19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 20, 2024
May 29, 2024
March 27, 2024
February 17, 2024
February 14, 2024
January 2, 2024
March 22, 2023
January 12, 2023
October 14, 2022
October 7, 2022

സോളാര്‍ ഫെന്‍സിങ് നടക്കുന്ന സ്ഥലം തങ്ങളുടേതെന്ന് തമിഴ്‌നാട്: നിര്‍മ്മാണം നിര്‍ത്തിവച്ച് തമിഴ്‌നാട്

Janayugom Webdesk
ഇടുക്കി
October 7, 2022 7:12 pm

കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ പുഷ്പക്കണ്ടം അണക്കരമെട്ടില്‍ കേരളത്തിന്റെ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മാണം തമിഴ്‌നാട് വനംവകുപ്പ് തടഞ്ഞു. അണക്കരമെട്ടില്‍ കാട്ടാന ശല്യം തടയാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മാണമാണ് തമിഴ്‌നാട് തടഞ്ഞത്. ഇവിടെ എത്തിയ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫെന്‍സിംഗ് നടക്കുന്ന സ്ഥലം തമിഴ്‌നാടിന്റേതാണെന്ന വാദം ഉയര്‍ത്തുകയും സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഫെന്‍സിംഗ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തമിഴ്‌നാട് വനമേഖലയില്‍ നിന്നും എത്തുന്ന കാട്ടാനക്കൂട്ടം മേഖലയിലെ കൃഷിയും വീടുകളും തകര്‍ത്തതോടെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രത്യേക തുക അനുവദിച്ചാണ് രണ്ട് ഘട്ടങ്ങളിലായി സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി തേവാരംമെട്ടില്‍ 1,300 മീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നു.
രണ്ടാം ഘട്ടമായി പുഷ്പകണ്ടം അണക്കരമെട്ടില്‍ 1,600 മീറ്റര്‍ ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നിര്‍മാണം തടഞ്ഞത്. അണക്കരമെട്ടില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കെഎസ്ആര്‍ എസ്റ്റേറ്റില്‍ ഇളങ്കോവന്‍, സഹോദരന്‍ രാജ്‌മോഹന്‍ എന്നിവരുടെ സ്ഥലത്തെ ഫെന്‍സിംഗ് ജോലികളാണ് തമിഴ്‌നാട് തടഞ്ഞത്. അതിര്‍ത്തിയില്‍ തമിഴ്‌നാട് അധീനതയിലുള്ള വനഭൂമിയില്‍ നിന്നും രണ്ട് മീറ്ററിലധികം വിട്ടുമാറി കേരളത്തിന്റെ റവന്യൂ ഭൂമിയില്‍ കര്‍ഷകരുടെ സമ്മതപത്രം വാങ്ങിയാണ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത്. എന്നാല്‍ ഇളങ്കോവന്റെ സ്ഥലമിരിക്കുന്ന ഭാഗം തമിഴ്‌നാട് വനം വകുപ്പിന്റെയാണെന്നും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ ഫെന്‍സിംഗ് സ്ഥാപിക്കുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇളങ്കോവന്റെ വീട്ടിലെത്തിയ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 64 വര്‍ഷമായി ഇളങ്കോവന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇവിടെയുള്ള 2.34 ഏക്കര്‍ സ്ഥലം. വീടും കൃഷിയിടവും അടക്കമുള്ള സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. ഏലം കൃഷിയുമുണ്ട്. കുത്തകപ്പാട്ട ഭൂമിക്ക് ഉടുമ്പന്‍ചോല താലൂക്കില്‍ പാറത്തോട് വില്ലേജില്‍ രേഖകളുമുണ്ട്. പെട്ടെന്ന് തമിഴ്‌നാട് വനംവകുപ്പ് ഭൂമിക്ക് അവകാശമുന്നയിച്ചതോടെ ഇവര്‍ ഭീതിയിലാണ്. ഇളങ്കോവന്റെ വീടിരിക്കുന്ന സ്ഥലത്തൂടെയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്ക് കടക്കുന്നത്. ഈ ഭാഗത്ത് സോളാര്‍ വേലി സ്ഥാപിച്ചാല്‍ മാത്രമേ കാട്ടാന ശല്യം തടയാന്‍ കഴിയു. ഇതിനിടയില്‍ തമിഴ്‌നാട് ഫെന്‍സിംഗ് നിര്‍മാണം തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Eng­lish Sum­ma­ry: Tamil Nadu claims that the solar fenc­ing site is theirs: Tamil Nadu has stopped the construction

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.