
ഇന്ത്യൻ നാവികസേനയ്ക്കായി പുതിയ 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 13, 14 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫ്രാൻസ് സന്ദർശനത്തിലാകും കരാര്‍ ഒപ്പുവയ്ക്കുക. മസഗോൺ ഡോക്ക്യാർഡ്സ് ലിമിറ്റഡിൽ (എംഡിഎൽ) മൂന്ന് സ്കോർപീൻ (കാൽവേരി) ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കാനുമുള്ള കരാറിനും സാധ്യതയുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് കരാറിന് അംഗീകാരം നല്കി. ഐഎൻഎസ് വിക്രാന്തിന് വേണ്ടിയാണ് പുതിയ റഫാൽ യുദ്ധവിമാനങ്ങൾ ഏറ്റെടുക്കുന്നത്.
28 വിമാനങ്ങളായിരിക്കും വിക്രാന്തിലേക്ക് ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ 13ന് നടക്കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗമാണ് അന്തിമ അനുമതി ലഭ്യമാക്കേണ്ടത്. ഈ യോഗത്തിലാകും കരാറിനുള്ള പച്ചക്കൊടി നൽകുക. വിലയും മറ്റും സംബന്ധിച്ച് റഫാൽ വിമാന നിർമ്മാതാക്കളായ ദസ്സോ ഏവിയേഷനുമായുള്ള ചർച്ചകൾ സർക്കാർ ഇടനാഴി വഴിയാകും നടക്കുക. ഇന്ത്യ മുമ്പ് വ്യോമസേനയ്ക്കായി വാങ്ങിയ 36 ജെറ്റുകളുടെ ഇടപാടില്‍ വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ 26 റഫാൽ വിമാനങ്ങളും ഒറ്റ സീറ്റ് മാത്രമുള്ള പതിപ്പുകളായിരിക്കുമെന്നാണ് സൂചന. അതേസമയം ഇരട്ട എന്ജിന് പോര്‍വിമാനങ്ങളാണ് ആവശ്യമെന്ന് നേരത്തെ നാവിക സേന സര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഎസിന്റെ എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് വിമാനങ്ങളും പരിഗണിക്കപ്പെട്ടതായാണ് സൂചന. ഇന്ത്യയുടെ കൈവശമുള്ള വ്യോമസേനാ പതിപ്പിന്റെ 80 ശതമാനം സാമ്യത നാവികപതിപ്പിനുമുണ്ട്.
നാവികസേനയ്ക്ക് റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനത്തോടെ തേജസ് നാവികപതിപ്പ് വികസിപ്പിക്കാനുള്ള പദ്ധതികള്‍ വൈകുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ ഐഎന്‍എസ് വിക്രാന്തില്‍ തേജസ് വിമാനം ഇറക്കി ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാവികസേന തേജസ് വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. നാവികസേന ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കെയാണ് റഫാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.
മുമ്പ് നിർമ്മാണം ആരംഭിച്ച ആറ് കാൽവേരി വിഭാഗത്തിൽ പെട്ട അന്തർവാഹിനികളിൽ അവസാനത്തേതായ ഐഎൻഎസ് വാഗ്ഷെർ അടുത്ത വർഷം കമ്മിഷൻ ചെയ്തേക്കും. തദ്ദേശീയമായി വികസിപ്പിച്ച എന്‍ജിനുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഹാർഡ്വേർ പ്ലാറ്റ്ഫോമുകളുടെ നിർമ്മാണം വർധിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും പ്രതിരോധ‑വ്യാവസായിക കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം. കൂടാതെ ഇന്തോ-പസിഫിക്കിലൂടെയുള്ള ജലഗതാഗതവും സുരക്ഷയും വർധിപ്പിക്കാനുള്ള പുതിയ ഉഭയകക്ഷി കരാറിനും സാധ്യതയുണ്ട്.
English Summary:Tejas naval edition project failed; Rafale for Navy too
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.