14 December 2025, Sunday

Related news

August 20, 2025
August 17, 2025
April 14, 2025
March 18, 2025
December 11, 2024
September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024

തണലാകാന്‍ ‘തന്റെയിടം’; പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമം: മന്ത്രി കെ രാജൻ

സ്വന്തം ലേഖിക
തിരുവനന്തപുരം
January 9, 2024 9:39 pm

സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പ്രയത്‌നങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നൽകുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. തന്റേതല്ലാത്ത കാരണങ്ങളാൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ താമസം ഒരുക്കുന്നതിന് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന ‘തന്റെയിടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

അതിജീവിച്ചവരെ അനാവശ്യമായി സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരാതെ അവര്‍ക്കാവശ്യമായ മുഴുവന്‍ സഹായങ്ങളും ചെയ്തു കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണെന്ന ബോധ്യത്തോടെ രക്ഷകര്‍ത്താവിനെപ്പോലെയാണ് ഇടപെടുന്നത്. അതിജീവിതകളെ സംരക്ഷിച്ചു നിര്‍ത്താനുള്ള ആശയത്തില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് വിധേയരാകേണ്ടവരല്ല സ്ത്രീകളും കുട്ടികളും എന്ന ബോധം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന അവരുടെ ‘തന്റേടം’ വരും നാളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടേ എന്നും മന്ത്രി പറഞ്ഞു. 

ഒരു ലക്ഷത്തോളം വീടുകള്‍ സാധാരണക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ചു നല്‍കിയ ലക്ഷംവീട് കോളനി എന്ന കേരളത്തിലെ ആദ്യത്തെ ഭവന വിപ്ലവം നടന്നത് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ ഭവന രഹിതരായ മനുഷ്യരുടെ സ്വപ്ന സഫലീകരണത്തിനുവേണ്ടിയുള്ള വലിയ മുന്നോട്ടുപോക്കാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ മന്ത്രി കെ രാജനിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി. വനിതാ ശിശുവികസന വകുപ്പിന്റെ അധീനതയിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന 18 വയസ് പൂർത്തിയായവർക്ക് ഈ സ്ഥാപനങ്ങളിൽ നിന്നും പുറത്തുപോകേണ്ടി വരുന്ന സാഹചര്യത്തിൽ പദ്ധതിയൂടെ സുരക്ഷിത പാർപ്പിടം ഒരുക്കുന്നു. 

ഭവനനിർമാണ ബോർഡ് നിർമിക്കുന്ന ഫ്ളാറ്റുകൾ/വീടുകളാണ് താമസത്തിനായി ലഭിക്കുക. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതിയുടെ ഗുണഭാക്താക്കളെ കണ്ടെത്തുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ അതത് ജില്ലാ ഓഫിസർമാർക്ക് ചടങ്ങിൽ റവന്യു മന്ത്രി കൈമാറി. 

തിരുവനന്തപുരം നന്ദാവനം പാണക്കാട് ഹാളില്‍ നടന്ന പരിപാടിയില്‍ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വനിത‑ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, ഹൗസിങ് കമ്മിഷണറും സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറിയുമായ രാഹുൽ കൃഷ്ണ ശർമ്മ, ഭവന നിർമ്മാണ ബോർഡ് അംഗങ്ങളായ അഡ്വ. സുമോദ് കെ എബ്രഹാം, പൂജപ്പുര രാധാകൃഷ്ണൻ, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ മിനി സുകുമാർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: thanteyi­dam Efforts to bring mar­gin­al­ized peo­ple for­ward: Min­is­ter K Rajan

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.