23 January 2026, Friday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026

ഭീകരവാദത്തിന് ഇന്ത്യയുടെ മനസ്സിൽ സ്ഥാനമില്ല: ബിനോയ് വിശ്വം

Janayugom Webdesk
കൊച്ചി
May 4, 2025 4:25 pm

ഭീകരവാദം നാടിനാപത്താണ് . ഇന്ത്യയുടെ മനസിൽ അതിന് സ്ഥാനം ഇല്ലെന്ന് ശക്തമായി പറയണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കശ്‍മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ ഭവനം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭീകരവാദത്തെ മറ്റൊരു ഭീകരവാദം കൊണ്ട് നേരിടാമെന്നത് വ്യാമോഹം മാത്രമാണ്. ഭീകരവാദം ജനങ്ങളുടെയും രാജ്യത്തിന്റെയും ശത്രുവാണ്. ജനങ്ങളെ തമ്മിലടിപ്പിക്കും. നാടിനെയാകെ ദോഷകരമായി ബാധിക്കുന്ന എല്ലാത്തരം ഭീകരവാദവും തുലയട്ടെയെന്ന് രാജ്യം ഒന്നായി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം കണ്മുൻപിൽ വെച്ച് അച്ഛൻ വെടിയേറ്റ് മരിച്ചപ്പോഴും വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടാതെ തികഞ്ഞ സംയമനം പാലിച്ചുകൊണ്ട്‌, പക്വതയോടുകൂടി കാര്യങ്ങളെ സമീപിച്ച രാമചന്ദ്രന്റെ മകളുടെ വാക്കുകൾ ഉയർന്ന സംസ്കാരത്തെയാണ് കാണിക്കുന്നത്. ദേശീയ ഐക്യത്തിന് വേണ്ടി, മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച ശക്തമായ പ്രതികരണമാണ് ഉണ്ടായത്. പലർക്കും അങ്ങിനെ പറ്റിയെന്നുവരില്ല. രാമചന്ദ്രന്റെ വേർപാടിന്റെ ദുഃഖം ഒരു നാടിന്റെയാകെ ദുഖമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് കേരളം കേട്ട ഏറ്റവും സത്യസന്ധവും ധീരവുമായ പ്രസ്താവനയാണ് ‘വേടന്‍’ നടത്തിയത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ അമ്മയുടെ മകനായി അധസ്ഥിതമായ ചുറ്റുപാടുകളില്‍ പിറന്ന ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ മര്‍ദ്ദിതന്റെ പ്രതിഷേധത്തിന്റെയും അവകാശ ബോധത്തിന്റെയും പാട്ടുകളാണ് പാടിയത്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച രാഷ്ട്രീയ ധീരതയാണ് വ്യക്തിപരമായ ദൗര്‍ബല്യത്തെപ്പറ്റി സത്യസന്ധതയോടെ സംസാരിക്കുവാനുള്ള ആര്‍ജ്ജവം ആ ചെറുപ്പക്കാരന് നല്‍കിയത് എന്നാണ് കരുതേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. വേടനെതിരെ നടപടി എടുത്തത് ശരിയായ വിധത്തിലാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും വനം വകുപ്പിന് ഇരട്ടത്താപ്പിന്റെ നയം പാടില്ലെന്നും ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശാസത്തെ പ്രതികൂലമായി ബാധിച്ച തൃശൂർ പൂരം കലക്കൽ സംഭവത്തിൽ സംസ്ഥാനത്തെ ഉന്നത സ്ഥാനം വഹിക്കുന്ന ക്രമ സമാധാന ചുമതലയുണ്ടായിരുന്ന ഒരു എഡിജിപിയുടെ പേര് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സ്വന്തം താല്പര്യം കൊണ്ടാണോ, അതോ മറ്റാരുടെയെങ്കിലും സമ്മർദ്ദത്തിൽ വഴിമാറിപോയതാണോ? പൂരം നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ രാജന്റെ ഇത് സംബന്ധിച്ചുള്ള ഓരോ വാക്കുകളും ഏറെ വിലപ്പെട്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിഴിഞ്ഞം ഉദ്‌ഘാടനത്തിൽ സിപിഐക്കും ക്ഷണം ഉണ്ടായിരുന്നു. സ്ഥലത്തില്ലാതിരുന്നത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. പങ്കെടുത്തിരുന്നെങ്കിൽ സദസ്സിൽ ഇരിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ പരിപാടിയിൽ പാർട്ടി നേതാക്കൾ വേദിയിൽ കയറി ഇരിക്കുന്നത് ശരിയായ നടപടി അല്ലെന്നും ഉയർന്ന ഒരു രാഷ്ട്രീയ സംസ്കാരം നമുക്കുണ്ടെന്നും അത് പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.