22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024
March 10, 2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ വൈകിപ്പിച്ചാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
June 6, 2023 6:38 pm

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ പക്കലുള്ള ഫയലുകൾ ക്രമവിരുദ്ധമായി വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ‑ജില്ലാ — ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി ഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫയൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്റെ നിർദ്ദേശങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. ഈ നില തുടരാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലെ കൂട്ടായ്മ ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു. പൊതു വിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികളെയും മുന്നിൽ കണ്ടാകണം ഏതൊരു പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത്. വിവിധ തലങ്ങളിൽ നിർവഹണ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകർ പദ്ധതികൾ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തു വേണം താഴെ തട്ടുവരെ നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും 2023–24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള സമയക്രമ പട്ടികയും അവതരിപ്പിച്ചു.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് , എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ ‚എസ്ഐഇടി ഡയറക്ടർ ബി. അബുരാജ് , സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി ടി, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത്, വിദ്യാകിരണം — കോർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry:  strict action will be tak­en if files are delayed in the Depart­ment of Pub­lic Edu­ca­tion; Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.