രോഗനിവാരണത്തിന് സംയോജിത വൈദ്യശാസ്ത്ര സമീപനം ആവശ്യമുണ്ടെന്ന് തെലങ്കാന, പുതുച്ചേരി ഗവർണറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ. ഹൈദരാബാദിൽ നടന്ന ഹോമിയോപ്പതി വിജ്ഞാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഹോമിയോപ്പതി സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നും രോഗങ്ങളുടെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുന്നതാണെന്നും അവർ പറഞ്ഞു. ആരോഗ്യ പരിപാലനത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒരു വൈദ്യശാസ്ത്ര രീതിക്കും കഴിയില്ലെന്നും ഒരു മാർഗവും മറ്റൊന്നിന് ബദലായോ രണ്ടാംകിടയായോ കണക്കാക്കരുതെന്നും അവർ ഊന്നിപ്പറഞ്ഞു.
വിജ്ഞാന ഭാരതിയും (വിഭ) ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷനും (ജിഎച്ച്എഫ്) സംയുക്തമായി ഹൈദരാബാദിലെ ഐസിറ്റി ഓഡിറ്റോറിയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിച്ച സമ്മേളനത്തിൽ വൈദ്യശാസ്ത്ര, കോർപ്പറേറ്റ് മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.ഇന്ത്യയിലും വിദേശത്തുമായി ആസൂത്രണം ചെയ്തിട്ടുള്ള ഹോമിയോപ്പതി സമ്മേളന പരമ്പരയ്ക്ക് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അടുത്ത വർഷം കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ലോക ഹോമിയോപ്പതി ഉച്ചകോടിയോടെ (ദി വേൾഡ് ഹോമിയോപ്പതി സമ്മിറ്റ് 2024) പരിപാടി സമാപിക്കും.
“സമ്പൂർണ ആരോഗ്യം” എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. ആധുനിക വൈദ്യശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖർ പൊതുജനാരോഗ്യ ഇടപെടലുകൾ, ആന്റി-മൈക്രോബിയൽ റെസിസ്റ്റൻസ്, ആരോഗ്യ സംരക്ഷണത്തിലേയും വൈദ്യശാസ്ത്ര പഠനത്തിലെയും പുതിയ ദിശകൾ, ഗവേഷണത്തിലെ പുതിയ മാനങ്ങൾ എന്നിവയെക്കുറിച്ച് അവരുടെ ചിന്തകൾ അവതരിപ്പിച്ചു. ക്യൂറേറ്റീവ്, പ്രിവന്റീവ്, പ്രൊമോട്ടീവ് ഹെൽത്ത് എന്നിവയിൽ ഹോമിയോപ്പതിയുടെ ശക്തിയും വെറ്ററിനറി മെഡിസിൻ എന്ന നിലയിലും കാർഷിക പരിചരണത്തിലും അതിന്റെ സാധ്യതയും ചടങ്ങിൽ ചർച്ച ചെയ്തു.
ഹോമിയോപ്പതിയിലെ ജീവിച്ചിരിക്കുന്ന രണ്ട് പ്രമുഖരായ ഡോ. ശിവശങ്കർ റെഡ്ഡി, ഡോ. ജനാർദ്ദന റെഡ്ഡി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.വിഭ വൈസ് പ്രസിഡന്റ് സതീഷ് ഷേണായ്, ദേശീയ സെക്രട്ടറിമാരായ പ്രവീൺ രാംദാസ്, വിവേകാനന്ദ പൈ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാജ്യത്തുടനീളവും ആഗോളതലത്തിലും ഹോമിയോപ്പതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിന് ജിഎച്ച്എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നവർ അറിയിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. എസ് ചന്ദ്രശേഖറായിരുന്നു വിശിഷ്‌ടാതിഥി. ഐഐസിടി ഡയറക്ടർ ഡോ ശ്രീനിവാസ റെഡ്ഡി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുൾ ഗഫൂർ ആന്റി-മൈക്രോബയൽ പ്രതിരോധത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിൽ അതിന്റെ ഫലത്തെക്കുറിച്ചും സംസാരിച്ചു. ജിഎച്ച്എഫ് പ്രതിനിധി ഡോ. എസ് പ്രവീൺ കുമാർ ആന്റി മൈക്രോബിയൽ പ്രതിരോധത്തെ നേരിടുന്നതിൽ ഹോമിയോപ്പതിയുടെ കഴിവുകൾ എടുത്തുപറഞ്ഞു. ജിംസിലെ ഡോക്ടർ നവീൻ പാവസ്‌കർ, കേരളത്തിൽ നിന്നുള്ള ഡോ. വിനു കൃഷ്ണൻ, ഡോ. റെജി കുമാർ, പുതുച്ചേരി അരബിന്ദോ ആശ്രമത്തിൽ നിന്നുള്ള ഡോ. പച്ചെഗോങ്കർ ചെന്നൈയിൽ നിന്നുള്ള ഡോ. രാജ് സംഘ്വി, പുണെ ഭാരതി വിദ്യാപീഠിലെ ഡോ. അനിതാ പാട്ടീൽ, ന്യൂഡൽഹിയിലെ ഡോ. പൂർണിമ ശുക്ല എന്നിവരായിരുന്നു മറ്റ് പ്രമുഖ പ്രഭാഷകർ.
English Summary: Telangana Governor at homeopathy conference says integrated medical approach is essential
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.