9 December 2025, Tuesday

Related news

December 7, 2025
December 7, 2025
December 7, 2025
December 1, 2025
December 1, 2025
November 30, 2025
November 27, 2025
November 26, 2025
November 24, 2025
November 23, 2025

എക്കോയ്ക്ക് പിന്നിലെ സൗന്ദര്യം

സി രാജ
December 7, 2025 7:15 am

നുഷ്യനും മൃഗങ്ങളും പ്രകൃതിയും. അവിടെ മറഞ്ഞിരിക്കുന്ന വന്യതയുടെ സൗന്ദര്യം ഭാഷകള്‍ക്കതീതമായി ദൃശ്യചാരുതയിലേക്ക് പകര്‍ന്നെടുക്കുക. മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു യാത്രയും അന്വേഷണവും പ്രേക്ഷകര്‍ക്ക് ഒരിക്കല്‍പോലും സങ്കല്പിക്കാനാവാത്ത ഒരു ക്ലൈമാക്സില്‍ കൊണ്ടെത്തിക്കുക. ക്ലൈമാസ് കണ്ട് കയ്യടിക്കാന്‍ മറന്നുപോകുന്ന പ്രേക്ഷകര്‍, വീണ്ടും വീണ്ടും ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുക. ആദ്യ പത്തുദിവസം കൊണ്ട് 25കോടിയില്‍പരം ഗ്രോസ് കളക്ഷന്‍ നേടി തിയേറ്ററുകള്‍ കീഴടക്കിയ ‘എക്കോ‘യുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ചിത്രകാരനില്‍ നിന്നും സംവിധായകനിലേക്ക്

തലശേരിയിലാണ് വളര്‍ന്നതും പഠിച്ചതുമെല്ലാം. അമ്മ വസന്ത ദിവാകരന്‍ നന്നായി വരയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ സ്കൂള്‍ തലത്തിലും ജില്ലാതലത്തിലുമൊക്കെ ചിത്രരചനയില്‍ പങ്കെടുത്തിരുന്നു. കലയോടുള്ള അഭിനിവേശം കൊണ്ടുതന്നെ ചെന്നൈ ഫൈന്‍ ആര്‍ട്സില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കി. അതിന് ശേഷം ആനിമേഷന്‍ രംഗത്തേക്ക് റിലയന്‍സിന്റെ ബിഗ് ആനിമേഷനില്‍ ജോലിയും ലഭിച്ചു. ആ സമയത്ത് ചെയ്ത ‘ലിറ്റില്‍ കൃഷ്ണ’ നേടി. അപ്പോഴാണ് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഒരു ക്രാഷ് കോഴ്സിന് ചേരുന്നത്. അന്നും സിനിമയുടെ മുഖ്യധാരയിലേക്ക് വരണമെന്ന് തോന്നിയിരുന്നില്ല. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴാണ് ഒരു ആത്മവിശ്വാസമുണ്ടായത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മകന്‍ ജനിച്ച സമയം നല്ലൊരു ജോലി രാജിവച്ചിട്ട് സിനിമാരംഗത്തിറങ്ങുന്നതിന്റെ ആശങ്കയുണ്ടായിരുന്നു എല്ലാവര്‍ക്കും. അച്ഛനും അമ്മയും അനുവദിച്ചത് മൂന്ന് വര്‍ഷമാണ്. ചെന്നൈയില്‍ അവസരം കുറവാണെന്ന് മനസിലാക്കിയ ഞാന്‍ നേരെ എറണാകുളത്തേക്ക് വിട്ടു. ജോലിയില്ലാതെ ചെലവുകള്‍ നടക്കില്ലല്ലോ. അതുകൊണ്ട് എറണാകുളത്തെ ഒരു ആനിമേഷന്‍ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ മൂന്ന് വര്‍ഷം. ആ കമ്പനി സിനിമാരംഗത്തും വിഎഫ്എക്സ് ചെയ്യുന്ന കമ്പനിയായിരുന്നു. അവിടത്തെ സൗഹൃദങ്ങള്‍ കരുത്തായി. സംവിധായകൻ എബ്രിഡ് ഷൈനുമായുള്ള സൗഹൃദം ഒരുപാടുപേരെ പരിചയപ്പെടുന്നതിനിടയാക്കി. ആ സമയത്ത് സനലേഷുമായി ചേര്‍ന്ന് ഒരു കഥയെഴുതി. അതുമായി എബ്രിഡ് ഷൈന്‍ വഴി ദുല്‍ഖറിനടുത്തെത്തി. ഫുട്ബോളുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റായിരുന്നു. യാതൊരു പരിചയവുമില്ലാത്ത എന്നെവച്ച് ഒരു സിനിമ ചെയ്യാന്‍ സ്വാഭാവികമായി ഒരു ധൈര്യക്കുറവുണ്ടാവുമല്ലോ. അതുകൊണ്ട് ആ പ്രോജക്ട് നടന്നില്ല. ഇതേ കഥയുമായി ആസിഫ് അലിയുടെയും അടുത്തെത്തി. നിരാശയായിരുന്നു ഫലം. പക്ഷേ ഈ കാലയളവില്‍ സിനിമകളുടെ വിഎഫ്എക്സ് ചെയ്തുതുടങ്ങിയിരുന്നു. 1983, മങ്കിപെന്‍, ആട്, ഡബിള്‍ബാരല്‍, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി നിരവധി സിനിമകളില്‍ വിഎഫ്എക്സ് ചെയ്തു. അങ്ങനെ മുന്നോട്ടു പോകവെയാണ് 2016ല്‍ ആസിഫിനോട് ‘കക്ഷി അമ്മിണിപ്പിള്ള’യുടെ കഥ പറയുന്നത്. 2018 ഷൂട്ട് തുടങ്ങി. അങ്ങനെ ആദ്യ സിനിമ 2019ല്‍ റിലീസായി.

