6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 3, 2025
November 27, 2025
November 26, 2025
November 25, 2025
November 24, 2025
November 22, 2025
November 22, 2025
November 15, 2025

കൈക്ക് പ്ലാസ്റ്ററിട്ട ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Janayugom Webdesk
പാലക്കാട്
October 4, 2025 9:04 am

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്.ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുള്ളത്. ചികിത്സാ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും.

പാലക്കാട് പല്ലശ്ശന സ്വദേശിനി 9 വയസുകാരി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24‑ന് കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുട്ടിയുടെ അമ്മ പ്രസീത പറയുന്നത്. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് കടുത്ത വേദനയുണ്ടെന്ന് അറിയിച്ചിരുന്നു. ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു എന്നും അമ്മ പറഞ്ഞു. തുടർന്ന് തുടര്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടർമാർ നിർദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ കഴിയാതിരുന്ന കുടുംബം, തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

എന്നാല്‍ കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നാമ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദം. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നെന്നും സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്നുമാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ജയശ്രീ പറഞ്ഞത്.ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാലാണ് ഈ സ്ഥിതിയിലേക്കെത്തിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.