19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 11, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 26, 2024

ഇന്ത്യയെ ശക്തിപ്പെടുത്തുക ലക്ഷ്യം

സത്യന്‍ മൊകേരി
വിശകലനം
August 23, 2023 4:30 am

2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ ഭരണഘടനയ്ക്കും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും എതിരായി ശക്തമായ ആക്രമണമാണ് തുടങ്ങിയത്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി കരുനീക്കങ്ങള്‍ ആരംഭിച്ചു. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണനടപടികള്‍ രാജ്യത്ത് വിവിധ വിഭാഗം ജനങ്ങളില്‍ ശക്തമായ അതൃപ്തിയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നടപടികളും മൂലധനശക്തികളുമായുള്ള ചങ്ങാത്തവും സാമ്രാജ്യത്വശക്തികളെ പ്രീണിപ്പിക്കുന്ന നടപടികളും ജനത്തെ രോഷാകുലരാക്കിയിരുന്നു. തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, ആദിവാസി ഗോത്രസമുദായങ്ങള്‍ തുടങ്ങി പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ രണ്ടാം യുപിഎ പൂര്‍ണമായും അവഗണിച്ചു. അതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിജെപിക്കും അവരുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന വാഗ്ദാനമാണ് ജനങ്ങളുടെ മുന്നില്‍ ബിജെപി ഉയര്‍ത്തിയത്. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തിലൂടെ തങ്ങളുടെ പ്രചാരണം ജനങ്ങളില്‍ എത്തിച്ചു. 2014ല്‍ 31 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമാണ് നരേന്ദ്രമോഡിയെ പിന്തുണച്ചത്. എന്നിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വാഗ്ദാനങ്ങള്‍ അവഗണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയി. 2015 മാര്‍ച്ചില്‍ പുതുച്ചേരിയില്‍ ചേര്‍ന്ന സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത് ഇപ്രകാരമാണ്: ‘രാഷ്ട്രീയവും സാമ്പത്തികവുമായി വലതുപക്ഷ ദിശയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ സന്ദര്‍ഭമാണിത്. നമ്മുടെ സാമ്പത്തിക പരമാധികാരത്തിനും മതേതര ജനാധിപത്യ പാര്‍ലമെന്ററി സമ്പ്രദായത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ന്നിരിക്കുന്നു.’ കോര്‍പറേറ്റ് താല്പര്യങ്ങളും തീവ്രമായ ഭൂരിപക്ഷ വര്‍ഗീയതയും ഫാസിസ്റ്റ് പ്രവണതയും ചേര്‍ന്ന വലതുപക്ഷ പ്രതിലോമ ആദര്‍ശങ്ങളുടെ സമ്മിശ്ര പ്രത്യയശാസ്ത്രത്തെയാണ് മോഡി സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന സിപിഐയുടെ നിലപാടിനെ ഇടതുപക്ഷത്തുനിന്നുള്ള സുഹൃത്തുക്കള്‍പോലും അന്ന് വിമര്‍ശിച്ചു. ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അതിശയോക്തിയോടെയാണ് കാണുന്നതെന്ന വിമര്‍ശനം ഉയര്‍ത്തി.


ഇതുകൂടി വായിക്കൂ: രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ വളരുന്നു


