22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 24, 2024
October 13, 2024
October 10, 2024
October 9, 2024
July 1, 2024
January 27, 2024
January 25, 2024
November 28, 2023
November 20, 2023
November 12, 2023

ഗവര്‍ണറുടെ തിട്ടൂരം നടപ്പില്ലെന്ന് മുഖ്യമന്ത്രി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
October 26, 2022 11:18 pm

ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കലും കീറോലകള്‍ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളും തുടര്‍ന്ന് ഗവര്‍ണര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന ആവശ്യമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ തിട്ടൂരം. എന്നാല്‍ അത് നടപ്പില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മറുപടി നല്കി.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ആവശ്യമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചത്.
സംസ്ഥാന ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത് നല്‍കിയത്. എന്നാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള തന്റെ പ്രീതിയും വിശ്വാസവും ഇപ്പോഴും അചഞ്ചലമായി തുടരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ തുടര്‍നടപടികളൊന്നും ആവശ്യമില്ലെന്ന് ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
ഒരു പ്രസംഗത്തില്‍ ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാകില്ലെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന് വിഘാതമാകുന്ന പ്രസ്താവനയാണെന്നുമാണ് ഗവര്‍ണറുടെ കണ്ടെത്തല്‍. എന്നാല്‍ സ്വന്തം സര്‍ക്കാരിനെതിരെ സാമാന്യമര്യാദകള്‍ പോലും മറന്ന് രംഗത്തിറങ്ങുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ താഴ്ത്തിക്കെട്ടുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍, അദ്ദേഹത്തിന്റെ അവകാശങ്ങളും അന്തസും സ്വയം നഷ്ടപ്പെടുത്തുകയാണെന്നാണ് നിയമവിദഗ്ധരും രാഷ്ട്രീയനേതാക്കളും ചൂണ്ടിക്കാട്ടുന്നത്.
നിരവധി തവണ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ സ്വീകരിച്ച ഗവര്‍ണര്‍ ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്വയം നാണംകെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആവശ്യമുയര്‍ത്തിയുള്ള രംഗപ്രവേശം.
നേരത്തെയും മന്ത്രിമാരുടെ പ്രസ്താവനകള്‍ക്കെതിരെ നടപടി ഭീഷണിയുമായി ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ അവകാശമുണ്ടെങ്കിലും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍, പ്രീതി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു ഒക്ടോബര്‍ 17ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. അതിനെതിരെയും വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും വീണ്ടും ‘അപ്രീതി’ സിദ്ധാന്തവുമായി ഗവര്‍ണര്‍ മുന്നോട്ടുവന്നതോടെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധം ഉയരുകയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും യുവജന‑വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നലെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ജനാധിപത്യ സംവിധാനങ്ങളെയെല്ലാം വിലകുറച്ച് കാണുന്ന നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി ശക്തമായ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. 

ചായക്കോപ്പയിലെ കൊടുങ്കാറ്റ്: കാനം 

ഗവര്‍ണറുടെ നീക്കങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയങ്ങളില്‍ വലിയ പ്രശ്നവും പ്രതിസന്ധിയുമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ഗവർണർ ജനാധിപത്യത്തെയല്ല ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പറഞ്ഞാലുടൻ മന്ത്രിയെ പിരിച്ചുവിടുമോ? അങ്ങനെ അദ്ദേഹത്തിന് അധികാരമുണ്ടെങ്കിൽ കെ എന്‍ ബാലഗോപാലിനെ പുറത്താക്കട്ടെ, അന്നേരം നോക്കാമെന്നും കാനം പറഞ്ഞു. തന്റെ അധികാരങ്ങളെക്കുറിച്ച് ഗവർണർക്ക് ധാരണയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയാകേണ്ടതെന്ന് ഗവർണറോട് ശുപാർശ ചെയ്യേണ്ടതെന്നും കാനം ചൂണ്ടിക്കാട്ടി. 

നിയമപരമായി നേരിടും: എം വി ഗോവിന്ദന്‍

ആര്‍എസ്എസ് നിലപാടുകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണറെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ നിലപാടുകൾ ആർഎസ്എസ്-ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ഗവർണർ സർവകലാശാലകളിൽ സ്വീകരിക്കുന്ന നിലപാട് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The Chief Min­is­ter said that the Gov­er­nor’s decree will not be implemented

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.