29 December 2025, Monday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങൾ

പി ആർ സുമേരൻ
December 7, 2025 7:22 am

ലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനായ പ്രൊഡക്ഷൻ കൺട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് എറണാകുളം ലിസി ഹോസ്പിറ്റലിന് സമീപമുള്ള ഷംസു ടൂറിസ്റ്റ് ഹോമിലെ 108ാം റൂമിൽ നിന്നാണ്. അവിടെ 22വർഷവും 20 ദിവസവും താമസിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് അമനകരയുടെ പുതിയ ചിത്രമായ ‘കല്യാണമരം’ ഷാജി പ്രൊഡക്ഷൻ കൺട്രോളറാകുന്ന 108ാമത്തെ സിനിമയാണ്.
തൃശ്ശൂർ ജില്ലയിലെ പട്ടിക്കര എന്ന ഒരു ചെറുഗ്രാമത്തിൽ സുഹൃത്തുക്കളായ പ്രകാശ് കുഞ്ഞന്റെയും പ്രദീപ് നാരായണന്റെയും ഒപ്പം ഹ്രസ്വചിത്രങ്ങൾ ഒരുക്കിയാണ് ഷാജി സിനിമയുടെ വലിയ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. നാട്ടിൽ യുവതരംഗം ക്ലബിന്റെ സെക്രട്ടറിയായി കലാ പ്രവർത്തനത്തിന് തുടക്കമായി. സിനിമയിൽ നിന്ന് രസകരവും അതിലേറെ സംഭവബഹുലവുമായ ഒട്ടേറെ മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാനും കഴിഞ്ഞിട്ടുള്ള ഷാജിയുടെ ചലച്ചിത്ര ജീവിതം ഏറെ വിസ്മയങ്ങൾ നിറഞ്ഞതാണ്. 1998ൽ പി ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത ‘ഗർഷോം’ എന്ന സിനിമയിലൂടെയാണ് പ്രൊഡക്ഷൻ മാനേജരായി ഷാജിയുടെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി. 2024 ഡിസംബറിൽ റിലീസായ ആനന്ദ് ശ്രീബാല എന്ന ചിത്രം പ്രൊഡക്ഷൻ കൺട്രോളറായി പ്രവര്‍ത്തിക്കുന്ന 107ാമത്തെ സിനിമയാണ്.

പി ടി കുഞ്ഞിമുഹമ്മദ്, ടി വി ചന്ദ്രൻ, ഹരികുമാർ, പ്രിയനന്ദനൻ, ജയരാജ്, അരുൺകുമാർ അരവിന്ദ്, സുരേഷ് ഉണ്ണിത്താൻ, കെ മധു, ജോസ് തോമസ്, രാജ് ബാബു, എം പത്മകുമാർ, സുനിൽ തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പവും നവാഗത സംവിധായകരായ പ്രദീപ് നായർ, കെ ഗോപിനാഥൻ, സുരേഷ് അച്ചൂസ്, മധു കൈതപ്രം, എം ജി ശശി, ജി ആർ ഇന്ദുഗോപാൻ, ജയൻ ശിവപുരം, ഷാനു സമദ്, എം. കെ ദേവരാജൻ, ലിജീഷ് മുല്ലേഴത്ത്, വിഷ്ണു വിനയ് വരെയുള്ള 37 നവാഗത സംവിധായകർക്കും ഒപ്പവും ഇതിനോടകം ഷാജി പ്രവർത്തിച്ചു
ദക്ഷിണാമൂർത്തി, എം ടി വാസുദേവൻ നായർ, അക്കിത്തം, ഒഎൻവി, സി എൻ കരുണാകരൻ തുടങ്ങിയ അതുല്യ പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലും ഭാഗമായി. 2007ലും 2011ലും ഏറ്റവും മികച്ച സിനിമാ നിർമ്മാണ കാര്യദർശിക്കുള്ള ജേസി ഫൗണ്ടേഷൻ പുരസ്കാരം. 2011ലും 2012ലും 2013ലും ഏറ്റവും മികച്ച നിർമ്മാണ കാര്യദർശിയ്ക്കുള്ള ഇൻസ്പെയർ ഫിലിം അവാർഡ്. 2010ലെ സുരാസു കൾച്ചറൽ അവാർഡ്, 2011ലെ എ ടി അബു പുരസ്കാരം, 2013ലെ ശാന്താദേവി പുരസ്ക്കാരം, പ്രേംനസീർ പുരസ്കാരം, 2013ലെ മഹാത്മ കലാസംസ്കൃതി പുരസ്കാരം, 2018ലും 2019ലും 2021ലും ദേശീയ കലാ സംസ്കൃതി പുരസ്കാരം, 2019ൽ ജേസി ഡാനിയേൽ ഫിലിം ഫൗണ്ടേഷൻ അവാർഡ്, 2023ൽ പ്രൈഡ് ഓഫ് കേരള അവാർഡ്, 2023ൽ ഭരതൻ സ്മൃതി പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്. വേറിട്ട ജീവിതങ്ങളെ അവതരിപ്പിച്ച് ജനപ്രീതിയാർജിച്ച ലേഖന പരമ്പര ‘വേറിട്ട മനുഷ്യർ’ മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖന പരമ്പരയ്ക്ക് 2021ൽ ജെ സി ഡാനിയേൽ പുരസ്കാരവും കെ പി ഉമ്മർ പുരസ്കാരവും വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാരവും സാക്ഷി സാഹിത്യ ശ്രേഷ്ഠ അവാർഡും ലഭിച്ചു.