ബാഹുല്‍ രമേശുമൊത്ത്

‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ഒരു ക്യാമറാമാനെ തേടുമ്പോഴാണ് ബാഹുല്‍ രമേശിനെ കണ്ടുമുട്ടുന്നത്. നമ്മുടെ വൈബിന് പറ്റിയ ആള്‍. ഒതുക്കമുള്ള ക്യാമറാമാന്‍, അടുത്തപ്പോള്‍ ഒരേ വേവ് ലെങ്ത്, ഒരേ അഭിരുചികള്‍. ആ ബന്ധം അങ്ങനെ ദൃഢമാവുകയായിരുന്നു. 2019ല്‍ ലോക്‌ഡൗണ്‍ കാലത്താണ് ‘കിഷ്കിന്ധാകാണ്ഡം’ ബാഹുല്‍ രമേശ് എഴുതി തുടങ്ങുന്നത്. രണ്ടു മൂന്നു വര്‍ഷത്തിലേറെ ആ പ്രൊജ്ക്ട് നീണ്ടുപോയി. ‘കിഷ്കിന്ധകാണ്ഡം’ എഴുതുന്നതിനിടെ തന്നെയാണ് ബാഹുല്‍ ‘എക്കോ‘യിലേക്കും കടക്കുന്നത്. ആദ്യം താരമൂല്യമുള്ള ആര്‍ട്ടിസ്റ്റുകളെ വച്ച് ചെയ്താലോ എന്ന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ ‘കിഷ്കിന്ധാകാണ്ഡം’ റിലീസായി പടം വിജയിച്ചതോടെ ആത്മവിശ്വാസമായി. സന്ദീപ് പ്രദീപിലേക്കെത്തുന്നത് അങ്ങനെയാണ്. സന്ദീപ് ‘ഫാലിമി’ ചെയ്ത സമയം. സന്ദീപിന്റെ ‘പടക്കള’വും ‘ജിംഖാന’യുമൊന്നും അന്ന് ഇറങ്ങിയിട്ടില്ല. വലിയ താരമൂല്യമില്ലാതെ തന്നെ ഈ സിനിമ വിജയിപ്പിക്കാമെന്ന് ഒരു ധൈര്യമുണ്ടായിരുന്നു. കുടുംബസുഹൃത്തായ എം ആര്‍ കെ ജയറാം നിര്‍മ്മാണം നിര്‍വഹിക്കാമെന്നു കൂടി ഏറ്റതോടെ കൂടുതല്‍ ആത്മവിശ്വാസമായി. നിര്‍മ്മാണരംഗത്ത് പുതുമുഖമായ അദ്ദേഹം പുലര്‍ത്തിയ സൗഹൃദവും വിശ്വാസവും നല്‍കിയ സ്വാതന്ത്ര്യവും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി.

മ്ലാത്തി ചേട്ടത്തിയായി ബിയാന മോമിന്‍

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് മ്ലാത്തി ചേട്ടത്തി. മലേഷ്യയില്‍ നിന്നെത്തിയ മ്ലാത്തി ചേട്ടത്തിയുടെ വേഷത്തിന് ആളെ അന്വേഷിക്കുമ്പോഴാണ് ‘ഉള്ളൊഴുക്കി‘ന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി ബിയാന മോമിന്റെ പടം അയച്ചുതരുന്നത്. ക്രിസ്റ്റോ കല്‍ക്കത്തയിലാണ് പഠിച്ചത്. അവിടെയുള്ള ഒരു സുഹൃത്തിന്റെ റഫറന്‍സാണ് ചേട്ടത്തിയിലേക്കെത്തുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചശേഷം മേഘാലയില്‍ രണ്ട് സ്കൂള്‍ നടത്തുകയാണ് ബിയാന മോമിന്‍. ടീച്ചര്‍ അഭിനേത്രിയൊന്നുമല്ല. ഒരു ഷോട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. അത് അന്ന് ഇറങ്ങിയിരുന്നുമില്ല. ഞങ്ങള്‍ ഓഡിഷനായി നാഗാലാന്‍ഡിലേക്ക് പുറപ്പെട്ടു. അവിടെവച്ചാണ് ടീച്ചറെ നേരില്‍ കാണുന്നത്. ടീച്ചര്‍ക്ക് ഇംഗ്ലീഷ് നന്നായറിയാം. ഷൂട്ടിങ്ങിന് മുമ്പ് ലിപ്സ് മൂവ്മെന്റ് ശരിയാക്കാന്‍ അജ്ഞലി സത്യനാഥ് ഒരു മാസം പരിശീലനം നല്‍കിയിരുന്നു.

