
മാതാവിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേല്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു. 2022 സപ്തംബര്‍ 20-ാം തീയതി രാത്രി 9. 45ന് ചാവക്കാട് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ചെമ്മണ്ണൂർ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
തലക്കാട്ട് വീട്ടില്‍ കുട്ടന്റെ ഭാര്യ ശ്രീമതിയെ മകന്‍ മനോജ് കുമാർ കൊലപ്പെടുത്തുകയായിരുന്നു. പണമാവശ്യപ്പെട്ടപ്പോള്‍ ശ്രീമതി അത് നൽകാത്തതിലുള്ള വിരോധത്തില്‍ വഴക്കുണ്ടാക്കുകയും, തുടര്‍ന്ന് മണ്ണെണ്ണ എടുത്ത് ശ്രീമതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ദേഹമാസകലം തീ പടർന്ന് ഗുരുതരമായ പൊള്ളൽ ഏറ്റതിനെ തുടർന്ന് ശ്രീമതിയെ ആദ്യം തൃശൂർ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചികിത്സയിൽ കഴിയവെ സപ്തംബര്‍ 21 ന് രാത്രി 11 മണിയോടെ ശ്രീമതി മരിക്കുകയായിരുന്നു.
കേസില്‍ ഒന്നാം സാക്ഷിയായ ധന്യ, മരിച്ച ശ്രീമതി അമ്മയുടെ മകളായിരുന്നു. എന്നാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷിയായ ധന്യ പ്രതിഭാഗത്തേക്ക് കൂറുമാറുകയും പ്രതിയായ മനോജ് കുമാറിന് അനുകൂലമായി മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റൊരു സഹോദരനും മൂന്നാം സാക്ഷിയുമായ സുജിത്ത് കുമാറിന്റെ മൊഴി കേസ്സിൽ നിർണ്ണായകമായി. കാഴ്ചകുറവുള്ള സുജിത്ത് അമ്മക്കും നീതിക്കും വേണ്ടി നിലക്കൊണ്ടു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ പി. അജയകുമാർ, അഡ്വ. രാജീവ്കുമാർ സി. എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.