‘ഇരുൾവീണ വെള്ളിത്തിര’ എന്ന ഡോക്യുമെന്ററി തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇരുൾവീണ വെള്ളിത്തിരയ്ക്ക് മികച്ച സംവിധായനുള്ള പി ജെ ആൻറണി പുരസ്കാരം, ജോൺ എബ്രഹാം പുരസ്കാരം, ജി കെ പിള്ള പുരസ്കാരം, സത്യജിത് റേ പുരസ്കാരം, സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമി അവാർഡ്, ക്യുഎഫ്എഫ്കെ 2023 അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ‘സ്വീകരണമുറിയിലെ ലോകജാലകം’ എന്ന ലേഖനത്തിന് 2022ലെ കേരള വിഷൻ അവാർഡ്, ജി കെ പിള്ള ഫൗണ്ടേഷൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളസിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർമാർ എഴുതിയ അനുഭവകഥകൾ ‘കാര്യസ്ഥൻ കഥകൾ’ എന്ന പേരിൽ ഷാജി എഡിറ്റ് ചെയ്ത് ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
”എനിക്ക് കടപ്പാടുള്ളവർ ഏറെയുണ്ട്. പേരെടുത്ത് ചൊല്ലി വിളിക്കാൻ കഴിയാത്ത എത്രയോ പേർ. പുതിയ ജീവിത വഴിയിലേക്ക് കൈ പിടിച്ച് നടത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫർ കാദർ കൊച്ചന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ആരിഫ് പൊന്നാനിയെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. മലയാളസിനിമയിലെ ഏറ്റവും പ്രമുഖരായ പ്രൊഡക്ഷൻ കൺട്രോളർമാരും, നിർമ്മാതാക്കളുമായ ആന്റോ ജോസഫിനെയും ഷിബു ജി സുശീലനെയുമാണ് ഞാൻ എന്നും ഗുരുക്കന്മരായി കാണുന്നത്. അവരുടെകൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട് അവരോട് എന്നും എനിക്ക് കടപ്പാടുണ്ട്. എനിക്ക് സിനിമ തന്ന നിർമ്മാതാക്കൾ, സംവിധായകർ കൂടെ നടന്ന് നല്ല സിനിമകൾ ഒരുക്കിത്തന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരായ സഹോദരങ്ങൾ എല്ലാവരോടും ഹൃദയത്തിൽ തൊട്ട് ഞാൻ നന്ദി പറയുന്നു.” പറഞ്ഞു നിര്‍ത്തുമ്പോള്‍ ഷാജി മുഖത്ത് അഭിമാനപ്പുഞ്ചിരി.

സിനിമയുടെ താരങ്ങൾ നിർമ്മാതാക്കൾ തന്നെയെന്നാണ് ഷാജിയുടെ പക്ഷം. എത്ര മികച്ച സംവിധായകരും അണിയറപ്രവർത്തകരും ആശയവും കഥയും ഒരുങ്ങിയാലും നല്ല നിർമ്മാതാക്കൾ ഉണ്ടായാലോ സിനിമകൾ ആവിഷ്കരിക്കാൻ കഴിയൂ. നിർഭാഗ്യവശാൽ സിനിമകളുടെ ആഘോഷങ്ങളിൽ പലപ്പോഴും നിർമ്മാതാക്കളെ അവഗണിക്കുന്ന ദുരവസ്ഥ സിനിമയുടെ ദുരവസ്ഥയാണെന്ന് ഷാജി ചൂണ്ടിക്കാണിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒട്ടെറെ പരസ്യ ചിത്രങ്ങളും ഷാജി ഒരുക്കിയിട്ടുണ്ട്. നിരവധി ഇവന്റ് മാനേജ്മെന്റ് പരിപാടികളും സംഘടിപ്പിച്ചു വരുന്നു. പ്രൊഡക്ഷൻ കൺട്രോളറുടെ ജോലി വളരെയേറെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സിനിമാ യൂണിറ്റിലെ വ്യത്യസ്തരായ സഹപ്രവർത്തകരെ സമയബന്ധിതമായി ഒരേ ലക്ഷ്യത്തിലെത്തിക്കുക ഏറെ പ്രയാസകരമാണ്. അനാവശ്യ ചിലവുകൾക്ക് കടിഞ്ഞാണിട്ട് മികച്ച സിനിമകൾ ഒരുക്കാൻ ചിത്രത്തിന്റെ പൂജ മുതൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം വരെ പിന്നീട് അതിന്റെ ആഘോഷത്തിൽ വരെ ഊണും ഉറക്കവുമില്ലാതെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ അലച്ചിലാണ് ഏത് സിനിമയുടെയും വിജയത്തിന് പിന്നിലെ രഹസ്യം. നല്ല സിനിമകൾ ഒരുക്കാൻ വിശ്രമമില്ലാതെ ഷാജി പട്ടിക്കരയെന്ന മലയാളത്തിലെ മിടുക്കനായ പ്രൊഡക്ഷൻ കൺട്രോളർ തന്റെ ജൈത്രയാത്ര തുടരുകയാണ്.

Kerala State - Students Savings Scheme

TOP NEWS

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.