4 January 2025, Saturday
KSFE Galaxy Chits Banner 2

കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയും പി സി ജോര്‍ജും പ്രതിയാകും

Janayugom Webdesk
June 8, 2022 9:49 pm

സ്വപ്നയുടെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കുന്നു

മുൻ മന്ത്രി കെ ടി ജലീൽ നല്‍കിയ പരാതിയില്‍ സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിയാക്കി കേസെടുക്കാന്‍ നിയമോപദേശം. സ്വപ്നയുടെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സർക്കാർ നടപടി. 153,120(B) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

തന്നെ അപകീർത്തിപ്പെടുത്തിയെന്നും ഇതിന് പിന്നിൽ പി സി ജോർജും സ്വപ്ന സുരേഷുമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ ടി ജലീൽ പൊലീസില്‍ പരാതി നല്‍കിയത്. കള്ള ആരോപണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന് പിന്നീട് കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് ജലീല്‍ പരാതിയിൽ പറയുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകൾ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്ന ചെയ്തിരിക്കുന്നതെന്നും പരാതിയിലുണ്ട്. നുണപ്രചരണം നടത്തി കേരളത്തിന്റെ സ്ഥിരതയെ തകർക്കാനാണ് ശ്രമം. ഇതിന് മുമ്പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്ന നടത്തിയിട്ടുണ്ട്. അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികൾ പോലും ഒന്നും കണ്ടെത്തിയില്ലെന്നും വിവിധ കേസുകളിലായി ഒന്നര വര്‍ഷത്തോളം ജലിയിലായിരുന്നു സ്വപ്നയെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക്‌ പോകുമെന്നും ജനം സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ വാർഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിന്‌ നല്ല യശസ്‌ നേടാനായിട്ടുണ്ട്‌. അതൊരു പൊങ്ങച്ചം പറച്ചിലല്ല.  മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ കവച്ചുവെക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നുണപ്രചരണം. ആപത്‌ഘട്ടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന സർക്കാരാണിതെന്ന്‌ ജനം നെഞ്ചുതൊട്ട്‌ പറഞ്ഞു. അതാണ്‌ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്‌. അതേനയമാണ്‌ സർക്കാർ തുടരുന്നത്‌. നുണപ്രചാരണം നടത്തുന്നവർ പല രീതിയിൽ അത്‌ തുടരും. ജനങ്ങൾക്ക്‌ അവരാഗ്രഹിക്കുന്ന രീതിയിൽ നീതി ഉറപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഒന്നര വര്‍ഷമായി അന്വേഷിച്ച കേസാണിത്. കേസിന്റെ അവസാനം വാദിയുമില്ല, പ്രതിയുമില്ല. നിലവിലെ ആരോപണങ്ങളെ അവഞ്ജയോടെ തള്ളിക്കളയുന്നതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാനം പ്രതികരിച്ചു. മാധ്യമങ്ങള്‍ കുറ്റാരോപിതയായ വ്യക്തി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. തെളിവുണ്ടെങ്കില്‍ അത് ഇഡിയ്ക്ക് നല്‍കിക്കൂടെയെന്നും തെളിവുകള്‍ അവരെ ഏല്‍പ്പിച്ചാല്‍ ജീവന് അവര്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന കേസാണിത്. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് ഒരു തെളിവുമില്ലാത്ത കേസാണിതെന്നും പങ്കുള്ളവര്‍ അതേറ്റെടുക്കട്ടെ എന്നും കാനം പറഞ്ഞു.

പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തില്‍ സംസ്ഥാന സർക്കാരിന് എന്തെങ്കിലും വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയില്‍ കാനം പറഞ്ഞു. കൃഷിക്കാരെ സംബന്ധിച്ച് പരിസ്ഥിതി ലോല മേഖല പ്രശ്നം വളരെ വലുതാണ്. സർക്കാർ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതായും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

 

Eng­lish Summary:kerala gov­ern­ment take case against swpana suresh and p c george in k t jaleels complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.