തെലങ്കാനയിലെ നാഗര്‍കര്‍ണുലില്‍ മണ്ണിടിഞ്ഞ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രതീക്ഷ മങ്ങുന്നു. കുടുങ്ങിക്കിടക്കുന്ന എട്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം അഞ്ചാം ദിവസവും അനിശ്ചിതത്വത്തിലായതോടെ അവരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയില്‍ കരിനിഴല്‍ വീണു.
തുരങ്കത്തിലേക്ക് ജലപ്രവാഹം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഇന്ന് മുതല്‍ ഓക്സിജന്‍ വിതരണം അവസാനിപ്പിച്ചിരുന്നു. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് തെര്‍മല്‍ ഫിഷിങ് ബോട്ടിന്റെ സഹായത്തോടെ അപകടം നടന്ന സ്ഥലത്ത് എത്താന്‍ സാധിച്ചുവെന്നാണ് ജില്ലാ കളക്ടര്‍ ബി സന്തോഷ് അറിയിച്ചത്. സ്നിഫര്‍ നായ്ക്കളെ എത്തിച്ച് തെരച്ചില്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ സ്ഥിരത, മറ്റ് പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ദേശീയ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നലെ നല്‍കുമെന്നാണ് അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും കളക്ടര്‍ അറിയിച്ചു.
തുരങ്കത്തിന്റെ അവസാനം വരെ എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് പ്രതിബന്ധം സൃഷ്ടിച്ചതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതി തുരങ്ക നിര്‍മ്മാണത്തിനിടെ 22നാണ് എട്ട് ജീവനക്കാര്‍ തുരങ്കത്തിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. ഇവരെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമെന്നാണ് ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പാറക്കഷണങ്ങളും ചെളിയും വെള്ളവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ടണല്‍ തുരക്കാനുള്ള യന്ത്രത്തിന് കേട് സംഭവിച്ചതും പ്രതിസന്ധിയായി. തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബാഗങ്ങള്‍ രംഗത്തുവന്നത് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സ്വദേശികളാണ് കുടുങ്ങികിടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.