
രാജ്യത്തിന്റെ പൊതു സെൻസസും അതോടൊപ്പം ജാതി സെൻസസും എത്രയും വേഗം നടത്തണമെന്ന് സിപിഐ(എം) 24-ാം പാര്‍ട്ടി കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 10 വർഷത്തിൽ ഒരിക്കലെന്ന രീതിയിൽ 2021ൽ നടത്തേണ്ട സെൻസസ് ഇതുവരെ നടത്താത്തതിൽ പ്രമേയം ഉത്ക്കണ്ഠ രേഖപ്പെടുത്തി. 2020ൽ ആരംഭിക്കേണ്ടിയിരുന്ന സെൻസസ് നടപടികൾ അനിശ്ചിതമായി നീണ്ടുപോകുകയാണ്. കോവിഡിനു ശേഷം മാത്രമേ സെൻസസ് പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ നാല് വർഷത്തിന് ശേഷവും സെൻസസ് നടക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. വ്യത്യസ്ത വിഭാഗത്തിലുള്ള ജനങ്ങൾക്ക് അനുയോജ്യമായ നയങ്ങൾ രൂപകല്പന ചെയ്യേണ്ടത് സെൻസസ് വഴി ലഭിക്കുന്ന വിവരങ്ങളനുസരിച്ചാണ്.
ബ്രിട്ടീഷ് ഭരണകാലം മുതൽ സെൻസസ് മുടങ്ങാതെ നടന്നിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും വെട്ടിച്ചുരുക്കിയ രീതിയിൽ സെന്‍സസ് നടന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ കണക്കുകൾ പൊതു സെൻസസിൽ ലഭ്യമാകുമെങ്കിലും മറ്റ് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകാറില്ല. ഈ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായതിനാൽ ജാതി സെൻസസ് എന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി പ്രമേയത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും സമഗ്രതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വയംഭരണം ഇല്ലാതായത്, പ്രതിപക്ഷ രാഷ്ട്രീയത്തോടുള്ള അനാദരവ്, നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും കാണിക്കുന്ന ധാർഷ്ട്യം എന്നിവ സാമ്പത്തികശേഷിയുള്ള പാർട്ടികൾക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റുകയും ഒരു പൂർണ പ്രഹസനമാക്കുകയും ചെയ്തുവെന്ന് പ്രമേയം കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണയ പ്രക്രിയ തുല്യവും നീതിപൂർവകവുമായി നടത്തുക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും കോൺഗ്രസ് അംഗീകരിച്ചു. ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിനിധികള്‍ കഫിയാന്‍ അണിഞ്ഞ് എഴുന്നേറ്റുനിന്ന് പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ മുഴക്കി. രാഷ്ട്രീയ പ്രമേയം, പ്രവർത്തന റിപ്പോർട്ട് എന്നിവയിൽ വ്യാഴാഴ്ച ആരംഭിച്ച പൊതുചർച്ച ഇന്നലെ പൂർത്തിയായി. കേരളത്തിൽ നിന്ന് കെ കെ രാഗേഷ്, എം ബി രാജേഷ്, എം അനിൽകുമാർ എന്നിവരുൾപ്പെടെ 36 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. മറുപടികൾക്കുശേഷം റിപ്പോർട്ട് അംഗീകരിച്ചു. ചർച്ചയിൽ ക്രിയാത്മകവും ആവേശകരവുമായ നിർദേശങ്ങൾ ഉന്നയിക്കപ്പെട്ടതായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.