30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025

തമിഴ്നാട് ഗവര്‍ണറെ നീക്കണം: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
April 25, 2025 11:17 pm

ഭരണഘടനാ മൂല്യങ്ങളെ വിലവയ്ക്കാത്ത തമിഴ‌്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ ഭരണഘടനാമൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ചെയ്തത്. പദവി ഏറ്റെടുത്തതു മുതല്‍ തമിഴ‌്നാട് സര്‍ക്കാരുമായി അദ്ദേഹം കൊമ്പുകോര്‍ക്കുകയാണ്. നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ കാരണമില്ലാതെ പിടിച്ചുവച്ചു. ഇത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ് വ്യക്തമാക്കിയത്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത തരത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ നടപടികളെല്ലാം സുപ്രീം കോടതി വിധിക്ക് എതിരാണ്. ഗവര്‍ണര്‍ പദവിക്ക് തന്നെ കോട്ടമുണ്ടാക്കിയ ആര്‍ എൻ രവിക്ക് പദവിയില്‍ തുടരാൻ ധാര്‍മ്മികവും ഭരണഘടനാപരവുമായ അവകാശം നഷ്ടമായെന്നും പ്രമേയത്തില്‍ പറയുന്നു.

ഗവര്‍ണര്‍മാര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏജന്റുമാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. നമ്മള്‍ നിയമസഭയെയും സര്‍ക്കാരുകളെയും തെരഞ്ഞെടുക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നു. അവരാണ് യഥാര്‍ത്ഥ ഗവര്‍ണര്‍മാര്‍. കേന്ദ്രം ഗവര്‍ണര്‍മാരെ നിയമിക്കുന്നു. ബിജെപിയുടെ ഏജന്റുമാരെ പോലെ പ്രവര്‍ത്തിക്കുകയെന്നതല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാനുള്ളതെന്നും ഡി രാജ ചോദിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി ജി ആര്‍ അനിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രാഷ്ട്രീയ പ്രമേയത്തിന് ജൂലൈയില്‍ അന്തിമ രൂപമാകും

സെപ്റ്റംബറില്‍ ചണ്ഡീഗഢില്‍ നടക്കുന്ന സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം ദേശീയ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി ഡി രാജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈയില്‍ ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയത്തിന് അംഗീകാരം നല്‍കുമെന്നും രാജ പറഞ്ഞു.

പഹല്‍ഗാം സൈനിക സംഘര്‍ഷത്തിലെത്തരുത്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുണ്ടായ പ്രശ്നങ്ങള്‍ സൈനിക സംഘര്‍ഷത്തിലെത്താതെ നോക്കണമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഭീകരഭീഷണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്നും യോഗം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുടലെടുത്ത പ്രശ്നങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യണം. പരിഹാരത്തിന് നയതന്ത്രപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. ആക്രമണത്തെ മതധ്രുവീകരണത്തിനോ ഹിന്ദു — മുസ്ലിം സംഘര്‍ഷമുണ്ടാക്കാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിമാരും പറയണം. സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്നും വ്യക്തമാക്കണം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കണം. ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ അശ്രാന്ത പരിശ്രമം ആവശ്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.