23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
May 22, 2024
March 6, 2024
January 25, 2024
December 28, 2023
December 20, 2023
October 13, 2023
August 10, 2023
August 5, 2023
July 28, 2023

അരിവില ഉയരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 11:05 pm

സീസണിലെ ഉല്പാദനം കുറഞ്ഞതും ബസുമതി ഇതര അരിയുടെ കയറ്റുമതിയിലെ കുതിച്ചുചാട്ടവും കാരണം ആഭ്യന്തര അരി വില ഉയരാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ അരി കയറ്റുമതി നയത്തിൽ വരുത്തിയ ഭേദഗതികളുടെ കാരണങ്ങൾ വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഭക്ഷ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. 2022–23 ഖാരിഫ് സീസണിൽ ആഭ്യന്തര അരി ഉല്പാദനം ആറ് ശതമാനം കുറവായിരിക്കുമെന്ന് മന്ത്രാലയം കണക്ക് കൂട്ടുന്നു.
അരി, ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ രാജ്യത്തെ ശരാശരി ചില്ലറ വില്പന, മൊത്ത വിലകൾ ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഇരുപത് ശതമാനംവരെ ഉയർന്നനിലയിലാണ്. ഖാരിഫ് ഉല്പാദന പ്രവചനം കുറവായതിനാൽ ആഭ്യന്തര അരി വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് വർധിച്ചേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. ഈ സീസണിലെ ഉല്പാദനം 111.76 ദശലക്ഷം പ്രതീക്ഷിച്ചിടത്ത് 104.99 ദശലക്ഷം ടണ്ണായി കുറയുമെന്ന് കാർഷിക മന്ത്രാലയം ബുധനാഴ്ച പ്രവചിച്ചിരുന്നു.
ബസുമതി ഇതര അരിയുടെ കയറ്റുമതിയിൽ 11 ശതമാനം കുതിപ്പാണുണ്ടായത്. അരി കയറ്റുമതിയില്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണം കയറ്റുമതി ലഭ്യത കുറയ്ക്കാതെ ആഭ്യന്തര വില നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു. സർക്കാർ ഈ മാസം ആദ്യം നുറുക്കരിയുടെ കയറ്റുമതി നിരോധിക്കുകയും ബസ്‍മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതി കഴിഞ്ഞ നാല് വർഷത്തിനിടെ 0.51 ലക്ഷം ടണ്ണിൽ നിന്ന് ഈ വർഷം ഏപ്രിൽ‑ഓഗസ്റ്റ് മാസങ്ങളിൽ 21.31 ലക്ഷം ടണ്ണായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
അരിയുടെ ചില്ലറ വില്പന വിലയില്‍ ഈയാഴ്ച മാത്രം 0.24 ശതമാനം വര്‍ധനയുണ്ടായി. ഒരു മാസത്തിൽ 2.46 ശതമാനവും ഒരു വര്‍ഷത്തിനിടെ 8.67 ശതമാനവും വര്‍ധിച്ചു. അഞ്ച് വർഷത്തിനിടെ ശരാശരി 15.14 ശതമാനമാണ് വർധന. പൊതുവിപണിയിൽ കിലോയ്ക്ക് 16 രൂപയായിരുന്ന നുറുക്കരിയുടെ വില 22 രൂപയായി ഉയർന്നു. ഇത് കോഴി, മൃഗ കർഷകരെ ഏറ്റവും കൂടുതൽ ബാധിച്ചു. കോഴിത്തീറ്റയ്ക്കുള്ള 60–65 ശതമാനം അസംസ്കൃതവസ്തു നുറുക്കരിയിൽ നിന്നാണ്. തീറ്റയുടെ വിലവര്‍ധന പാൽ, മുട്ട, മാംസം തുടങ്ങിയ ഉല്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുന്നത് ഭക്ഷ്യ വിലക്കയറ്റമുണ്ടാക്കുമെന്നും മന്ത്രാലയം പറയുന്നു.
ഇന്ത്യൻ ബസുമതി ഇതര അരിയുടെ അന്താരാഷ്ട്ര വില കിലോഗ്രാമിന് 28–29 രൂപയാണ്. ഇത് ആഭ്യന്തര വിലയേക്കാൾ കൂടുതലാണെന്നും ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുന്നത് അരി വില കുറയാൻ ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടർന്ന് നുറുക്കരിയുടെ ആഗോള ആവശ്യം വർധിച്ചു. ഇത് മൃഗങ്ങളുടെ തീറ്റയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: The cen­tral gov­ern­ment says that the price of rice will rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.