9 December 2025, Tuesday

Related news

December 8, 2025
November 16, 2025
November 15, 2025
November 14, 2025
November 8, 2025
October 30, 2025
October 23, 2025
October 12, 2025
July 6, 2025
July 4, 2025

ആകാശ യുദ്ധം തുടരുന്നു; വ്യോമ പ്രതിരോധം മറികടന്ന് ഇറാന്റെ ഡ്രോണ്‍ ആക്രമണം

Janayugom Webdesk
ടെഹ്റാന്‍/ടെല്‍ അവീവ്
June 21, 2025 11:16 pm

ഇറാന്‍ — ഇസ്രയേല്‍ സംഘര്‍ഷം ഒമ്പതാം ദിവസവും തുടരുന്നു. ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കി. ഇറാനില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 30ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് മൂന്നിന്റെ 18-ാം ഘട്ടത്തില്‍ ഡ്രോണുകളായിരുന്നു ഇറാന്റെ പ്രധാന ആയുധം. ഇസ്രയേലി വ്യോമ പ്രതിരോധം മറികടന്ന് ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു. ബെന്‍ ഗുരിയണ്‍ വിമാനത്താവളം, ഹൈഫ, ടെല്‍ അവീവ്, ബീര്‍ഷേബ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇസ്രയേല്‍ അറിയിച്ചു.

ഇറാനിലെ ടെഹ്‌റാന്‍, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ ആക്രമണം നടത്തി. എട്ടുദിവസം കൊണ്ട് ആയിരത്തിലേറെ ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേനാ മേധാവി മാധ്യമങ്ങളെ അറിയിച്ചു. ഖുദ്‌സ് ഫോഴ്‌സിന്റെ കോംബാറ്റ് വെഹിക്കിൾ ട്രാൻസ്‌പോർട്ട് യൂണിറ്റിന്റെ കമാൻഡറായ ബെഹ്‌നാം ഷഹ്‌രിയാരിയെ വധിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു. രണ്ടുദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ കമാൻഡറാണ് ഷഹ്‌രിയാരി. നേരത്തെ മുതിർന്ന ഐആർജി കമാൻഡറായ സയ്യിദ് ഇസാദിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് അവകാശപ്പെട്ടിരുന്നു. 

ക്വോമില്‍ ആള്‍ത്താമസമുള്ള കെട്ടിടത്തില്‍ ഇസ്രയേലിന്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഖോറമാബാദ് നഗരത്തെ ലക്ഷ്യമിട്ടുള്ള ഇസ്രയേലി ആക്രമണങ്ങളിൽ അഞ്ച് ഐആര്‍സിജി സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്ഫഹാൻ ആണവനിലയത്തിന് നേരെയും തുടര്‍ച്ചയായി ഇസ്രയേല്‍ അക്രമണം നടത്തിവരികയാണ്. യുറേനിയം പരിവർത്തന സൗകര്യവും ആണവ ഇന്ധന നിർമ്മാണ പ്ലാന്റും സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ, ഇറാന്റെ ആണവ പദ്ധതിയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ മുൻനിർത്തി ജനങ്ങളെ പ്രദേശത്തുനിന്നും മാറ്റിയിട്ടുണ്ട്. എട്ട് ദിവസത്തിനിടെ 430 സാധാരണക്കാർ കൊല്ലപ്പെടുകയും 3,500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലി ജാഫരിയൻ പറഞ്ഞു. അതേസമയം ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അണുവികിരണത്തിന് കാരണമാകുമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മുന്നറിയിപ്പ് നല്‍കി. നിലവില്‍ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഐഎഇഎ തലവന്‍ റഫാല്‍ ഗ്രോസി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.