
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന കോഴ്സിൽ പങ്കെടുക്കാൻ താലിബാനെ ക്ഷണിച്ചതിൽ പ്രതിഷേധം ശക്തം. കോഴിക്കോട് ഐഐഎമ്മിൽ ആരംഭിച്ച ‘ഇമ്മേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്’ എന്ന വിഷയത്തിലുള്ള നാലു ദിവസത്തെ കോഴ്സിലേക്കാണ് വിദേശമന്ത്രാലയം താലിബാൻ പ്രതിനിധികളെ ക്ഷണിച്ചത്. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്ത ഇന്ത്യ താലിബാൻ ഉദ്യോഗസ്ഥർക്കായി കോഴ്സുകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതികരണങ്ങൾ ഉയരുന്നത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി കേന്ദ്ര സർക്കാർ കൂടുതൽ അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സർക്കാറാണ് ഭീകര സംഘടനയുമായി കൈകോർക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. 2021ൽ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ ഭരണകൂടവുമായി പലപ്രാവശ്യം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. കേന്ദ്ര ബജറ്റുകളിൽ ധനസഹായവും അനുവദിച്ചു. ഇതിന് പുറമെ ഭക്ഷ്യധാന്യങ്ങളും കോവിഡ് വാക്സിനും നൽകി സഹായിക്കുകയും ചെയ്തു. 2022 ലാണ് കാബൂളിൽ ഇന്ത്യൻ എംബസി തുറന്നത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ പ്രത്യേക പഠനക്ലാസിനായി താലിബാൻ പ്രതിനിധികളെ ക്ഷണിച്ചത്.
ഐഐഎമ്മിൽ ആരംഭിച്ച കോഴ്സിൽ നിരവധി വിദേശ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം, നിയമപരവും പാരിസ്ഥിതികവുമായ ലാൻഡ്സ്കേപ്പ്, ഉപഭോക്തൃ മനോഭാവം, ബിസിനസ് സാധ്യതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ വിദേശപ്രതിനിധികൾക്ക് അവസരമൊരുക്കുന്നതാണ് കോഴ്സ്. സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, എക്സിക്യൂട്ടീവുകൾ, സംരംഭകർ എന്നിവരടങ്ങുന്ന 30-ഓളം പേരാണ് കോഴ്സിൽ പങ്കെടുക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസി ദാരിയിൽ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് താലിബാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസി ഡയറക്ടർ ജനറൽ മുഫ്തി നൂറുള്ള അസം പുറത്തിറക്കിയ കത്തിൽ, ഐഐഎം ഒരു ഹ്രസ്വകാല ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ സർക്കുലർ വൈറലാണ്. ഇതേ സമയം താലിബാന്റെ നയങ്ങളോടുള്ള ഇന്ത്യയുടെ സമീപനങ്ങളിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.