31 December 2025, Wednesday

Related news

December 29, 2025
December 29, 2025
December 27, 2025
December 23, 2025
December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025
November 19, 2025

ഫെഡറല്‍ ലംഘനത്തിന് മുന്നില്‍ തമിഴ്‌നാട് മുട്ടുമടക്കില്ല

Janayugom Webdesk
ചെന്നൈ
March 14, 2025 10:55 pm

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍ ബജറ്റ്. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള 2,152 കോടി രൂപ നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ വഞ്ചിച്ചുവെന്ന് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തങ്കം തെന്നരസ് ആരോപിച്ചു.
സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശമ്പളവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ പണം തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. സമഗ്രശിക്ഷാ പദ്ധതിക്കായി 2,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനം, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (എന്‍ഇപി) ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിക്കാതെ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനാല്‍ സ്വന്തം ഫണ്ട് അനുവദിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 2,152 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് മുന്‍ ബജറ്റില്‍ 44,042 കോടി വകയിരുത്തിയിരുന്നത് 2025–26 ൽ 46,767 കോടിയായി ഉയര്‍ത്തി. വിദ്യാലയ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 1,000 കോടി രൂപ അധികമായും വകയിരുത്തി. 2,000 സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകൾ 160 കോടി രൂപ ചെലവിൽ നവീകരിക്കും, 880 ഹൈടെക് ലാബുകൾ 56 കോടി രൂപ ചെലവിൽ നവീകരിക്കും. 2,676 സർക്കാർ സ്കൂളുകളിൽ 65 കോടി രൂപ ചെലവിൽ സ്മാർട്ട് ക്ലാസ് മുറികൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
4,39,293 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് തങ്കം തെന്നരസ് സഭയില്‍ അവതരിപ്പിച്ചത്. ദേശീയ സാമ്പത്തിക വളർച്ചയുടെ ഒമ്പത് ശതമാനം സംസ്ഥാനത്തിന്റെ സംഭാവനയാണെങ്കിലും, നികുതി വിഹിതത്തിലൂടെയും ഗ്രാന്റ്-ഇൻ-എയ്ഡിലൂടെയും കേന്ദ്ര ഫണ്ടിന്റെ നാല് ശതമാനം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നതെന്ന വിമര്‍ശനവും ബജറ്റ് പ്രസംഗത്തിലുണ്ട്.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിനുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം വളരെ പുരോഗമനപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ വിചക്ഷണന്‍ ഡി നെടുഞ്ചെഴിയന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുന്നതിനെതിരെയുള്ള മറുപടിയാണ് സംസ്ഥാനത്തിന്റെ നടപടി. ഭരണഘടനാ ഉത്തരവാദിത്തങ്ങൾക്ക് മുകളിൽ രാഷ്ട്രീയ പരിഗണനകൾക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ രാഷ്ട്രീയത്തെക്കാൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നുവെന്ന സന്ദേശമാണിത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈക്ക് സമീപം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി, രാമേശ്വരത്ത് പുതിയ വിമാനത്താവളം, പരന്തൂര്‍ വിമാനത്താവളത്തിന്റെ നടപടികള്‍ വേഗത്തിലാക്കും, 10 തോഴി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍, 2,500 കോടിയുടെ വിദ്യാഭ്യാസ വായ്പാ പദ്ധതി, 3,500 ഗിഗ് വര്‍ക്കേഴ്സിന് ഇ സ്കൂട്ടര്‍ വാങ്ങാന്‍ 20,000 രൂപയുടെ ധനസഹായം, സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തും. ഹിന്ദിയുടെ പേരില്‍ ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റ് അവതരണം സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ഷിക ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെ സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് വിവാദമായിരുന്നു. ബജറ്റ് സമ്മേളനം ബഹിഷ്കരിച്ച ബിജെപി, എഐഎഡിഎംകെ എംഎല്‍എമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.