3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 16, 2024
October 9, 2024
October 8, 2024
October 7, 2024
September 11, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024

കേന്ദ്രത്തിന് അപ്രിയമായ ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
June 28, 2022 11:23 pm

കേന്ദ്രത്തിനോ, കേന്ദ്ര അന്വേഷണ ഏജൻസികൾക്കോ അപ്രിയമാവുന്ന ഒരു ചോദ്യവും പ്രതിപക്ഷത്തിൽ നിന്ന് വരില്ലെന്ന് മുഖ്യമന്ത്രി. സ്വർണം കൊടുത്തയച്ചതാര്? സ്വർണം കിട്ടിയതാർക്ക്? ഇത്തരത്തിൽ യുക്തിസഹമായി ചിന്തിക്കുന്നവരുടെ മനസിൽ വരുന്ന ഒരു ചോദ്യവും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ അവരുമായി ബാന്ധവത്തിൽ നിൽക്കുന്നവരിൽ നിന്നോ സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതില്ല. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയേണ്ടത് ബിജെപിയുടെ കേന്ദ്രവും അതിന്റെ അന്വേഷണ ഏജൻസികളുമാണ്. അവർക്ക് അലോസരമുണ്ടാവുന്ന ഒരു ചോദ്യവും പ്രതിപക്ഷത്തുനിന്നുണ്ടാവില്ല. അത്രയ്ക്ക് കൂറുള്ളവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസിലെ പ്രതിക്ക് സംഘ്പരിവാർ അനുകൂല ഏജൻസിയിൽ ജോലി ലഭിച്ചതെങ്ങനെ? ജീവിക്കാൻ വകയില്ല എന്നു പറഞ്ഞവർക്ക് കാർ കിട്ടിയതെങ്ങനെ? കേരള പൊലീസിന്റെ സുരക്ഷ വേണ്ട എന്നു പറയാൻ പാകത്തിൽ സുരക്ഷാ സംവിധാനം ഒരുക്കപ്പെട്ടതെങ്ങനെ? പ്രതിയുടെയും അവർ ജോലി ചെയ്യുന്ന സംഘ്പരിവാർ സ്ഥാപനത്തിന്റെയും അഭിഭാഷകൻ ഒരേ ആൾ ആയതെങ്ങനെ? ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ മുൻ കോൺഗ്രസ് നേതാവു കൂടിയായ, ബിജെപി നേതാവായതെങ്ങനെ? ആ സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന വനിതയ്ക്ക് എങ്ങനെ കഴിഞ്ഞു? ഇത്തരം ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാവുകയില്ല. ഇവ ഉയർന്നാൽ വെളിപ്പെടുക സംഘ്പരിവാറും സ്വർണക്കടത്തു കേസിലെ പ്രതിയായ വനിതയും തമ്മിലുള്ള ബന്ധമാണ്. അതിലൂടെ വിഷമത്തിലാകുന്നത് ബിജെപിയാണ്.
ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ഇതിന്റെ ഭാഗമാണ് ആ വനിതയെ സംരക്ഷിക്കുംവിധം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അടിയന്തര പ്രമേയ നോട്ടീസിന്റെ ഉള്ളടക്കവുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്വർണം പിടിക്കപ്പെട്ടപ്പോൾ സംഘ്പരിവാർ ചാനൽ മേധാവി പ്രതിയെ വിളിച്ച് നയതന്ത്ര ബാഗിലൂടെയല്ല സ്വർണം വന്നത് എന്നു പറയാൻ പറഞ്ഞത് എന്തിനാണ്? അദ്ദേഹം എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്? ഇത് പ്രതിധ്വനിപ്പിക്കും വിധം നയതന്ത്ര ബാഗിലൂടെയല്ല സ്വർണം വന്നത് എന്ന് കേന്ദ്രമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണ്? എവിടുന്നാണ് വാദമുഖങ്ങൾ ഈ വിധത്തിൽ ക്രമീകരിച്ചത്? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിട്ടില്ലായെന്ന സത്യം പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയില്ലേ?
സ്വർണം കയറ്റി അയച്ചതിലെ പ്രധാനി ഒരു ഫൈസൽ ഫരീദ് ആണെന്നാണ് ഒരിക്കൽ അന്വേഷണ ഏജൻസി പറഞ്ഞത്. അങ്ങനെയെങ്കിൽ അയാൾക്കെതിരെ കേന്ദ്രം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാത്തതെന്തുകൊണ്ടാണ്? കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു പറയുന്നു. ഇതറിഞ്ഞിട്ടും ഡൽഹി വഴി രാജ്യം വിടാൻ ഇവർക്ക് അവസരമൊരുക്കിയതാര്? ഇതൊന്നും നിങ്ങൾ ചോദിക്കില്ല.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് നയതന്ത്ര ബാഗേജ് വഴി 21 തവണ സ്വർണം കടത്തിയെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ കഴിയാത്തത് ആരുടെ കുറ്റമാണ്? അതിൽ കേന്ദ്രസർക്കാരിനു വേണ്ടി രക്ഷാകവചം തീർക്കുന്ന ജോലി എന്തിനു വേണ്ടി കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഘ്പരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന വ്യക്തിയുടെ വാക്കുകള്‍ കോണ്‍ഗ്രസിന് വേദവാക്യം

സംഘ്പരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ വനിതയ്ക്ക് ഇപ്പോള്‍ സകല ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് സംഘ്പരിവാർ ബന്ധമുള്ള സംഘടനയാണ്. ജോലിയും കാറും താമസവും സുരക്ഷയും ശമ്പളവും വക്കീലും മാത്രമല്ല, പ്രധാനമന്ത്രിക്ക് കത്തെഴുതാൻ ലെറ്റർഹെഡ് പോലും അവരുടെ വകയാണ്. ചെല്ലും ചെലവും കൊടുത്തു വളർത്തുക എന്നു കേട്ടിട്ടില്ലേ? അതേപോലൊരു ഏർപ്പാട്.

ഇങ്ങനെ ഒരു വ്യക്തി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അതിനു പിന്നിൽ ചിലരുണ്ടെന്ന വ്യക്തമായ സംശയം ഉയരുകയും ചെയ്യുമ്പോൾ, പ്രഥമ ദൃഷ്ട്യാ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത് സ്വാഭാവികമാണ്, മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രശ്നത്തിലും ഇടനിലയായി ആരെയെങ്കിലും ഉപയോഗിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടിയെടുക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:The Chief Min­is­ter said that the Oppo­si­tion will not raise any unpleas­ant ques­tions for the Center
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.