21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 20, 2024
July 16, 2024
May 13, 2024
April 2, 2023
October 19, 2022
October 10, 2022
October 5, 2022
September 24, 2022
October 18, 2021

ഉദ്യോഗത്തട്ടിപ്പ് മാഫിയകള്‍ നിറഞ്ഞാടുന്നു ;ഒന്‍പതു മാസത്തിനുള്ളില്‍ പതിനായിരത്തോളം കേസുകള്‍

കെ രംഗനാഥ്
തിരുവനന്തപുരം
October 18, 2021 8:48 pm

കൊറോണക്കാലത്തും തൊഴില്‍രഹിതരെ വലയിലാക്കി ഉദ്യോഗസ്ഥ തട്ടിപ്പ് മാഫിയകള്‍ സംസ്ഥാനത്ത് നിറഞ്ഞാടുന്നു. ഈ വര്‍ഷം ഒന്‍പത് മാസത്തിനുള്ളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 9,386 എന്ന് ഔദ്യോഗിക കണക്കുകള്‍.സംസ്ഥാന, അന്തര്‍സംസ്ഥാന റാക്കറ്റുകള്‍ മാത്രമല്ല നൈജീരിയ, കെനിയ തുടങ്ങിയ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ഈ മാഫിയകള്‍ കൊടികുത്തി വാഴുന്നുവെന്നാണ് കണ്ടെത്തല്‍. ഓണ്‍ലൈന്‍ നിയമനങ്ങളും വര്‍ക്ക് ഫ്രം ഹോം നിയമനങ്ങളും വഴിയാണ് ഏറ്റവുമധികം കബളിപ്പിക്കലുകള്‍ അരങ്ങേറുന്നതെന്നും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ വെളിപ്പെടുത്തുന്നു. തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങളറിയാതെ വ്യാജനിയമനങ്ങള്‍ നല്കി പണം തട്ടുന്ന സംഘങ്ങളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബഹുരാഷ്ട്ര കമ്പനികളടക്കം നിരവധി പേരാണ് പരാതിക്കാര്‍. ഇതു തങ്ങളുടെ സ്ഥാപനങ്ങളുടെ വിശ്വാസ്യതയേയും കീര്‍ത്തിയേയും തകര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നും ഈ പരാതികളില്‍ പറയുന്നു. ടാറ്റാ മോട്ടോഴ്സില്‍ത്തന്നെ കമ്പനി അറിയാതെ മുന്നൂറോളം വ്യാജനിയമനങ്ങളാണ് നല്കിയത്. 

ഓണ്‍ലൈനായി ഇന്റര്‍വ്യുവിനു ക്ഷണിക്കുന്നത് അജ്ഞാത ടെലിഫോണില്‍ നിന്നായിരിക്കും. ഇന്റര്‍വ്യുവിനുശേഷം മൂന്നു ദിവസം കഴിയുമ്പോള്‍ പ്രശസ്ത കമ്പനിയുടെ നിയമന ഉത്തരവ് ലഭിക്കുന്നു. അതു കഴിയുമ്പോള്‍ രണ്ട് മാസത്തെ പരിശീലന പരിപാടിക്ക് മാഫിയകള്‍ ആവശ്യപ്പെടുന്നത് 25,000 മുതല്‍ ഒരു ലക്ഷം രൂപവരെ. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഫിനാന്‍ഷ്യല്‍ മാനേജര്‍, എച്ച് ആര്‍ മാനേജര്‍, അഡ്മിനിസ്ട്രേഷന്‍ എക്സിക്യൂട്ടീവ് എന്നീ ഉയര്‍ന്ന തസ്തികകളിലേക്ക് വ്യാജ നിയമനരേഖ നല്കിയാണ് കബളിപ്പിക്കുന്നത്. ഇപ്രകാരം നിയമന ഉത്തരവുകള്‍ ലഭിച്ചവര്‍ ബന്ധപ്പെട്ട പ്രശസ്ത ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. പൈസ ലഭിച്ചുകഴി‍ഞ്ഞവരോട് ഇത് തട്ടിപ്പാണെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെടുമ്പോള്‍ ഫോണ്‍ എന്നെന്നേയ്ക്കുമായി കട്ട് ചെയ്യുകയുമാണ് പതിവ്. ഗ്ലാസ് ഡോര്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തിയുള്ള തൊഴില്‍ദാന വെബ് സൈറ്റുകളുടെ പേരില്‍ വരുന്ന നിയമന ഉത്തരവുകളായതിനാല്‍ സംശയം ഒട്ടുമില്ലാതെ ആവശ്യപ്പെടുന്ന പണം നല്കി ചതിക്കുഴിയില്‍ വീഴുന്നവരാണ് ഇരകളെല്ലാം.
2020 ല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 8,639 തട്ടിപ്പു കേസുകളാണ് ഇപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷം 5,606 കേസുകളുണ്ടായിരുന്നതാണ് ഇരട്ടിയോളമായി കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 9,386 കേസുകളാണ് ‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നു മാസം കൂടി കഴിയുമ്പോള്‍ ഈ ഉദ്യോഗ തട്ടിപ്പുകളുടെ എണ്ണം സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയരുമെന്നാണ് സൂചന.

