16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 29, 2024
August 23, 2024
August 22, 2024
September 4, 2023
June 19, 2023
April 10, 2023
March 28, 2023
March 4, 2023
December 22, 2022

നഗരത്തിലെ കനാല്‍ക്കരകള്‍ക്ക് ഇനി ഔഷധത്തോട്ടത്തിന്റ ചന്തം

സ്വന്തം ലേഖിക
ആലപ്പുഴ
August 29, 2024 7:06 pm

ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരകളില്‍ ഔഷധത്തോട്ടം നിറയും. കറുത്തകാളിപ്പാലം മുതൽ മുപ്പാലം വരെയുള്ള ഒന്നേകാല്‍ കിലോമീറ്റര്‍ ഭാഗത്താണ് ഔഷധത്തോട്ടം തയ്യാറാകുന്നത്. സംസ്ഥാനത്തെ തന്നെ പേരുകേട്ട പരിസ്ഥിതി സംഘടനയായ ഗ്രീൻ റെസ്ക്യു ആക്ഷൻ ഫോഴ്സാണ് (ഗ്രാഫ്) നഗര മധ്യത്തിലെ കനാൽക്കരകളില്‍ ഔഷധത്തോട്ടം ഒരുക്കുന്നത്. ഓണത്തിന് മുന്‍പായി ഔഷധത്തോട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഗ്രാഫിന്റെ അംഗങ്ങള്‍ ഒരുമാസമായി ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഔഷധത്തോട്ടം ആകര്‍ഷകമാക്കുവാന്‍ വിവിധ തരം പൂച്ചെടി, വാട്ടർ ഫൗണ്ടൻ, കസേരകള്‍, ചിത്രശലഭ ഗാര്‍‍‍ഡന്‍ എന്നിവയും തയ്യാറാക്കുന്നുണ്ട്. കനാൽക്കരയുടെ മൂന്ന് വർഷത്തെ പരിപാലനത്തിനായി മുസിരിസ് അധികൃതരിൽ നിന്ന് ഗ്രാഫ് പ്രത്യേക അനുമതിയും വാങ്ങി.

ആലപ്പുഴ പൈതൃക പദ്ധതിയിൽപ്പെടുന്ന മുപ്പാലം തുളസി ഗാർഡൻ, നക്ഷത്രവനം, രാശി — നവഗ്രഹ വനം തുടങ്ങിയവയ്ക്കായി രണ്ടായിരത്തിലധികം ചെടികൾ കരകളിൽ നടും. 28 തരം വ്യത്യസ്തതരത്തിലുള്ള തുളസികള്‍ ഗ്രാഫിന്റെ പക്കലുണ്ട്. ആദ്യഘട്ടത്തില്‍ ഇവിടെ 10 തരത്തിലുള്ളത് നട്ട് പിടിപ്പിക്കും. അവ ഇവിടുത്തെ കാലാവസ്ഥയുമായി ചേര്‍ന്ന് വളര്‍ന്ന് കഴിഞ്ഞാല്‍ ബാക്കി ഉള്ളവയും പരിഗണിക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഗ്രാഫ് ആലപ്പുഴയിലും എറണാകുളത്തുമായി 1750 വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന വ്യാപകമായി 12000 വൃക്ഷത്തൈകളാണ് നട്ടത്. 

ജില്ലാ കളക്ടർ മുഖാന്തരം ആലപ്പുഴ വല്ലഭദാസ് കാഞ്ചിയുടെ സഹകരണത്തോടെയാണ് ഗ്രാഫിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഗ്രാഫ് സംസ്ഥാന പ്രസിഡന്റ് രതീഷ് സൈലന്റ് വാലി പറഞ്ഞു. കേരളത്തിലെ വനമേഖലകളിലെ കാട്ടുതീ കെടുത്തുക എന്ന ലക്ഷ്യത്തിൽ 2018ൽ വിവിധ ജില്ലകളിലെ പരിസ്ഥിതി സ്നേഹികൾ ചേർന്ന് രൂപീകരിച്ച വാട്സപ്പ് കൂട്ടായ്മയാണ്. ഇപ്പോള്‍ സംസ്ഥാനമാകെ രണ്ടായിരത്തിലധികം പ്രവർത്തകരുമുണ്ട്. രണ്ടു വർഷം മുമ്പ് ഗ്രീൻ റെസ്ക്യു ആക്ഷൻ ഫോഴ്സ് എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ, ഡോക്ടർമാർ, അദ്ധ്യാപകർ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്.

പ്രദേശം കൃഷിയോഗ്യമാണോയെന്നറിയാൻ കനാലിലെ ജലം രാസപരിശോധന നടത്തിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാച്ചുകളായി പ്രവർത്തകരെത്തിയാണ് ജോലികൾ ചെയ്യുന്നത്. ഇരു കരകളിൽ നിന്നായി പ്ലാസ്റ്റിക്കടക്കം ലോഡ് കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തു. ആദിവാസി സമൂഹങ്ങളിൽ നിന്ന് സമാഹരിച്ച അപൂർവ്വയിനം ഔഷധച്ചെടികൾ ഉൾപ്പടെ കനാൽകരകളിൽ നട്ടു തുടങ്ങി. ഔഷധച്ചെടികള്‍ നട്ടു തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യംതള്ളുന്നത് വെല്ലുവിളിയാകുന്നുണ്ടെന്ന് സംഘടനയുടെ ജില്ലാ ഡയറക്ടർ വിവേക് കുമാർ പറഞ്ഞു. തുടര്‍ പരിപാലനത്തിനായി കനാല്‍ക്കരയില്‍ കാമറകളും സ്ഥാപിക്കും. ആലപ്പുഴയിൽ നിന്നാരംഭിച്ച് സംസ്ഥാനമാകെ ഔഷധത്തോട്ടങ്ങൾ വ്യാപകമാക്കുകയാണ് ഗ്രാഫിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.