തുടർച്ചയായുള്ള കാലാവസ്ഥാ വ്യതയാനം കാർഷിക രംഗത്തെ പുരോഗതിക്ക് വിലങ്ങുതടിയാകുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷം ഉല്പാദനം കൂടുന്നുണ്ടെങ്കിലും അതെല്ലാം യഥാസമയം വിളവെടുത്ത് ഉപയോഗിക്കാൻ ഇന്നത്തെ സാഹചര്യം കർഷകരെ അനുവദിക്കുന്നില്ല. ഇതാണ് കേരളത്തിലെ കാർഷിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. നെല്ല് ഉല്പാദനം അടക്കമുള്ള വിളകളുടെ കണക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. കുട്ടനാട്ടിൽ ശരാശരി ആറ് ടണ്ണിന് മുകളിൽ നെല്ല് ഓരോ വർഷവും വിളവ് ലഭിക്കുന്നുണ്ട്. ഉല്പാദനം കൂടുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കർഷകരുടെ അധ്വാനം നിഷ്ഫലമാവുകയാണ്. സമയബന്ധിതമായി കൊയ്ത് പൂർത്തിയാക്കാൻ കാലാവസ്ഥ കർഷകരെ അനുവദിക്കുന്നില്ല. കുട്ടനാട്ടിൽ 2017ൽ 12 ശതമാനം മാത്രമായിരുന്നു നെല്ല് കൊയ്യാനാകാതെ നഷ്ടം സംഭവിച്ചത്.
എന്നാൽ 2018ലെ മഹാപ്രളയത്തിൽ ഒരു ശതമാനം പോലും കൊയ്യാൻ കഴിയാതെ പൂർണമായും നശിച്ചു. അന്ന് 3000 കോടിയായിരുന്നു ആലപ്പുഴയിലെ നഷ്ടം. കേന്ദ്ര സർക്കാരിന്റെ അശാസ്ത്രീയമായ മാനദണ്ഡങ്ങൾ കാരണം കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം നൽകുന്നതിന് പോലും കഴിഞ്ഞില്ല. എന്നാൽ സംസ്ഥാന സർക്കാർ കർഷകരെ കൈവിടാതെ ഈ പ്രതിസന്ധിയിലും ചേർത്ത് പിടിച്ചതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. 2019ലും കർഷകരെ വീണ്ടും കാലാവസ്ഥ ചതിച്ചു. ഈ സമയത്ത് 23 ശതമാനമായിരുന്നു വിളനഷ്ടം. 2021ൽ തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇടയിൽ ഇതുവരെ 42.4 ശതമാനം വിളവാണ് നശിച്ചത്. രണ്ടാം കൃഷി വിളവെടുപ്പ് പാതിപോലും സ്വന്തമാക്കാൻ കർഷകർക്കായില്ല. ഇത് 80 ശതമാനത്തിലേക്ക് എത്തുമെന്നാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്.
ആകെ 5000 ഹെക്ടറിന് മുകളിലാണ് ഇത്തവണ രണ്ടാം കൃഷി വിളവെടുക്കേണ്ടത്. അതിൽ 2000 ഹെക്ടർ പോലും പൂർത്തിയാക്കാൻ മഴ അനുവദിച്ചിട്ടില്ല. വിളവെടുപ്പ് പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെ പുഞ്ചകൃഷി നടത്തേണ്ട സമയവും അതിക്രമിച്ചു. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പും ഗവേഷകർ നൽകിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു മൺസൂൺ മഴ ലഭിച്ചിരുന്നത്. അത് കാലം തെറ്റി ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെ എത്തി. ഈ കാലയളവിൽ എട്ട് തവണയാണ് കുട്ടനാടിലെ കാർഷിക ഉല്പാദന മേഖലകൾ അടക്കം വെള്ളത്തിൽ മുങ്ങിയത്. കാർഷിക കലണ്ടറിനെ ആശ്രയിച്ചാണ് കുട്ടനാട്ടിൽ കൃഷി നടക്കുന്നത്. എന്നാൽ കാലാവസ്ഥയിലെ പുതിയ മാറ്റം അനുസരിച്ച് കാർഷിക കലണ്ടര്‍ കാലോചിതമായി പരിഷ്ക്കരിക്കേണ്ടി വന്നിരിക്കുകയാണെന്ന് കുട്ടനാട് കായൽ നെൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ പറഞ്ഞു.
ENGLISH SUMMARY:The agricultural sector is being shaken by climate change
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.