
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി. മോഡിയുടെ ഊര്‍ജം, നയതന്ത്രപരമായ ചലനാത്മകത, സൗമനസ്യം എന്നിവ വിദേശ നയത്തില്‍ പ്രധാന ആസ്തിയാണെന്ന് ‘ദി ഹിന്ദു‘വിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പറയുന്നു. സര്‍ക്കാരിന്റെ വിദേശനയത്തെ കോണ്‍ഗ്രസ് അതിരൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി എംപി മോഡി സ്തുതിയുമായി വീണ്ടും രംഗത്ത് വന്നത്. ഇന്ത്യയുടെ വിദേശ നയം യുഎസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയറവച്ചു എന്ന് നിരന്തരം ആക്ഷേപിക്കുന്ന സ്വന്തം പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് തരൂരിന്റെ മോഡി സ്തുതി. ചേരിചേരാ നയം ഉപേക്ഷിച്ച മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ വിദേശനയം തച്ചുതകര്‍ത്തതായും ആഗോള തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി ലോക രാജ്യങ്ങളോട് വിശദമാക്കാന്‍ ആവിഷ്കരിച്ച എംപിമാരുടെ സമിതി പര്യടനം മോഡിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയായിരുന്നുവെന്ന് തരൂര്‍ ലേഖനത്തില്‍ പറഞ്ഞു. ഇതുവഴി ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി. പ്രധാനമന്ത്രിയുടെ ബുദ്ധിപരമായ നീക്കം നയതന്ത്ര മേഖലയില്‍ അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിച്ചു. എംപിമാരുടെ വിദേശ സന്ദര്‍ശനം വഴി പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിക്ക് ആഗോളതലത്തില്‍ സ്വീകാര്യത കൂടി. ഐക്യത്തോടെ അന്താരാഷ്ട്ര വേദികളില്‍ ശബ്ദമുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചത് മോഡിയുടെ ക്രാന്തദര്‍ശിത്വമായിരുന്നുവെന്നും തരൂര്‍ വാഴ്ത്തുന്നു.
ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, അധികാരത്തിലെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതുനയതന്ത്രത്തിന്റെ അനിവാര്യത എന്നിവ മനസിലാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചു. നരേന്ദ്ര മോഡിയുടെ ബുദ്ധികൂര്‍മ്മതയാണ് ഇതിനെല്ലാം ഊര്‍ജം പകര്‍ന്നതെന്നും ലേഖനത്തില്‍ പറയുന്നു. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ജി 20 ഷെര്‍പ്പ സ്ഥാനത്തേക്ക് ശശിരൂരിനെ പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നിതി ആയോഗ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന അമിതാഭ് കാന്തായിരുന്നു ഷെര്‍പ്പ സ്ഥാനം വഹിച്ചിരുന്നത്. തരൂരിനെ ഷെര്‍പ്പ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമിതാഭ് കാന്ത് സ്ഥാനം രാജിവച്ചത്.
ആവർത്തിച്ചുള്ള മോഡി സ്‌തുതിയിൽ നേരത്തെ ശശി തരൂരിന് പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസ് യോഗത്തിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യ പ്രകാരം ശശി തരൂര്‍ നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്‌തിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.