15 November 2024, Friday
KSFE Galaxy Chits Banner 2

പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രില്‍ ഒന്നിന് തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
January 3, 2022 8:25 pm

കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ വര്‍ധിച്ച ജനകീയ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത വികസന ആസൂത്രണ നിര്‍വഹണ പ്രക്രിയകള്‍ ശാക്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ വികസന മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയും ആവശ്യങ്ങളും ഇതിനായി വിലയിരുത്തേണ്ടതുണ്ട്. തുടർന്നാണ് പുതിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. 1996 ല്‍ ജനകീയാസൂത്രണം ആരംഭിച്ചതു മുതല്‍ ഓരോ തദ്ദേശഭരണസ്ഥാപനവും കടന്നുപോയ വികസന വഴികള്‍ വിശദമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കണം.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വികസന ക്ഷേമ പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പ്രക്രിയ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാനായി സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി നവംബര്‍ അവസാനം തദ്ദേശഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിനായി തദ്ദേശ ഭരണസ്ഥാപന തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യ വേദികള്‍ എല്ലാം തന്നെ പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കണം.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സവിശേഷ ശ്രദ്ധ നല്‍കണം. കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വികസന പരിപാടികള്‍ക്ക് പിന്‍ബലം നല്‍കുന്ന വിധത്തിലാണ് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രാദേശികാസൂത്രണ പ്രക്രിയ നിര്‍വഹിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry; The 14th Five Year Plan will begin on April 1

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.