23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024

അസമിൽ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന മുഖ്യമന്ത്രിയും കുടുംബവും ഭൂമി കയ്യേറ്റക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2021 9:52 pm

സർക്കാർവക ഭൂമി കയ്യേറാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ കര്‍ഷക കുടുബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്ന അസം മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ഭൂമി കയ്യേറ്റത്തിന്റെ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി 18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിവരങ്ങളാണ് ന്യൂസ് പോര്‍ട്ടലുകളായ ദ വയര്‍, ക്രോസ്‌കറന്റ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നത്. പാവപ്പെട്ടവര്‍ക്ക് നല്‍കാനായി മാറ്റിവച്ച ഭൂമിയാണ് ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ട് കമ്പനി കൈവശപ്പെടുത്തിയിരിക്കുന്നത്. ഗുവാഹത്തി വിമാനത്താവളത്തിനും ടെക് സിറ്റിക്കും സമീപത്തായാണ് ഇവര്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ മൂന്നിലൊരു ഭാഗവും.

ആര്‍ബിഎസ് റിയല്‍റ്റേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹസ്ഥാപകയാണ് മുഖ്യമന്ത്രിയുടെ ഭാര്യയായ റിനികി ഭുയാന്‍ ശര്‍മ. ഇവരുടെ മകന്‍ നന്ദില്‍ ബിശ്വ ശര്‍മയ്ക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ഉള്ളത്. 2006–2007ലും 2009ലുമായി രണ്ട് ഘട്ടങ്ങളായാണ് 18 ഏക്കര്‍ ഭൂമി കമ്പനിയുടെ കൈകളിലെത്തിയതെന്നും ഈ കാലയളവില്‍ റിനികി കമ്പനിയുടെ ഡയറക്ടറായിരുന്നുവെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തരുണ്‍ ഗൊഗോയ് മന്ത്രിസഭയില്‍ ഏറ്റവും സ്വാധീനമുള്ള അംഗങ്ങളില്‍ ഒരാളായിരുന്നു അക്കാലയളവില്‍ ഹിമന്ത ബിശ്വ ശര്‍മ. കമ്പനിയുടെ മറ്റൊരു സ്ഥാപക ഡയറക്ടര്‍ ആയ രഞ്ജിത് ഭട്ടാചാര്യ ആര്‍ബിഎസ് എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വ ശര്‍മയുമായി ഏറെ അടുപ്പമുള്ള ആളും ബന്ധുവുമാണ്.

ബിജെപിയുടെ അസം കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്റായി ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നിയമിച്ചിരുന്നു. കമ്പനിയില്‍ 13.2 ശതമാനം ഷെയറുകളാണ് ഭട്ടാചാര്യക്കുള്ളത്. മറ്റുള്ള ഡയറക്ടര്‍മാരും മുഖ്യമന്ത്രിയുമായോ കുടുംബവുമായോ അടുപ്പമോ ബന്ധമോ ഉള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2009ല്‍ ബോംഗോരയിലെ 6.92 ഏക്കര്‍ ഭൂമി കമ്പനി വാങ്ങിയത്, മിച്ചഭൂമി ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പതിച്ചുനല്‍കി മൂന്ന് മാസങ്ങള്‍ക്കുള്ളിലായിരുന്നു. ലഭിക്കുന്ന മിച്ചഭൂമി പത്ത് വര്‍ഷങ്ങള്‍ക്കുശേഷമേ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള കമ്പനി ഭൂമി കൈവശപ്പെടുത്തിയത്. ഇതുപോലെ, നോര്‍ത്ത് ഗുവാഹത്തിയില്‍ സന്നദ്ധ സംഘടനകള്‍ക്കായി സര്‍ക്കാര്‍ പതിച്ചുനല്‍കിയ 10.6 ഏക്കര്‍ ഭൂമിയാണ് 2006–2007ല്‍ ആര്‍ബിഎസ് റിയല്‍റ്റേര്‍സ് വാങ്ങിയത്. ഇതും നിയമങ്ങള്‍ക്ക് വിരുദ്ധമായിത്തന്നെയായിരുന്നു.

ഭൂമി ലഭിച്ച സ്ഥാപനമോ സംഘടനയോ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിലേക്ക് തിരികെ ലഭിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സമയത്ത് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള ലാന്‍ഡ് അഡ്വൈസറി കമ്മിറ്റിയില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഹിമന്ത ബിശ്വ ശര്‍മയും അംഗമായിരുന്നുവെന്നതും ഇതിനുപിന്നിലെ ഗൂഢാലോചനകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

Eng­lish sum­ma­ry; The Chief Min­is­ter and his fam­i­ly are land grab­bers evict­ing farm­ers in Assam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.