5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 6, 2024
September 22, 2024
September 18, 2024
September 17, 2024
September 16, 2024
September 9, 2024
August 31, 2024
August 11, 2024
August 10, 2024

നാവുകള്‍ പിഴുതെടുക്കുന്ന കറുത്തകാലം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
October 6, 2023 4:15 am

“ഭയകൗടില്യ ലോഭങ്ങള്‍
വളര്‍ക്കില്ലൊരു നാടിനെ”

എന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. 1906ല്‍ ‘സ്വദേശാഭിമാനി’ പത്രാധിപരായ അദ്ദേഹം ദിവാന്‍ ഭരണത്തിനും രാജവാഴ്ചയുടെ നെറികേടുകള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ചുവെന്ന കാരണത്താല്‍ 1910 സെപ്റ്റംബര്‍ 26ന് തിരുനെല്‍വേലിയിലേക്ക് നാടുകടത്തപ്പെട്ടു. പക്ഷേ, ആ തൂലിക നിശബ്ദമായില്ല. നിര്‍ഭയ പത്ര പ്രവര്‍ത്തനത്തിന്റെ അടയാളപത്രമായി അന്ത്യം വരെ അദ്ദേഹം നിലകൊണ്ടു. പത്രപ്രവര്‍ത്തനത്തിലെ ആത്മാഭിമാനത്തിന്റെ സ്വരമുദ്ര സ്വദേശാഭിമാനിയെന്ന പദത്തില്‍ തന്നെ ധ്വനിക്കുന്നുണ്ട്. വര്‍ത്തമാനകാലം ഇന്ത്യയില്‍ പുതിയ സ്വദേശാഭിമാനികളുടെ അനിവാര്യത ആവശ്യപ്പെടുന്നു.
സംഘ്പരിവാര വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം നാടുകടത്തപ്പെടുന്നു. വിമത ശബ്ദങ്ങളെ, വിമര്‍ശനങ്ങളെ, എതിര്‍സ്വരങ്ങളെ ഫാസിസ്റ്റ് ഭരണാധികാരികള്‍ കൊലപ്പെടുത്തുകയോ വിലങ്ങുവച്ച് കാരാഗൃഹത്തിലടയ്ക്കുകയോ ചെയ്യും. നരേന്ദ്ര മോഡിയുടെ അര്‍ധ ഫാസിസ്റ്റ് വാഴ്ചയില്‍ നിന്ന് പൂര്‍ണ ഫാസിസത്തിലേക്കുള്ള യാത്രയില്‍ അതിന്റെ കറുത്ത അടയാളങ്ങള്‍ അനവധി. ഭാരതീയ സാഹിത്യത്തില്‍ സുവര്‍ണകാന്തി പരത്തിയ നരേന്ദ്ര ധബോല്‍ക്കറെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മതനിരപേക്ഷവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയെയും കന്നഡ സാഹിത്യത്തില്‍ വെള്ളിവെളിച്ചം വിതറിയ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരീലങ്കേഷിനെയും വെടിയുണ്ടകള്‍ക്കിരയാക്കി. ഭരണകൂട തേര്‍വാഴ്ചകള്‍ക്കെതിരെ, ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ, ഭരണഘടനാ അട്ടിമറിക്കെതിരെ, ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്നതില്‍ അഭിരമിക്കുകയാണ് സംഘ്പരിവാര ഭരണകൂടം.


