
ഗുജറാത്ത് ഇന്ത്യയിലെ ഒരു മാതൃകാ സംസ്ഥാനമാണെന്ന കള്ളം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ബിജെപിയും സംഘപരിവാരവും വളരെക്കാലമായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത്. നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ കാലം മുതൽ ആ സംസ്ഥാനം ഇന്ത്യക്കാകെ മാതൃകയാണത്രെ! പക്ഷേ കണക്കുകളും വസ്തുതകളും സൂക്ഷ്മമായി പരിശോധിച്ചാൽ ഈ സംസ്ഥാനത്തെ മാതൃകയാക്കാൻ ഒരു കാരണവശാലും സാധിക്കില്ലെന്ന് ബോധ്യപ്പെടും. മതനിരാകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ചിത്രമാണ് ഇന്നത്തെ ഗുജറാത്ത്. കണക്കുകളുടെ നിരത്തൽ വായനയെ അസ്വസ്ഥപ്പെടുത്തുമെങ്കിലും ചെറിയ ചില കണക്കുകൾ പറയാതെ വയ്യ. ഗുജറാത്തികൾ വലിയ കച്ചവടബുദ്ധിയുള്ളവരാണെന്നും അവരാണ് ഇന്ത്യൻ വ്യവസായത്തിന്റെ നട്ടെല്ലെന്നും പാടി നടക്കുന്നവർക്ക് മുന്നിൽ കണക്കുകൾ സംസാരിക്കുന്നതായിരിക്കും ഉചിതം.
ഏതു സംസ്ഥാനത്തായാലും അവിടെ ജനങ്ങൾക്ക് ജോലി ചെയ്താൽ ലഭിക്കുന്ന കൂലിയാണ് ആ സമൂഹത്തെ ചലിപ്പിക്കുന്നത്. വൻകിട വ്യവസായികളുടെ കീശയിലേക്ക് ഒഴുകുന്ന ലാഭമല്ല സമൂഹത്തിൽ ക്രയവിക്രയം നിവർത്തിക്കുന്നത്. ഗുജറാത്തിലെ ഒരു സാധാരണ തൊഴിലാളിക്ക് ഇന്ന് ലഭിക്കുന്ന പ്രതിദിന ശരാശരി ശമ്പളം വെറും 375 രൂപയാണ്. ദേശീയ ശരാശരി 433 രൂപയാണെന്നിരിക്കെയാണ് മാതൃകാ സംസ്ഥാനത്തിലെ ഈ കൂലി. പരമദരിദ്ര സംസ്ഥാനമെന്ന് അവിടുത്തെ ഭരണാധികാരികൾ തന്നെ പറയുന്ന ബിഹാറിൽ പോലും ശരാശരി ശമ്പളം 426 രൂപയുണ്ട്. കേന്ദ്രസർക്കാർ പരമാവധി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇത് 836 രൂപയാണ്. ഗുജറാത്തിനെക്കാൾ കൂലി കുറവുള്ള ഒരു സംസ്ഥാനമേ ഇന്ത്യയിലുള്ളു. അത് ഛത്തീസ്ഗഢാണ്. ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥിതിയും ദയനീയമാണ്. 2024 ഏപ്രിൽ‑ജൂൺ മാസങ്ങളിലെ കണക്കുകൾ ആധാരമാക്കി പരിശോധിച്ചാൽ ഗുജറാത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ശരാശരി മാസശമ്പളം 17,503 രൂപ മാത്രമാണ്. ദേശീയ ശരാശരിയെക്കാൾ വളരെ താഴെ. ദേശീയ ശരാശരി 21,103 രൂപയാണ്. ഗുജറാത്തിൽ പ്രവർത്തിക്കുന്ന, ഗുജറാത്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളിൽ 74 ശതമാനവും അനൗദ്യോഗികമായി പ്രവർത്തിക്കുന്നവരാണ്. എഴുതി നൽകിയ കരാറുകളോ നിയമന ഉത്തരവുകളോ ഇല്ല. തൊഴിൽ സാഹചര്യങ്ങൾ അതീവ ദുരിതവും.