2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുരാഷ്ട്ര നിര്‍മ്മിതി എന്ന ലക്ഷ്യത്തിലാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കങ്ങള്‍ മോഡി ആരംഭിച്ചത്. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളായി വഴിവിട്ട ചങ്ങാത്തം സ്ഥാപിക്കാന്‍ വ്യഗ്രത കാണിച്ചു. പലസ്തീന്റെ ന്യായമായ അവകാശങ്ങളെ അവഗണിച്ച് ഇസ്രയേലിന് സര്‍വ പിന്തുണയും നല്‍കി. ലോകത്തെ മുതലാളിത്തരാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പൊതുമേഖലയുള്ള രാജ്യമാണ് ഇന്ത്യ. അടിസ്ഥാന വ്യവസായ മേഖലകളിലും ധനകാര്യമേഖലയിലും പൊതുമേഖലയാണ് നേതൃത്വം നല്‍കുന്നത്. എണ്ണ, പ്രകൃതിവാതകം, ബാങ്കിങ്, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, രാജ്യരക്ഷാ മേഖലയിലെ വ്യവസായം, ഇൻഷുറന്‍സ് തുടങ്ങി പ്രധാന മേഖലകളെല്ലാം പൊതുമേഖലയിലാണ്. അതെല്ലാം ആഗോള‑ദേശീയ മൂലധനശക്തികള്‍ക്ക് കൈമാറാന്‍ നടപടികള്‍ സ്വീകരിച്ചു. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ആ അജണ്ട പൂര്‍ണമായും നടപ്പിലാക്കുകയായിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും അവഗണിച്ചു.
കാര്‍ഷിക‑വ്യാവസായിക മേഖല മൂലധനശക്തികള്‍‍ക്ക് കൈമാറാനുള്ള നടപടികള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് വളര്‍ന്നുവന്നത്. ദരിദ്ര, ഇടത്തരം, ധനിക, അതിധനിക കര്‍ഷകര്‍ അവര്‍ക്കിടയിലെ ഭിന്നത മറന്ന് പൊതുശത്രുവിനെതിരായി ഒന്നിച്ചു. സംയുക്ത കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരം അതാണ് വ്യക്തമാക്കുന്നത്. കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിനെയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ കീഴടങ്ങി കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കാന്‍ നരേന്ദ്രമോഡി നിര്‍ബന്ധിക്കപ്പെട്ടു. നിയമം പിന്‍വലിക്കുമ്പോള്‍‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്താത്തതില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്.
വ്യവസായിക‑തൊഴില്‍ മേഖലകളില്‍ ആഗോള‑തദ്ദേശ ധനമൂലധനശക്തികളുടെ താല്പര്യത്തിനനുസൃതമായി നടപ്പിലാക്കുന്ന നയങ്ങള്‍, നാമമാത്ര, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പൂര്‍ണമായി തകര്‍ക്കുകയാണ്. തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ എല്ലാം ഇല്ലാതാകുന്നു. 1920ല്‍ എഐടിയുസി രൂപീകൃതമായ കാലം മുതല്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് ഇല്ലാതാകുന്നത്. തൊഴിലാളി അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ ഇല്ലാതാക്കി തൊഴില്‍ കോഡ് കൊണ്ടുവന്നു. സ്ഥിരം തൊഴില്‍, സംഘടിക്കുവാനും ആനുകൂല്യം ചോക്കാനും തൊഴിലാളിക്കുള്ള അവകാശം എന്നിവ ഇല്ലാത്ത വിധമാണ് തൊഴില്‍ കോഡുകള്‍. ഇതിനെതിരായി തൊഴിലാളി‍കള്‍ സമരരംഗത്താണ്. തൊഴിലാളികളും കൃഷിക്കാരും ഒരുമിച്ച് പ്രക്ഷോഭം തുടരുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഏകീകൃത വ്യക്തിനിയമത്തിന് പിന്നിൽ ദുഷ്ടലാക്ക് മാത്രം


സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകത്തൊഴിലാളികള്‍, ആദിവാസി, ഗോത്രസമൂഹങ്ങള്‍, ബുദ്ധിജീവികള്‍, സേവനമേഖലയില്‍ ജോലി ചെയ്യുന്നവര്‍, റിട്ടയര്‍ ചെയ്തവര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക‑കലാരംഗത്തുള്ളവര്‍ എല്ലാം സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് തെരുവില്‍ ഇറങ്ങുന്നതാണ് ഇന്നത്തെ ഇന്ത്യ. ചോദ്യം ചെയ്യുന്നവരുടെ ശബ്ദം ഇല്ലാതാകുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി നിരവധിപേരെ ജയിലില്‍ അടച്ചു. ഭരണകൂട ഭീകരത സൃഷ്ടിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന് സംഘ്പരിവാര്‍ നേതൃത്വമായ ആര്‍എസ്എസിന് മനസിലാക്കിയിട്ടുണ്ട്. ഒന്നിച്ചു നില്‍ക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുവരുത്താം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതിനായി രാജ്യത്തെ പരുവപ്പെടുത്താനുള്ള നീക്കങ്ങളാണ് ശക്തിപ്പെടുത്തുന്നത്.
രാജ്യത്തിന്റെ ചരിത്രവും സാംസ്കാരവും തിരുത്തി, ഹിന്ദുത്വ രാഷ്ട്രമായി രൂപപ്പെടുത്താനുള്ള നീക്കമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഹിന്ദു — മുസ്ലിം സംഘര്‍ഷം ശക്തിപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് പ്രാവര്‍ത്തികമാക്കുകയാണ്. അയോധ്യയിലെ ബാബറി പള്ളി തകര്‍ത്ത് രാമക്ഷേത്രം പണിയുന്നതിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുത്വ വികാരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഹരിയാനയിലെ നൂഹില്‍ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണം അതാണ് വ്യക്തമാക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളും തകര്‍ത്തു. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് നടപ്പിലാക്കിയ ബുള്‍ഡോസര്‍ നിരത്തല്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണ് ഇതിന്റെ ലക്ഷ്യം. ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനെതിരായി ശക്തമായി പരാമര്‍ശം നടത്തി. മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനും ഭാഷാപരമായ ധ്രുവീകരണം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. ഹിന്ദി ഭാഷയെ ജനങ്ങളില്‍‍ അടിച്ചേല്പിക്കുന്നു. ഹിന്ദു ഭാഷാ ബോധം ഹിന്ദി ഭാഷ സംസാരിക്കുന്ന വടക്കേ ഇന്ത്യയിലെ ജനങ്ങളില്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു ഭാഷ–ഒരു രാജ്യം എന്ന മുദ്രാവാക്യം അതാണ് ലക്ഷ്യമിടുന്നത്.
മണിപ്പൂരില്‍ നടക്കുന്ന വംശീയ കലാപവും ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ വംശീയമായി ഭിന്നിപ്പിച്ച് അവിടെ ശക്തി ആര്‍ജിക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതി പുതിയ തലമുറയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്‍സിഇആര്‍ടിയുടെ പാഠപുസ്തക പരിഷ്കരണം അതാണ് സൂചിപ്പിക്കുന്നത്. മഹാത്മജിയുടെ വധം സംബന്ധമായ പാഠഭാഗവും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും വിലക്കിയത് അതിനുവേണ്ടിയാണ്. പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതി പുതിയ തലമുറയെ ഹിന്ദുത്വ ആശയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ലക്ഷ്യം വയ്ക്കുന്നത്. പുരാവസ്തു ഗവേഷണ വകുപ്പിനെ ഉപയോഗിച്ച് രാജ്യത്തിന്റെ പൗരാണികമായ ചരിത്രവും സംസ്കാരവും മാറ്റിയെഴുതുകയാണ്. ആര്യസംസ്കാരമാണ് ഇന്ത്യയുടെ പൗരാണിക സംസ്കാരം എന്ന ബോധത്തിലേക്ക് പുതിയ തലമുറയെ നയിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊണ്ടത്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്ക് ആവശ്യമായ സാംസ്കാരിക അടിത്തറ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം.


