻസ്‌ലാം നേട്ടവുമാണിത് (2022‑ൽ വിംബിൾഡൺ നേടിയിരുന്നു). ആദ്യ സെറ്റ് 6–4 ന് നേടി റിബാകിന മികച്ച തുടക്കം കുറിച്ചു. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന സബലങ്ക മത്സരം ഒപ്പത്തിനൊപ്പമെത്തിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ സബലങ്ക 3–0 ന് മുന്നിലായിരുന്നു. അവിടെ നിന്ന് അതിശക്തമായി പോരാടിയ റെബാക്കിന, സബലങ്കയുടെ സെർവുകൾ ഭേദിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജയം. സ്കോർ: 6–4, 4–6, 6–4

2023ലെ ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് ആദ്യ സെറ്റ് നേടിയിട്ടും റെബാക്കിന സബലങ്കയ്ക്ക് മുന്നിൽ കിരീടം അടിയറവ് വച്ചിരുന്നു. ആ തോൽവിക്ക് ഇത്തവണ അതേ വേദിയിൽ വച്ച് റെബാക്കിന മധുരപ്രതികാരം വീട്ടി. 2023, 2024 വർഷങ്ങളിൽ ചാമ്പ്യനായിരുന്ന സബലങ്ക ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. കഴിഞ്ഞ തവണ മാഡിസൻ കീസിനോട് തോറ്റ സബലങ്കയ്ക്ക് ഇത്തവണയും കിരീടം തിരിച്ചുപിടിക്കാനായില്ല. പുരുഷ ഡബിൾസ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ ജേസൺ കുബ്ലർ — മാർക്ക് പോൾമാൻസ് സഖ്യത്തെ 7–6(4), 6–4 എന്ന സ്കോറിന് തോല്പിച്ച് ആറാം സീഡുകാരായ നീൽ സ്കുപ്‌സ്കി — ക്രിസ്റ്റ്യൻ ഹാരിസൺ സഖ്യം കിരീടം ചൂടി. ഒരു ടീമെന്ന നിലയിൽ ഈ ബ്രിട്ടീഷ്-അമേരിക്കൻ സഖ്യത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.