19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 18, 2024
May 14, 2023
February 2, 2023
January 12, 2023
March 7, 2022
March 5, 2022
February 24, 2022
January 20, 2022

രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതികളെ കയറിപ്പിടിക്കും: പ്രതി പിടിയിലായത് ബൈക്ക് മോഡലുകളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവില്‍

Janayugom Webdesk
കഴക്കൂട്ടം
May 14, 2023 9:07 am

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാർക്കിലെ വനിതാ ജീവനക്കാരെ പിറകെയെത്തി കയറി പിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രതി പിടിയിലായി. കാച്ചാണി അയണിക്കാട് വിജി ഭവനിൽ വിഷ്ണു (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. നിരവധി യുവതികൾക്ക് ഇയാളുടെ ആക്രണം നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു മാസം മുൻപ് രാത്രി ഒരു മണിക്ക് ഇൻഫോസിസിന് മുന്നിൽ ഒരു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ കടന്നു പിടിച്ചിരുന്നു കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിവായി യുവതികളെ കടന്നു പിടിച്ചിരുന്നത്. പലരും പൊലീസിൽ പരാതി വിളിച്ചറിയിക്കുമെങ്കിലും തുടർ നടപടികൾക്ക് പോകാറില്ല.
പല സ്ഥലങ്ങളില്‍ നിന്നും പരാതി ഉയർന്നെങ്കിലും ആളെ തിരിച്ചറിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്ത വിധം തിരിച്ചു വച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. യുവതികളെ കടന്നു പിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തെത്തി നമ്പർ പ്ലേറ്റ് തിരികെ വച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. നിരവധി സംഭവങ്ങൾ ഉണ്ടായതോടെ പ്രതി സഞ്ചരിച്ചത് ഹോണ്ട ഡ്രീംസ് ബൈക്കാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ സഹായത്തോടെ ഈ മോഡലിലുള്ള ബൈക്ക് ഉടമകളുടെ വിലാസം ശേഖരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വെള്ളിയാഴ്ച കുളത്തൂർ ഭാഗത്ത് വച്ച് ഇയാൾ ഒരു യുവതിയെ കടന്നു പിടിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച ശേഷം തുമ്പ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: The accused in woman harass­ing case was caught after an inves­ti­ga­tion through bike models

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.