വിദ്യാര്‍ത്ഥിനിയായ അമ്മുവിന്റെ മരണത്തിൽ നടപടിയുമായി ചുട്ടിപ്പാറ നഴ്‌സിങ് കോളേജ്. പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റുകയും കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസിൽ ജാമ്യത്തിലാണിപ്പോള്‍. ഇതിനിടെയാണ് മൂന്നു പേരെയും കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പൊലീസിൽ അധ്യാപകനെതിരെ കുടുംബം പരാതി നൽകി. ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.
പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.