ഐടി മേഖലകളില്‍ മാത്രം ആദ്യമൊക്കെ നിറഞ്ഞുനിന്നു ഈ നിയമനത്തട്ടിപ്പുകള്‍ ഇപ്പോള്‍ ആരോഗ്യ മേഖലയിലേക്കും കടന്നിരിക്കുന്നു. കൊറോണ വ്യാപനത്തിനിടെ അടിയന്തര നിയമനം എന്നു പ്രലോഭിപ്പിച്ചാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും മാഫിയകള്‍ വാരിക്കുഴികളില്‍ വീഴ്ത്തുന്നത്. സംസ്ഥാനത്തേയും മറ്റ് വിവിധ സംസ്ഥാനങ്ങളിലേയും വിദേശത്തേേയും നക്ഷത്ര ആശുപത്രികളിലേക്കാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്കുന്നത്. ഇപ്രകാരം തട്ടിയെടുക്കുന്നത് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ. ഇവരുടെ വലയില്‍പ്പെട്ട 94 മലയാളി നഴ്സുമാര്‍ ഈയിടെ യുഎഇയില്‍ എത്തിയ കാര്യം ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവരെ മലയാളിയായ ഡോ. വി പി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ ജോലി നല്കി രക്ഷപ്പെടുത്തുകയായിരുന്നു.

ഉദ്യോഗത്തട്ടിപ്പിന് ഇരയാവുന്നവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള സര്‍വീസ് ചാര്‍ജിനത്തില്‍ കാല്‍ ലക്ഷം രൂപവരെ തട്ടിയെടുത്ത ശേഷം മുങ്ങുന്നവരുമുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ടാറ്റാഗ്രൂപ്പ്, റിലയന്‍സ്, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ പ്രശസ്ത കമ്പനികള്‍ ഇതിനകം പത്രപരസ്യങ്ങളും നല്കിത്തുടങ്ങി. പണം നഷ്ടപ്പെട്ടവരില്‍ പലരും പരാതിപ്പെടാന്‍ എത്താത്തതും ഈ മാഫിയകള്‍ക്ക് സഹായകമാവുന്നു. കേരളം മാത്രമല്ല രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങള്‍ വിരാജിക്കുന്നത്. ഓരോ ദിവസവും പരാതികളുടെ എണ്ണമേറുന്നതിനാല്‍ കേസുകള്‍ ഓരോന്നായി അന്വേഷിക്കാന്‍ പ്രയാസമുണ്ടെന്ന് സംസ്ഥാന സൈബര്‍ഡോം മേധാവിയായ എഡിജിപി മനോജ് എബ്രഹാം പറയുന്നു. അതിനാല്‍ ഈ കേസുകളുടെ അന്വേഷണത്തിനും പ്രതികളെ പിടികൂടാനുമായി ഒരു പ്രത്യേക കര്‍മ്മപദ്ധതി തന്നെ പൂര്‍ത്തിയായതായും അദ്ദേഹം അറിയിക്കുന്നു.
eng­lish sum­ma­ry; ten­st­hou­sands of cas­es in nine months about Job fraud mafias
you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.