
ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം തനിക്കു മാത്രമല്ല, മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുമുള്ളതാണെന്ന് പുരസ്കാര ജേതാവ് അബ്ദെറഹ്മാൻ സിസാക്കോ. മേളയുടെ സമാപന ചടങ്ങിൽ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ ഒരു മഹത്തായ നിമിഷമാണിത്. മേളയിലേക്ക് ക്ഷണിച്ചതിനും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിനും ഐഎഫ്‌എഫ്‌കെയോട് നന്ദി അറിയിക്കുന്നു. കേരളവും തിരുവനന്തപുരവും സ്നേഹത്താൽ നിറഞ്ഞ സ്ഥലങ്ങളാണ്. സിനിമയിലൂടെ കേരളവുമായി ദീർഘകാലബന്ധം തനിക്കുണ്ട്. ഷാജി എൻ കരുൺ സഹോദരതുല്യനായ വ്യക്തിയാണ്. കേരളത്തിലേക്ക് തന്നെ പരിചയപ്പെടുത്തിയ അദ്ദേഹം ചലച്ചിത്ര മേഖലയിൽ ഒരു സഹോദരനെപ്പോലെയെന്നും
ഒപ്പമുണ്ടായിരുന്നുവെന്നും സിസാക്കോ അനുസ്മരിച്ചു.
ഇന്ത്യയും ആഫ്രിക്കയും തമ്മിൽ വിശാലമായ ബന്ധമുണ്ട്. രണ്ടും വിപുലവും അതീവ പ്രാധാന്യവുമുള്ള സാംസ്കാരിക കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ആഫ്രിക്കയിൽ നിന്നുള്ള ഒരു ചലച്ചിത്രകാരന് ഈ ബഹുമതി ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ വർഷത്തെ മേളയിൽ അദ്ദേഹത്തിന്റെ സിനിമകളായ ലൈഫ് ഓൺ എർത്ത് (1997), കാൻസ് ഫിലിം ഫെസ്റ്റിവലിലെ (2002) ‘അൻ സേർട്ടൻ റിഗാർഡ്’ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച വെയിറ്റിംഗ് ഫോർ ഹാപ്പിനെസ് (2002) , 2006 ലെ കാൻ ഫെസ്റ്റിവലിൽ ചർച്ച ചെയ്യപ്പെട്ട ബമാകോ (2006) , 2014‑ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ “പാം ഡോർ’ നാമനിർദ്ദേശം നേടുകയും ‚മൗറിറ്റാനിയയുടെ ഔദ്യോഗിക എൻട്രിയായി 87-ാം ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നാമനിർദ്ദേശം ലഭിക്കുകയും ചെയ്ത ടിൻബക്തു, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ 74-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാക്ക് ടീ എന്നിവ പ്രദർശിപ്പിച്ചു. ഐഎഫ്എഫ്കെയിൽ ലോക സിനിമയിലെ മഹത്തായ സംഭാവനകൾക്ക് നൽകി വരുന്ന അംഗീകാരമാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.