4 January 2025, Saturday
KSFE Galaxy Chits Banner 2

അമ്മയുടേയും മക്കളുടേയും മരണത്തില്‍ വിറങ്ങലിച്ച് താമരക്കുളം ഗ്രാമം

Janayugom Webdesk
ചാരുംമൂട്
February 1, 2022 8:04 pm

താമരക്കുളം ഗ്രാമം ഇന്നലെ ഉണര്‍ന്നത് ഭിന്നശേഷിക്കാരായ മക്കളും അമ്മയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ മരിച്ചെന്ന വാർത്തകേട്ട്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കൾ കലമോൾ (33), മീനുമോൾ (32)എന്നിവർ മരിച്ച ദുരന്ത വാർത്ത നാട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. മക്കളെയും അമ്മയേയും കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമാണ് പറയാനുള്ളത്. രാവിലെ 8.30 നോടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയി ആഹാരവുമായി ഈ വീട്ടിലെത്തിയത്.

ജനൽ ചില്ലകൾ പൊട്ടിയതും ഭിത്തിയിൽ കരിപുരണ്ടതും കണ്ട സുജാത വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൂവരേയും കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തി കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും പൂർണമായും കത്തിയ നിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്ന നിലയിലാണ്. തുടർന്ന് നാട്ടുകാരെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും.

സംഭവം നടക്കുമ്പോൾ വെരിക്കോസ് വെയിൻ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലായിരുന്നു ശശിധരൻ പിള്ള. പ്രസന്നയ്ക്ക് തൊഴിലുറപ്പിലൂടെയും പശുവളർത്തിലൂടെയും കിട്ടുന്ന വരുമാനവുമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. രണ്ടു മക്കളേയും അടുത്തുള്ള ബഡ്സ് സ്കൂളിൽ ചേർത്തിരുന്നു. സംഭവം അറിഞ്ഞ് വീട്ടിലെത്തി ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന ശശിധരൻ പിള്ളയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന വേവലാതിയിലായിരുന്നു നാട്ടുകാർ. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞ് പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ രണ്ട് മണിയോടെ മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എസ് പി ട്രയിനി ടി ഫ്രാഷ്, ഡി വൈ എസ് പി ഡോ. വി ആർ ജോസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാബു, സി ഐ, വി ആർ ജഗദീഷ്, എസ് ഐ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. സംഭവമറിഞ്ഞ് എം എസ് അരുൺ കുമാർ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, വൈസ് പ്രസിഡന്റ് സിനു ഖാൻ, പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ സജി, ദീപ, തഹസിൽദാർ എസ് സന്തോഷ് കുമാർ, മുന്‍ എം പി, സി എസ് സുജാത, ജി രാജമ്മ, ബി ബിനു തുടങ്ങി സാമൂഹിക രാഷ്ടീയ മേഖലയിലെ നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.