ഒരു മനുഷ്യന് ഒരു ദിവസം കഴിക്കേണ്ട ആഹാരത്തിന് സർക്കാരുകളും ലോകാരോഗ്യ സംഘടനയും നിഷ്കർഷിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗുജറാത്തിലെ 38 ശതമാനം ജനങ്ങൾക്കും ഈ മാനദണ്ഡ പ്രകാരമുള്ള ഭക്ഷണം ലഭിക്കാറില്ല. മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് എന്ന ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ചാണിത്. ആവശ്യമായ പോഷകാഹാരമോ മതിയായ ചികിത്സയോ ലഭിക്കാതെ വലയുന്ന ജനതയാണ് ഗുജറാത്തിന്റെ ഗ്രാമങ്ങളിലുള്ളത്. ഗുജറാത്ത് ഗ്രാമങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിഷം ചീറ്റാൻ നഗരവാസികളായ വൻകിടക്കാർ ഒഴുക്കുന്ന കാശിന്റെ ചെറിയൊരു അംശം ഉണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് അവിടെ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറയുന്നുണ്ട്. ഗുജറാത്ത് സർക്കാരിന്റെ കഴിഞ്ഞകാല ബജറ്റുകളിലൂടെ നാമൊന്ന് കണ്ണോടിച്ചാൽ പട്ടിണി ഉന്മൂലനം ചെയ്യാനുള്ള ഒരു പരിപാടിയും ഉള്ളതായി കാണാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ യോജനകളുടെ പത്രപരസ്യങ്ങളിൽ ആകൃഷ്ടരാകുന്നവർക്ക് പോലും കാലണ ലഭിക്കാത്ത സംസ്ഥാനമായി ഗുജറാത്ത് മാറിക്കഴിഞ്ഞു. ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽവിഭജനം അതിശക്തമായത് കാരണം കഴിക്കുന്ന ഭക്ഷണത്തിൽപോലും ജാതി കലർത്തിയിട്ടുമുണ്ട്. അതിൽ കോൺഗ്രസ്-ബിജെപി പക്ഷഭേദമില്ല. അതിദരിദ്രനും അതീവസമ്പന്നരും എന്ന വിധത്തിൽ ഗുജറാത്ത് സമൂഹത്തെ മാറ്റിയെടുത്തതിൽ ബിജെപിക്കുള്ളത്ര പങ്കില്ലെങ്കിലും ഗുജറാത്തിലെ പ്രാദേശിക പാർട്ടികൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ചെറുതല്ലാത്ത പങ്കുണ്ട്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ജാതിസമവാക്യങ്ങൾ തെറ്റാതെ നിലനിര്‍ത്തേണ്ടത് ഇവരുടെ ആവശ്യമായതുപോലെ പട്ടിണി നിലനിൽക്കേണ്ടതും ഇവർക്കാവശ്യമാണെന്നാണ് ഗുജറാത്ത് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച ചെറിയ ഫണ്ടുകൾപോലും തിരിമറി നടത്തുന്ന കാഴ്ചകളും ഗുജറാത്തിൽ സുലഭമാണ്. ഭിക്ഷയെടുത്ത് ജീവിക്കുന്നവരുടെ പുനരധിവാസത്തിനായി 2021–22ൽ കേന്ദ്ര സർക്കാർ അനുവദിച്ച 10 കോടി രൂപയിൽ ഭിക്ഷയെടുക്കുന്നവർക്കായി ചെലവഴിച്ചത് കേവലം അഞ്ചുലക്ഷം രൂപ. 2022–23ൽ 15 കോടി അനുവദിച്ചതിൽ അവർക്കായി ചെലവഴിച്ചത് 44 ലക്ഷം രൂപ മാത്രം. ഇത്തരത്തിൽ പിച്ചചട്ടിയിൽ കയ്യിട്ട് വാരുന്നത് ഭരണകക്ഷിയായ ബിജെപിയും അവരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരും. ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ക്ഷേമനിധിയിലേക്ക് 2021–22ൽ അനുവദിച്ച 25 കോടിയിൽ അവർക്കായി ചെലവഴിച്ചതായി രേഖകളിലുള്ളത് 1.91 കോടി രൂപയാണ്. തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് 30 കോടി രൂപ. ചെലവഴിച്ചത് 12 ലക്ഷം രൂപ. ലഭിച്ച ഫണ്ടിന്റെ അര ശതമാനംപോലും അർഹതപ്പെട്ടവരിലേക്ക് എത്തിക്കാതെ അവർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന മോഡിയുടെ ഇരട്ട എന്‍ജിൻ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.
പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ദക്ഷ ആന്റ് കുശലത സമാപൻ സ്കീം, സ്കീം ഫോർ പ്രിവൻഷൻ ഓഫ് ആൽക്കഹോളിസം ആന്റ് സബ്സ്റ്റൻസ് (ഡ്രഗ്സ്) അബ്യൂസ്, റിസർച്ച് സ്റ്റഡീസ് ആന്റ് പബ്ലിക്കേഷൻ പ്രോഗ്രാം, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ സീനിയർ സിറ്റിസൺസ്, രാഷ്ട്രീയ വയോശ്രീ യോജന മുതലായ പദ്ധതികളിലേക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ നയാ പൈസ കേന്ദ്ര സർക്കാരോ ഗുജറാത്ത് സർക്കാരോ അനുവദിച്ചിട്ടില്ല. പട്ടികജാതിക്കാർക്കും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കും വേണ്ടിയെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ വിശ്വാസ് പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകിയ 10 കോടി രൂപ ഏത് വിധത്തിൽ ചെലവഴിച്ചു എന്നറിയാൻ നൽകിയ വിവരാവകാശ ചോദ്യത്തിന് നാളിതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. അനൗദ്യോഗിക മാർഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് ഒരു രൂപയും ചെലവഴിച്ചിട്ടില്ല എന്നാണ്.
ഗുജറാത്തിലെ ക്രമസമാധാന നില അനുദിനം താഴേക്ക് പോകുന്നുവെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയായ ഹർഷ്സംഘ്‌വിയുടെ മണ്ഡലമായ മജൂറാ സ്ഥിതിചെയ്യുന്ന സൂറത്ത് ഇന്ത്യയിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന അഞ്ചാമത്തെ നഗരമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയുടെ കാര്യത്തിൽ വന്നിട്ടുള്ള വർധനവ് 22 ശതമാനമാണ്. ലഹരി-രാസ മരുന്നുകളുടെ സംഘടിതമായ വ്യാപാരം ഗുജറാത്തിലെ തുറമുഖങ്ങൾ വഴി തകൃതിയായി നടക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഏജൻസികൾ വളരെ രഹസ്യമായി നടത്തിയ ഓപ്പറേഷനുകളിൽ പിടിക്കപ്പെട്ടത് 6,200 കോടി രൂപയുടെ ലഹരിവസ്തുക്കളാണ്. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയിട്ടുള്ള ഗുറാത്തിൽ ഇതേ കാലയളവിൽ 53 ലക്ഷം ബോട്ടിൽ മദ്യവും 47 ലക്ഷം ബോട്ടിൽ ബിയറും പിടിക്കപ്പെട്ടു. പുറത്തുവരുന്ന കണക്കുകൾ ഇതാണെങ്കിൽ ഇതിന്റെ എത്രയെങ്കിലും ഇരട്ടിയാകും വിപണനം ചെയ്യപ്പെട്ടിട്ടുണ്ടാകുക. മോഷണം, കൊലപാതകം, പിടിച്ചുപറി, ബലാത്സംഗം, വഞ്ചന തുടങ്ങിയ കേസുകളിലായി 29,300 പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഇതാണ് ഇന്ത്യയിലെ ഒരു മാതൃകാ സംസ്ഥാനത്തിന്റെ ശരിയായ അവസ്ഥ. ഗുജറാത്തിൽ നിന്നും ഏതു വിധേനയെങ്കിലും കടൽ കടക്കാൻ വലിയൊരു വിഭാഗം ആൾക്കാർ ശ്രമിക്കുന്നതിന്റെ സാമൂഹ്യ പശ്ചാത്തലവും ഇതാകാം. ഗുജറാത്തിനെ നോക്കി പഠിക്കാൻ പറയുന്നവർ ആദ്യം ഗുജറാത്തിനെ പഠിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.