17 May 2024, Friday

ഭൂമിയിടപാട് കേസ്: സിനഡ് അധ്യക്ഷസ്ഥാനത്തുനിന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കണമെന്ന് ഒരു വിഭാഗം വിശ്വാസികള്‍

Janayugom Webdesk
കൊച്ചി
August 17, 2021 3:49 pm

എറണാകുളം അതിരൂപത ഭൂമിയിടപാട് കേസില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തി ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ദിനാള്‍ ആലഞ്ചേരിയെ മുഴുവന്‍ ചുമതലകളില്‍ നിന്നും പുറത്താക്കാന്‍ സീറോ മലബാര്‍ സഭാ സിനഡ് തന്നെ വത്തിക്കാനോട് ആവശ്യപ്പെടണമെന്നും, എറണാകുളം അതിരൂപതയിലെ വിശ്വാസികളെയും വൈദികരെയും ഇനിയും പൊതുസമൂഹത്തില്‍ അപമാനിക്കരുതെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയാണ് അല്മായ മുന്നേറ്റം

സിറോ മലബാര്‍ സഭ സിനഡ് ആരംഭിച്ചതിനെ തുടര്‍ന്നാണ് വിശ്വാസികളുടെ പ്രതിഷേധവും തുടങ്ങിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളാണ് ഭൂരിപക്ഷവും പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. ഹൈകോടതി വിചാരണ നേരിടണമെന്ന് വിധി പറഞ്ഞിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ സീറോമലബാര്‍ സിനഡ് അധ്യക്ഷസ്ഥാനത്തു നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ പുറത്താക്കുക, റെസ്റ്റിട്യൂഷന്‍ നടപ്പിലാക്കുക, ഭൂമികുംഭകോണം സംബന്ധിച്ചു കെപിഎംജി റിപ്പോര്‍ട്ട് സിനഡ് അജണ്ടയില്‍ ഉള്‍പെടുത്തുക, കര്‍ദിനാള്‍ ആലഞ്ചേരി നടത്തിയ നിയമവിരുദ്ധമായ കള്ളപ്പണഇടപാടുകള്‍ക്ക് ഇന്‍കംടാക്‌സ് അടക്കാന്‍ ആവശ്യപ്പെട്ട പിഴ തുക, ഭൂമി വില്പനക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ അടക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും അല്മായ മുന്നേറ്റം എന്ന കൂട്ടായ്മ ഉന്നയിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഭൂമിവില്പനയില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. നിലവില്‍ 2കോടി 48ലക്ഷം രൂപ എറണാകുളം അതിരൂപത പിഴ അടച്ചു കഴിഞ്ഞു. എറണാകുളം അതിരൂപതയുടെ ചുമതലയുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ഈ സാമ്പത്തിക തട്ടിപ്പില്‍ എറണാകുളം അതിരൂപത വീണ്ടും പിഴ അടക്കേണ്ട അവസ്ഥയില്‍ ആണ്. ഈ സാമ്പത്തിക തട്ടിപ്പിന് എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ പണം പിഴ അടക്കാന്‍ അനുവദിക്കില്ലെന്നും ഇതിന്റെ പേരില്‍ മുന്‍പ് അടച്ച തുക കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സഭാ സിനഡ് നടപടി എടുക്കണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടച്ചില്ല രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കര്‍ദിനാളെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും ഫാ.ജോഷി പുതുവ ഇന്‍കം ടാക്‌സിന് മൊഴി നല്‍കി. മൂന്നാറിലെ ഭൂമിയിടപാടിന്റെ വരുമാന സോഴ്‌സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല.മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്.

ഇത് കൂടാതെ ഭൂമി ഇടപാടില്‍ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. ഭാരത ക്രൈസ്തവ സമൂഹത്തെ ഇനിയും കൂടുതല്‍ അപമാനിക്കാതെ കെസിബിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സീറോമലബാര്‍ സഭാ നേതൃത്വസ്ഥാനത്തു നിന്നും രാജിവച്ചു പുറത്ത് പോകണമെന്നും സ്വയം പുറത്തുപോകാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കാന്‍ മെത്രാന്മാര്‍ വത്തിക്കാനോട് ആവശ്യപ്പെടണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry : syro mal­abar sab­ha demands to expel george alenchery

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.