28 January 2026, Wednesday

എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിച്ച് ടെക്സാസ്

Janayugom Webdesk
ടെക്സാസ്
January 28, 2026 8:47 am

സർക്കാർ ഏജൻസികളിലും സർവകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ടെക്സാസ് ഗവർണർ നിർദേശിച്ചു. അമേരിക്കൻ പൗരരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് വിശദമാക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാനാണ് റിപ്പബ്ലിക്കൻ ഗവർണർ നിർദേശിച്ചത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിർദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കി. യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് അബോട്ട് ആരോപിക്കുന്നു.

ചില സന്ദർഭങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതായും ഗ്രെഗ് അബോട്ട് ചൂണ്ടിക്കാട്ടി. തീരുമാനത്തിന് പിന്നാലെ ഗവർണർ നിയമിച്ച മേധാവികളുള്ള സർക്കാർ ഏജൻസികൾക്കോ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ ടെക്സസ് വർക്ക്ഫോഴ്സ് കമീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുതിയ എച്ച്-1ബി അപേക്ഷകൾ നൽകാൻ സാധിക്കില്ല. ഗവർണറുടെ നിർദേശം പാലിക്കേണ്ടതായ എല്ലാ ഏജൻസികളും സർവകലാശാലകളും 2026 മാർച്ച് 27നകം 2025ൽ സമർപ്പിച്ച അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, വിദേശികളെ നിയമിക്കുന്നതിന് മുമ്പ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ വ്യക്തമാക്കി വിശദ റിപ്പോർട്ട് സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.