2024 സെപ്റ്റംബറില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഉല്പാദന പ്രക്രിയയിൽ മാനവ അധ്വാനശക്തിയുടെ തോത് കുറയുന്നതുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ പുറത്തുവന്നു. ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ ആവിർഭാവത്തോടെ ഒരു പുതിയ ലോകം രൂപപ്പെടുന്നതിന്റെ സൂചനയാണിത്. കാൾ മാർക്സ് വിവരിച്ച തൊഴിലാളിയെന്ന ക്ലാസിക്കൽ നിർവചനം കൈമോശപ്പെടുന്ന കാലമാണിത്. ചരക്കിന് അധ്വാനത്തിന്റെ സ്വാധീനം നഷ്ടപ്പെടുന്നു. മൂല്യനിർമ്മാണത്തിന് പ്രാധാന്യം നഷ്ടപ്പെടുന്നു. അസംസ്കൃത വസ്തുക്കളും അധ്വാനത്തിന്റെ ഫലവും എന്ന വിവക്ഷയില്‍ അധ്വാനത്തെ കേന്ദ്രീകരിച്ചുള്ള മൂല്യനിർമ്മാണവും കുറവാണ്. അധ്വാനത്തിന്റെ ഉപകരണങ്ങൾ പൊതുവെ വ്യാവസായിക വിപ്ലവകാലത്ത് വികസിച്ചവയാണ്. ഉല്പാദന പ്രക്രിയയിൽ തന്നെ അധ്വാനത്തിന്റെ വിഹിതത്തിലുള്ള തകർച്ചയുടെ പ്രകടമായ സൂചനയുണ്ട്. വര്‍ത്തമാനകാലത്ത് സമസ്തമേഖലയിലും ആധിപത്യം നേടുന്ന അതിയന്ത്രവല്‍ക്കരണവും (ഓട്ടോമേഷന്‍) നിര്‍മ്മിത ബുദ്ധിയും (എഐ) അധ്വാനത്തിന്റെ തോതുകളെ മാറ്റിമറിച്ചു. വ്യാവസായിക വിപ്ലവത്തില്‍ രൂപപ്പെട്ട അളവുകളില്‍ നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ ഭാവിയിൽ മോണിറ്ററും ഇലക്ട്രോണിക്സും നിറയുന്ന കമ്പ്യൂട്ടറിന്റെ സമ്പൂര്‍ണ ആധിപത്യമുള്ള ലോകത്തിലേക്ക് സാധ്യതകളെല്ലാം വിരൽ ചൂണ്ടുകയും ചെയ്യുന്നു. സോഫ്റ്റ്‌വേറിനെയും ഹാർഡ്‌വേറിനെയും ഭാഷാഭേദങ്ങള്‍ നിയന്ത്രിക്കുന്നു. വൈരുദ്ധ്യമായി ഉയർന്നുവരുന്ന ഉല്പാദനോപാധികളുടെ ദ്വിത്വവും ഇതാണ്. ഉല്പാദനം മാത്രമല്ല, വിവരങ്ങളുടെ ആധുനികവും ആധുനികാനന്തരവുമായ മാർഗങ്ങളും ഇതില്‍ ഉൾപ്പെടുന്നു. അതിവേഗ വികാസത്തിലൂടെ സാമൂഹ്യ വിപ്ലവത്തെ ആവാഹിച്ചെടുത്ത കമ്പ്യൂട്ടർ ആശയവിനിമയത്തിന്റെ അടിസ്ഥാന ഉപാധികളെ കവിഞ്ഞ് മനുഷ്യ ബോധത്തെ സ്വാധീനിക്കുന്ന ഉറവിടമായി ഉയർന്നു. ഉല്പാദന പ്രക്രിയയിൽ ശേഷിക്കുന്ന മനുഷ്യ പ്രവൃത്തി കീ ബോർഡിലൂടെ നിര്‍ദ്ദേശം നല്‍കുന്നതില്‍ ഒതുങ്ങുന്നു. യന്ത്രവും ഉപകരണവും അവസാനിക്കുകയും സോഫ്റ്റ്‌വെയർ മാത്രമായി പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.
