19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും അതേകുറ്റത്തിന് പിടിയിൽ

Janayugom Webdesk
പന്തളം
October 17, 2022 4:08 pm

ഫേസ്ബുക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വശീകരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ രാധാകൃഷ്ണന്റെ മകൻ കണ്ണൻ എന്നുവിളിക്കുന്ന ലാലുകൃഷ്ണനാ(23)ണ് പന്തളം പോലീസിന്റെ പിടിയിലായത്. കുരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് നിരന്തരം വിളിക്കുകയും വശീകരിച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം, വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്. ഈമാസം 11 ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മൂന്ന് ദിവസം കഴിഞ്ഞ് 14 ന് മകളെ കാണാനില്ലെന്ന് മാതാവ് പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതുപ്രകാരം പോലീസ് കേസെടുത്ത് എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു. ഒരു നമ്പറിൽ നിന്നും തുടരെ പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് പോലീസ് സംഘം, ആ നമ്പറിലുള്ള സിം കാർഡിന്റെ വിലാസം മനസ്സിലാക്കുകയും, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് കായംകുളം ഒന്നാം കുറ്റി പെരിങ്ങാല സ്വദേശി ലാലു കൃഷ്ണയിലേക്ക് എത്തിയത്. അന്നുതന്നെ പിങ്ക് പോലീസ് പട്രോളിങ് സംഘത്തിലെ പോലീസുദ്യോഗസ്ഥരായ ധന്യ, ആനിതോമസ് എന്നിവർ, എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ കുട്ടിയുടെ അമ്മയുമായി സ്ഥലത്തെത്തി അന്വേഷിച്ചു. യുവാവിന്റെ ഇവിടുത്തെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തി, കുട്ടിയെ അമ്മയ്ക്കൊപ്പം കൂട്ടിക്കൊണ്ടുവന്നു. യുവാവിനെ സ്റ്റേഷനിൽ പാർപ്പിച്ച് വിശദമായി ചോദ്യം ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നിരന്തരം വിളിക്കുകയും, പിന്നീട് വിവാഹം കഴിക്കാമെന്ന് വാക്കു നൽകുകയും നേരിൽ കാണുകയും ചെയ്തുവെന്നും, തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കി പന്തളം സ്വകാര്യ ബസ് സ്റ്റാന്റിലെത്തിച്ച് നിർബന്ധിച്ച് ബസ്സിൽ കയറ്റി വീട്ടിൽ കൊണ്ടുപോയെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് സ്വന്തം വീട്ടിൽ വച്ചും അടുത്ത ദിവസങ്ങളിൽ കൂട്ടുകാരുടെ വീടുകളിൽ എത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു.
തിരിച്ച് 14 ന് സ്വന്തം വീട്ടിലെത്തിയ ഇരുവരെയും ഉച്ചയായപ്പോൾ പോലീസ് എത്തി പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം, 15 ന് പെൺകുട്ടിയുടെ മൊഴി തിരുവല്ല ജെ എഫ് എഫ് കോടതിയിൽ ഹാജരാക്കി രേഖപ്പെടുത്തുകയും, വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇരുവരുടെയും മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച പോലീസ് സംഘം, പ്രതിയുടെ വൈദ്യപരിശോധനയും മറ്റും നടത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി. മുമ്പ് ഇയാൾ സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായി ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. പന്തളം പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐ നജീബ്, നാദർഷാ, ശരത്, കൃഷ്ണദാസ്, എസ് അൻവർഷാ എന്നിവരുമുണ്ട്. 

Eng­lish Sum­ma­ry: The accused in the case of mole sting a minor girl is again arrest­ed for the same crime

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.