ഇതുകൂടി വായിക്കൂ: പ്രതീക്ഷകളുടെ മാധ്യമനാളുകൾ


ജനാധിപത്യ വ്യവസ്ഥിതിയിലെ നാലാം തൂണ്‍ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയും ജുഡീഷ്യറിയില്‍ കടന്നുകയറ്റം നടത്തുകയും എക്സിക്യൂട്ടീവിനെ അടിമത്തത്തിലാക്കുകയും ചെയ്തവര്‍ മാധ്യമ സ്വാതന്ത്ര്യത്തെയും കയ്യാമംവയ്ക്കുന്നു. തങ്ങള്‍ക്കെതിരെ മിണ്ടിയാല്‍ ആ നാവുകള്‍ പിഴുതെടുക്കും എന്ന അജണ്ടയുടെ ഭാഗമായി ഏറ്റവും ഒടുവില്‍ കടന്നാക്രമിച്ചത് ‘ന്യൂസ് ക്ലിക്ക്’ എന്ന മാധ്യമസ്ഥാപനത്തെയാണ്. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലേക്ക് ഗുണ്ടകളെപ്പോലെ പൊലീസ് കടന്നുകയറി ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുന്നു. അവരെ കസ്റ്റഡിയിലെടുക്കുന്നു, യുഎപിഎ നിയമം ചുമത്തുന്നു. തങ്ങളെ വിമര്‍ശിച്ചാല്‍ ഇതായിരിക്കും അനുഭവം എന്ന സന്ദേശമാണ് മാധ്യമലോകത്തിനാകെ സംഘ്പരിവാര ഫാസിസ്റ്റ് ഭരണകൂടം നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര ഭരണകൂടത്തിന്റെ വീഴ്ച തുറന്നുകാട്ടിയതും ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിലെ മൗലികമായ മുദ്രാവാക്യങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ബാഗിലുള്‍പ്പെടെ നടന്ന ജനാധിപത്യാവകാശ സംരക്ഷണസമരവും ജനസമക്ഷം അവതരിപ്പിച്ചതാണ് ന്യൂസ് ക്ലിക്ക് ചെയ്ത അപരാധം. പത്രാധിപര്‍ പ്രബീര്‍ പുര്‍കായസ്ത, അഡ്മിനിസ്ട്രേറ്റര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്യുകയും ന്യൂസ് ക്ലിക്ക് ഓഫിസ് താഴിട്ടു ബന്ധിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: മാധ്യമനിയന്ത്രണത്തിന് ബിജെപിയുടെ പുതിയ തന്ത്രം


മാധ്യമ ലോകത്തിലെ ഫാസിസ്റ്റ് തേര്‍വാഴ്ച ബിജെപി ഭരണത്തില്‍ ഇതാദ്യമല്ല. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ 2002ല്‍ നടന്ന വംശഹത്യാ പരീക്ഷണത്തെക്കുറിച്ച് ‘ഇന്ത്യ- ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയെ ഇന്ത്യയില്‍ വിലക്കുകയും സംപ്രേഷണം ചെയ്ത ബിബിസിയുടെ ഓഫിസുകള്‍ റെയ്ഡ് ചെയ്യുകയും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ അധികാരവേട്ടയ്ക്കും അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് നടപടികള്‍ക്കുമെതിരെ ശബ്ദിക്കുന്ന ‘ദി വയര്‍’, ‘ദി സ്ക്രോള്‍’, ‘ഭാരത് സമാചാര്‍’, ‘ന്യൂസ് ലോണ്‍ഡ്രി’, ‘ദൈനിക് ഭാസ്കര്‍’ തുടങ്ങി നിരവധി സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ വഴി വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ 54 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മോഡി സര്‍ക്കാരിനു കീഴില്‍ 180 രാഷ്ട്രങ്ങളുടെ മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ നിലംപതിച്ചു. മാധ്യമങ്ങളെ മാത്രമല്ല വിലങ്ങുവയ്ക്കുന്നത്. വിമത സ്വരം ഉയര്‍ത്തുന്ന, വര്‍ഗീയതയ്ക്കും ഏകമത മേധാവിത്തത്തിനുമെതിരെ കലഹിക്കുന്ന എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും വേട്ടയാടി അമര്‍ച്ച ചെയ്യാന്‍ അതിഗൂഢ അജണ്ടകളുമായി യത്നിക്കുന്നു.
ഉണരുവിന്‍, ശബ്ദിപ്പിന്‍ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ എന്ന് കാലം ആവശ്യപ്പെടുന്നു. നാവരിയാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയരണം. തൂലികകളെ വലിച്ചെറിയുവാന്‍ നീചബുദ്ധിയോടെ ശ്രമിച്ചവരുടെ ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരുംകാലവും അത് അടയാളപ്പെടുത്തും.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.