23 January 2026, Friday

Related news

January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

വെടിനിര്‍ത്തല്‍ അവസാനിച്ചു; ഗാസയിലേക്കുള്ള സഹായം തടഞ്ഞ് ഇസ്രയേല്‍

രണ്ടാം ഘട്ടത്തില്‍ തീരുമാനമായില്ല വിറ്റ്കോഫ് പദ്ധതി ഹമാസ് നിരസിച്ചു
Janayugom Webdesk
ഗാസ സിറ്റി
March 2, 2025 10:17 pm

ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായ വിതരണത്തിന് അനുമതി പിന്‍വലിച്ച് ഇസ്രയേല്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. കരാറിന്റെ ഒന്നാം ഘട്ടം അവസാനിച്ചതോടെയും, വിറ്റ്‌കോഫ് രൂപരേഖ പിന്തുടരുന്നതിന് ഹമാസ് വിസമ്മതിച്ചതിനാലും, ഗാസ മുനമ്പിലേക്കുള്ള എല്ലാ സാധനങ്ങളുടെയും പ്രവേശനം നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നെതന്യാഹു തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അനുവദിക്കില്ല. ഹമാസ് വിസമ്മതം തുടര്‍ന്നാല്‍, കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

മാനുഷിക സഹായങ്ങള്‍ തടഞ്ഞ നടപടിയെ തരംതാഴ്ന്ന ഭീഷണിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. സഹായ വിതരണം പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രയേല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍കരാര്‍ പ്രകാരം 25 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരമായി ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുകയും ചെയ്തു. അതേസമയം, ഇസ്രയേലിന്റെ പ്രഖ്യാപനത്തോട് ചര്‍ച്ചയിലെ മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിദിനം ഏകദേശം 600 ട്രക്കുകൾ എന്ന നിലയിൽ ഗാസയിലേക്ക് സഹായമെത്തിയിരുന്നു.

രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് രണ്ടാം ഘട്ടത്തിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇസ്രയേലിനിത് സ്വീകാര്യമായിരുന്നെങ്കിലും ഹമാസ് വിറ്റ്കോഫിന്റെ നിര്‍ദേശങ്ങള്‍ തള്ളി. രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ക്കായി ഹമാസ് പലതവണ സന്നദ്ധരായിട്ടും ആദ്യഘട്ടം ഏപ്രില്‍ 20 വരെ നീട്ടാമെന്ന നിലപാടിലായിരുന്നു ഇസ്രയേല്‍. ബന്ദിമോചനം പൂര്‍ണമാക്കുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍ ഇസ്രയേല്‍ സെെന്യത്തിന്റെ പിന്മാറ്റം ഉള്‍പ്പെടെ, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനാണ് ഹമാസ് ശ്രമിച്ചത്. വിറ്റ്കോഫിന്റെ നിര്‍ദേശം സ്വീകരിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി, കരാർ ഒരിക്കലും രണ്ടാം ഘട്ടത്തിലെത്തില്ലെന്ന ആത്മവിശ്വാസത്തോടെയാണ് നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചതെന്ന് ഇസ്രയേലി രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

വെടിനിർത്തൽ ആരംഭിച്ചതുമുതൽ, രണ്ടാം ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നെതന്യാഹു വിമുഖത കാട്ടിയിരുന്നു. യുദ്ധം പുനരാരംഭിക്കാന്‍ തീവ്ര വലതുപക്ഷ ഭരണകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദവും നെതന്യാഹുവിന്റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.