മാറ്റം കീബോർഡിനെ തന്നെ ഒഴിവാക്കുന്നു. യന്ത്രം യന്ത്രമല്ലാത്ത ഒരു യുഗത്തിലേയ്ക്കാണ് നീങ്ങുന്നത്. മനുഷ്യ ശരീരത്തിന്റെ പങ്ക് നിർവചിക്കുന്നത് ബയോ-ഇലക്ട്രോണിക് സംവിധാനമാണ്. ഉല്പാദന പ്രക്രിയയിൽ തന്നെ നിര്‍ണ്ണായക പങ്കുവഹിച്ച് പരിണാമത്തിന്റെ ഒരു മാതൃക തീര്‍ത്ത് വിവര സാങ്കേതിക വിദ്യ മാറുന്നു. ഉല്പാദനത്തിന്റെ ഉറവിടമായി അത് ഭൗതിക ഉല്പാദന ശക്തിയെ നിയന്ത്രിക്കുന്നു. ഉല്പാദനരീതി മാറുന്നതിനനുസരിച്ച് വിവരസാങ്കേതിക വിദ്യ പുതിയ ക്രമത്തില്‍ ഉല്പാദന പ്രക്രിയയിൽ പ്രവേശിക്കുന്നു, അങ്ങനെ സാമൂഹിക വികസനത്തിന് മാറ്റൊരു മാനം കൈവരുന്നു. ഇത് ചരിത്രപരമായ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. വലിയ വേഗതയിൽ അത് യന്ത്രത്തിന്റെ പരമ്പരാഗത സങ്കല്പങ്ങളെ പൂര്‍ണമായും വിഴുങ്ങുമ്പോള്‍, ഉല്പാദന പ്രക്രിയയിലെ അധ്വാന വിഹിതത്തിന്റെ അടിസ്ഥാന തത്വങ്ങളും തകിടം മറിക്കപ്പെടുന്നു. ഇത്തരം സാഹചര്യം മുതലെടുത്ത് കോർപറേറ്റുകൾ അധ്വാനശക്തിയുടെ വിഹിതം കുറച്ചും വൻതോതിൽ പിരിച്ചുവിടലുകള്‍ നടത്തിയും കൊള്ള ലാഭം വർധിപ്പിക്കുന്നു. കോവിഡിന്റെ 2019–22 കാലത്ത് തൊഴിലാളികളുടെ വിഹിതം 1.6 ശതമാനമായി ഇടിഞ്ഞു. തുടര്‍ന്നുള്ള വർഷങ്ങളിൽ കുത്തനെ താഴേയ്ക്കായിരുന്നു ക്രമം. 1.6 ശതമാനത്തിന്റെ ഇടിവ്. 2.4 ലക്ഷം കോടി ഡോളറിന് തുല്യമായ വേതനനഷ്ടമാണ് സംഭവിച്ചത്. ആഗോളതലത്തിൽ നഷ്ടപ്പെട്ട 2.4 ലക്ഷം കോടി ഡോളർ ഇന്ത്യയുടെ 2023–24 സാമ്പത്തിക വർഷത്തിലെ ജിഡിപി പ്രതീക്ഷയുടെ പകുതിയിലധികമാണ്.
ഐഎൽഒ പഠനത്തിൽ, ലിംഗപരമായ പ്രശ്നം പരിഹരിക്കപ്പെടുന്നതിനുപകരം ഈ പ്രക്രിയയിൽ സജീവമായി തുടരുന്നുവെന്നും വ്യക്തമാക്കുന്നു. 2024ൽ ലോകത്തെ യുവതികളില്‍ ഏകദേശം മൂന്നിലൊന്ന്, 28.2 ശതമാനം, തൊഴിൽ, വിദ്യാഭ്യാസം അല്ലെങ്കിൽ പരിശീലനം തുടങ്ങിയ ഒരിടത്തും ഉള്‍ക്കൊള്ളുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് യുവാക്കളെ അപേക്ഷിച്ച് ഇരട്ടിയാണ്. യുവാക്കളുടെ ശതമാനം 13.1ല്‍ ഒതുങ്ങുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ വെല്ലുവിളികൾ ഉയർത്തിക്കാട്ടുമ്പോള്‍, അധ്വാനിക്കുന്ന പ്രായത്തിലുള്ള വർധിച്ചുവരുന്ന ജനസംഖ്യയുള്ള വികസിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ തൊഴിൽ നിലയെക്കുറിച്ചുള്ള മറ്റൊരു ഐഎല്‍ഒ റിപ്പോർട്ട് കണക്കാക്കുന്നത് തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണ് എന്നാണ്. വരുമാന അസമത്വത്തെക്കുറിച്ചുള്ള ഐഎല്‍ഒ റിപ്പോർട്ടില്‍ രാജ്യങ്ങൾക്കുള്ളിലെ മൊത്തം വരുമാനത്തിലെ തൊഴിലാളികളുടെ വരുമാന വിഹിതത്തിലെ ഇടിവ് സാങ്കേതിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിയന്ത്രവല്‍ക്കരണവും നിര്‍മ്മിതബുദ്ധി(എഐ)യും ഇടിവിന് കൂടുതൽ വേഗത പകര്‍ന്നു.
സാങ്കേതിക ശാസ്ത്ര സംബന്ധിയായ പരിണാമം ഉല്പാദന ശക്തികളുടെ കേവലമായ പരിണാമമല്ലെന്ന് അടിവരയിടാം. ഉല്പാദന ശേഷി വളരുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, അത് പുതിയ ചരിത്ര ഘട്ടമായ വിവരങ്ങൾക്ക് മറ്റൊരു മാനം കണ്ടെത്തി. ഇവിടെ സന്ദർഭം വ്യാവസായികമല്ല. വ്യാവസായിക വിപ്ലവ അടിത്തറകള്‍ക്ക് സാവധാനം അസ്തിത്വം നഷ്ടപ്പെടുകയാണ്. പുതിയ ദിശകള്‍ക്കും പരിണാമങ്ങള്‍ക്കും വഴിതുറക്കുന്നു. സമൂഹത്തിന്റെ മാറ്റം ഇതുവരെ ഉല്പാദനരീതിയുടെ പശ്ചാത്തലത്തിലാണ് കണ്ടെത്തിയിരുന്നത്. ഇപ്പോൾ വേറിട്ട പരിവർത്തനം പ്രകടമാണ്. അതിന്റെ സ്വാധീനം ജീവിതരീതിയിൽ മാത്രമല്ല, ഭരണത്തിലും, സാമൂഹിക ജീവിതത്തിലും കാണാൻ കഴിയും. സാമൂഹിക സാമ്പത്തിക സ്ഥിതി അതിന്റെ ഉണ്മയില്‍ ഒരു നവ മാനവിക സമൂഹത്തിന്റെ പിറവിയെ മുഴുവൻ ബോധത്തിലും എല്ലാ അര്‍ത്ഥത്തിലും സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.