
കടലും കടല്‍ വിഭവങ്ങളും സ്വകാര്യമേഖലയ്ക്ക് തീറെഴുതി മത്സ്യമേഖലയെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തീരദേശത്ത് പ്രതിഷേധം അലകടലായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് മുതൽ പൊന്നാനി വരെയുള്ള ഫിഷ് ബാങ്ക് എന്നറിയപ്പെടുന്ന മേഖലയിൽ നിന്നും മത്സ്യബന്ധത്തിനായി കടലില്‍പ്പോയിരുന്ന ബോട്ടുകളെല്ലാം ഇന്നലെ രാത്രിയോടെ തന്നെ തീരമണഞ്ഞു. തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 24 മണിക്കൂര്‍ ഹർത്താൽ.
കടല്‍ ഖനനം നടത്തുന്നതിന് കേന്ദ്ര മൈനിങ് മന്ത്രാലയം പുറപ്പെടുവിച്ച ടെന്‍ഡര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയുടെ സമ്പദ്ഘടനയിലും തൊഴില്‍രംഗത്തും ഭക്ഷ്യസുരക്ഷയിലും സുപ്രധാന പങ്ക് വഹിക്കുന്ന ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കണമെന്നതുമാണ് തങ്ങളുടെ ആവശ്യമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ദേശീയ ട്രഷറര്‍ എ കെ ജബ്ബാര്‍ പറഞ്ഞു.
ചാവക്കാട് പെരിയമ്പലം തങ്ങൾപ്പടി മുതൽ കൊടുങ്ങല്ലൂർ അഴീക്കോട് വരെ 40 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് തൃശൂരിന്റെ തീരദേശ മേഖല. ചേറ്റുവ, അഴീക്കോട്, കടപ്പുറം, മുനക്കക്കടവ് ഹാർബറുകളാണ് പ്രധാന മീൻപിടിത്ത കേന്ദ്രങ്ങൾ. ഇവിടെ നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കടല്‍മണല്‍ ഖനന പദ്ധതി കടലിന്റെ മരണക്കെണിയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാസെക്രട്ടറി കെ സി സതീശന്‍ പറഞ്ഞു. ജില്ലയിലെ മത്സ്യബന്ധന തൊഴിലാളികളും കച്ചവടക്കാരും ബോട്ടുകളുമെല്ലാം ഹര്‍ത്താലില്‍ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.