
കേന്ദ്ര സർക്കാരിന്റെ പിഎംശ്രി പദ്ധതിയിൽ ഒപ്പുവയ്ക്കാതെ തമിഴ്നാട്. ദ്വിഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച തമിഴ്നാട് സർക്കാർ പിഎംശ്രി പദ്ധതിയിൽ ഒപ്പുവയ്ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.
പദ്ധതിയിൽ ചേരുന്നതിന് ത്രിഭാഷാ നയത്തിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെ ചില ആവശ്യങ്ങൾ തമിഴ്നാട് ഉന്നയിച്ചു. എന്നാൽ, കേന്ദ്ര സർക്കാർ ഇതംഗീകരിച്ചില്ല. തുടർന്നാണ് സംയോജിത സ്കൂൾ വിദ്യാഭ്യാസ പദ്ധതി (സമഗ്ര ശിക്ഷ) ഫണ്ട് കേന്ദ്രം തടഞ്ഞത്.
ഇതോടെ അധ്യാപകരുടെ ശമ്പളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാട് സർക്കാർ പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു.
കേന്ദ്ര ധനസഹായം നിർത്തിവെച്ചതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ ആഗസ്റ്റ് മൂന്നിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് സർക്കാരിന്റെ വിജയമായി ഡിഎംകെ അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുതിയ വിദ്യാഭ്യാസ നയവും പുറത്തിറക്കിയത്. 2022 ഏപ്രിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം രൂപവല്‍ക്കരിക്കാൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി മുരുകേശൻ കമ്മിറ്റി നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് ഇംഗ്ലീഷ്, തമിഴ് എന്ന ദ്വിഭാഷാനയം പിന്തുടരും.
നടപ്പുവർഷം മുതൽ 11ാം ക്ലാസിലെ സർക്കാർ പൊതുപരീക്ഷ റദ്ദാക്കി. 10, 12 ക്ലാസുകൾക്ക് മാത്രമേ സർക്കാർ പരീക്ഷകൾ നടത്തുകയുള്ളു. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറ് വയസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രവേശനം നൽകണമെന്ന് നിഷ്കർഷിക്കുമ്പോൾ തമിഴ്നാട് സർക്കാരിന്റെ നയത്തിലിത് അഞ്ച് വയസാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.