ഇതുകൂടി വായിക്കൂ: സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യ ഇന്ത്യ


നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയത്തിന് ബദല്‍ ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരുക ളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അധികാരം ഉപയോഗിച്ച് നിശ്ചലമാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച മട്ടാണ്. കേന്ദ്രം നല്‍കേണ്ട ന്യായമായ ജിഎസ്‌ടി വിഹിതവും കേരളത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും തടഞ്ഞുവയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന സംസ്ഥാനത്തിന് വായ്പ പോലും എടുക്കാന്‍ അനുവാദം നല്‍കുന്നില്ല.
കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണ്. കോര്‍പറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ കൂട്ടുപിടിച്ച്, കേന്ദ്ര മന്ത്രിമാര്‍ തന്നെ കേരള സര്‍ക്കാരിനെതിരായി രംഗത്തുവന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരായി ജനങ്ങളെ തിരിച്ചുവിടുക എന്നതാണവരുടെ ലക്ഷ്യം.
തമിഴ്‌നാട്ടിലെ മന്ത്രിയെ ഇ‍ഡിയെ ഉപയോഗിച്ച് കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തതും മഹാരാഷ്ട്രയില്‍ ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തിയതും ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. ഇഡിയെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി കല്‍ത്തുറുങ്കില്‍ അടയ്ക്കുകയും ചെയ്യുന്നു. ലോക്‌സഭയില്‍ നിന്നും രാഹുല്‍ഗാന്ധിയെ പുറത്താക്കിയ നടപടി ഭരണകൂട ഭീകരതയുടെ തെളിവാണ്. പരമോന്നത കോടതി രാഹുല്‍ഗാന്ധി കേസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ കണ്ണുതുറപ്പിക്കുന്നു.
2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ തങ്ങളുടെ അജണ്ട പൂര്‍ണമാക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് മതേതര ജനാധിപത്യ ദേശാഭിമാന‑ഇടതുപക്ഷ കക്ഷികളുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ജൂണ്‍ 23ന് പട്നയില്‍ ചേര്‍ന്ന 15 രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ആ ലക്ഷ്യത്തോടെയുള്ളതായിരുന്നു. പിന്നീട് ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുത്തത്. പ്രസ്തുത യോഗങ്ങളില്‍ സിപിഐ സജീവമായി പങ്കെടുത്തു. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ പാര്‍ട്ടികളും പങ്കെടുത്ത യോഗം വിജയപ്രദമായിരുന്നു. മൂന്നാമത്തെ യോഗം മുംബെെയില്‍ ചേരുന്നതിനും തീരുമാനമായി. ബംഗളൂരുവിലെ യോഗത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ എല്ലാ പാര്‍ട്ടികളും അണിനിരക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ് അഥവാ ഇന്ത്യ എന്ന വിശാലമായ സഖ്യത്തിന് രൂപം നല്‍കി. ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ കൂട്ടായ്മയാണിത്. പാര്‍ലമെന്റിനകത്ത് ‘ഇന്ത്യ’ അലയന്‍സിലെ അംഗങ്ങളുടെ കൂട്ടായ ഇടപെടല്‍ ഏറെ ഫലപ്രദമായിരുന്നു. ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടമ. അത് നിറവേറ്റാന്‍ സിപിഐ അതിന്റെ കഴിവുകള്‍ പരമാവധി ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.