കുര്യച്ചനായി സൗരഭ് സച്ച്ദേവ

വളരെ റഫായ, ഒട്ടനവധി നിഗൂഢതകള്‍ പേറുന്ന, കുര്യച്ചനായി മലയാളികള്‍ക്ക് പരിചിതനല്ലാത്ത ഒരു നടന്‍ വേണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. മലയാളി നടന്മാരായാലും പരിചിതരായാലും ഒരു ‘ഫ്രെഷ്നെസ്’ കിട്ടില്ല. കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മനസില്‍ ഒരു മുന്‍വിധിയുണ്ടാകും. അതുകൊണ്ടാണ് ആക്ടിങ് കോച്ചു കൂടിയായ സൗരഭ് സച്ച്ദേവയിലേക്കെത്തുന്നത്.

നായ്ക്കള്‍ പ്രധാന കഥാപാത്രങ്ങളാവുമ്പോള്‍

മലേഷ്യയില്‍ നിന്നുള്ള ഒരു ബ്രീഡിനെ ചുറ്റിപ്പറ്റി കൂടിയാണ് സിനിമ വികസിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മലേഷ്യൻ നായ്ക്കളുമായി സാദൃശ്യമുള്ള ഒരു പ്രത്യേക ഇനം, പ്രത്യേക നിറമുള്ള നായ്ക്കള്‍ അനിവാര്യമായിത്തീര്‍ന്നു. പലയിടത്തും അന്വേഷിച്ചു. തിരുവനന്തപുരത്തുള്ള ഡോഗ് ട്രെയിനറായ ജിജീഷാണ് ആ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കിയത്. തമിഴ്‌നാട്ടിലെ ഒരു സ്ഥലത്തുനിന്നും 40 നായ്ക്കളെ തെരഞ്ഞെടുത്തു. നാടന്‍ സ്വഭാവമുള്ള നായ്ക്കള്‍ പെട്ടെന്ന് ഇണങ്ങില്ല. അതുകൊണ്ടുതന്നെ ഒന്നരവയസില്‍ താഴെയുള്ള പത്തെണ്ണത്തിനെ അതില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ഇവയെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് ഒന്നരമാസം പരിശീലനം നല്‍കി. ജിജീഷിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നായ്ക്കളുടെ സീനുകള്‍‍ പകര്‍ത്തിയത്.

ലൊക്കേഷന്‍

ഇടുക്കിയിലെ കാഞ്ഞാര്‍ കുളമാവ് പ്രദേശത്തായിരുന്നു ഷൂട്ടിങ്. അധികമാരും പ്രയോജനപ്പെടുത്താത്ത സ്ഥലം. വരള്‍ച്ചയുള്ള ഒരു പ്രദേശത്തെ മനസില്‍ കണ്ടാണ് ഷൂട്ട് തുടങ്ങിയത്. എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ കാര്യങ്ങളാകെ മാറി. മഴയും ശക്തിയായ കാറ്റും. മലമുകളിലെ വീടൊക്കെ കലാസംവിധായകന്‍ സജിത്ത് താമരശേരി ഒരുക്കിയതാണ്. വീടിന്റെ മേല്‍ക്കൂര വരെ പറന്നുപോകുമെന്ന് തോന്നിയ കാറ്റായിരുന്നു പലപ്പോഴും. പക്ഷേ, മഴയും കാറ്റും എല്ലാം ചിത്രത്തിന് അനുഗ്രഹമായി എന്ന് പിന്നീട് തോന്നി.

സിനിമയുടെ വിജയത്തിലും ഒരു നൊമ്പരം

അച്ഛനായിരുന്നു എല്ലാം. അച്ഛന്‍ ദിവാകരന്‍ അയ്യത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. എന്റെ എല്ലാ സിനിമയുടെയും പ്രൊമോഷനില്‍ അച്ഛന്റെ കയ്യൊപ്പുണ്ടാകും. എന്റെ മൂന്നു സിനിമകളിലും ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. കിഷ്കിന്ധാകാണ്ഡത്തില്‍ അപര്‍ണാ ബാലമുരളിയുടെ അച്ഛന്റെ വേഷമായിരുന്നു. എക്കോയില്‍ പിയൂസിന് റേഷന്‍ കടയില്‍ മണ്ണെണ്ണ ഒഴിച്ചുകൊടുക്കുന്ന കഥാപാത്രമായിട്ടാണ്. ഒരു മാസം മുമ്പാണ് അച്ഛന്‍ മരിച്ചത്. എക്കോ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നതും അച്ഛനായേനെ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.