
2025 ഇന്ത്യയില്‍ ഭരണകൂട സെന്‍സറിങ്ങിന്റെ വര്‍ഷം. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 1,100ലധികം ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിന് നിർദേശം നൽകി. 2024 മാർച്ച് മുതൽ ഇതേവരെ വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 91 നീക്കം ചെയ്യൽ നോട്ടീസുകളാണ് മന്ത്രാലയം നൽകിയത്. ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2024 മാർച്ചിനും 25 ജൂണിനും ഇടയിൽ ഏകദേശം 1,400 പോസ്റ്റുകളോ അക്കൗണ്ടുകളോ നീക്കം ചെയ്യാനും വിവിധ സർക്കാർ ഏജൻസികൾ എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (ഐ4സി) വഴി ഐടി നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള നോട്ടീസുകൾ പുറപ്പെടുവിച്ചത്. മന്ത്രാലയത്തിന്റെ ‘സഹ്യോഗ്’ പോർട്ടൽ വഴിയും സമാനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ പൊതുസമാധാനം തകർക്കുന്നതും രാഷ്ട്രീയ വ്യക്തിത്വങ്ങളെ ലക്ഷ്യം വയ്ക്കുന്നതുമായ ഉള്ളടക്കങ്ങളാണെന്ന് സർക്കാർ വാദിക്കുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശങ്ങളുടെ പേരിലാണ് നടപടികളെന്നാണ് സൂചന.
ആകെ ലിങ്കുകളിൽ പകുതിയിലധികവും പൊതുക്രമസമാധാനം തടസപ്പെടുത്തുന്നു എന്ന പേരിലാണ് ഫ്ലാഗ് ചെയ്തിരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രം 761 ലിങ്കുകൾക്കെതിരെ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള 115 വ്യാജ വീഡിയോ ലിങ്കുകൾ ഒറ്റ നോട്ടീസിലൂടെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. വാതുവയ്പ്പ് ആപ്പുകളുടെ പ്രചാരണം, ഔദ്യോഗിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 14 നോട്ടീസുകളാണ് നൽകിയത്. പ്രമുഖ രാഷ്ട്രീയക്കാരെയും പൊതുപ്രവർത്തകരെയും വിമര്‍ശിക്കുന്ന 124 ലിങ്കുകളും ഇക്കൂട്ടത്തിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഈ നടപടികളെ എക്സ് കോർപറേഷൻ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതിനും ലിങ്കുകൾ ബ്ലോക്ക് ചെയ്യുന്നതിനും ഐടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരമുള്ള നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് എക്സ് വാദിക്കുന്നു. നോട്ടീസുകൾ നൽകാൻ ഉപയോഗിക്കുന്ന ‘സഹ്യോഗ്’ പോർട്ടലിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് എക്സ് കേരള ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഐടി നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എക്സ് അവകാശപ്പെട്ടു. നിയമവിരുദ്ധമായ ഉള്ളടക്കം എന്ന നിർവചനത്തിൽ പലപ്പോഴും സർക്കാർ വ്യക്തിപരമായ അഭിപ്രായങ്ങളെയും രാഷ്ട്രീയ വിയോജിപ്പുകളെയും ഉൾപ്പെടുത്തുന്നുവെന്നും എക്സ് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.