23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 26, 2024
February 25, 2024
February 11, 2024
January 20, 2024
January 7, 2024
November 8, 2023
November 7, 2023
November 7, 2023
October 25, 2023
October 15, 2023

അമർനാഥ് റോഡ് നിർമ്മാണം പാരിസ്ഥിതിക നാശത്തിന് കാരണമാകും ; പ്രതിഷേധം ശക്തം

Janayugom Webdesk
ശ്രീനഗർ
November 8, 2023 7:36 pm

അമർനാഥ് ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മാണം പാരിസ്ഥിതിക നാശത്തിന് കാരണമായേക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി). റോഡ്  നിര്‍മ്മാണം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് പിഡിപി വ്യക്തമാക്കി.

ഇതൊരു രാഷ്ട്രീയ പ്രശ്‌നമോ അഭിമാന പ്രശ്‌നമോ ആയി കാണാതെ, പരിസ്ഥിതിയുടെ കാര്യത്തിലും തീർഥാടകരെ സുരക്ഷിതമായി ദേവാലയത്തിലേക്ക് എത്തിക്കുന്ന കാര്യത്തിലുമാണ് സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് സിപിഐ (എം) നേതാവ്എം വൈ തരിഗാമി പറഞ്ഞു. റോഡ് നിര്‍മ്മാണം ഈ പ്രദേശത്തെ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായേക്കുെമന്ന് അദ്ദേഹം പറഞ്ഞു.

റോഡ് വിപുലീകരണത്തിലൂടെയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും ഹിമാലയൻ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റം തീർത്ഥാടകർക്ക് ഒരു ആശ്വാസവും നൽകില്ല, മറിച്ച് അവരുടെ ജീവനെ അപകടത്തിലാക്കുമെന്ന് തരിഗാമി പറയുന്നു. കാശ്മീരി മുസ്ലീങ്ങൾ ക്ഷേത്രം സന്ദർശിക്കുന്ന ഹിന്ദു തീർത്ഥാടകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എപ്പോഴും നിലകൊള്ളുന്നു, എന്നാൽ അത്തരം നീക്കങ്ങൾ നമ്മുടെ ദുർബലമായ പരിസ്ഥിതിയെ വിനാശകരമായി ബാധിക്കും. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് തരിഗാമി ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ ദാറും പറഞ്ഞു.

മനുഷ്യർ പ്രകൃതിയുമായി മത്സരിക്കാൻ ശ്രമിക്കുമ്പോൾ അത് വിനാശത്തിന് കാരണമാകുന്നു. ഉത്തരാഖണ്ഡിൽ അടുത്തിടെയുണ്ടായ പ്രകൃതി ക്ഷോഭം ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരി പണ്ഡിറ്റും പിഡിപി വക്താവുമായ മോഹിത് ഭാൻ എക്‌സിൽ പറഞ്ഞു : ഇത് ചരിത്രമല്ല, ഹിന്ദുമതത്തോടും പ്രകൃതിയിലുള്ള വിശ്വാസത്തോടും ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റം പ്രകൃതിയുടെ രോഷത്തിനും മാനുഷിക ദുരന്തത്തിനും കാരണമായ ഒരു യഥാർത്ഥ ഉദാഹരണമാണ് കേദാർനാഥ്. ഗ്രാമങ്ങൾ മുങ്ങിയതെങ്ങനെയെന്ന് നാം കണ്ടു. ഖേദകരമെന്നു പറയട്ടെ, ഈ ദുരന്തങ്ങൾ കശ്മീരിലേക്കും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ദുമെയിൽ നിന്ന് ബാൽതാൽ ബേസ് ക്യാമ്പ് വഴി അമർനാഥ് ഗുഹയിലേക്കുള്ള റോഡിന്റെ വീതിയാണ് കൂട്ടുന്നത്. ബോർഡർ റോഡ് ഒർ​ഗനൈസഷനാണ് റോഡിന്റെ നിര്‍മ്മാണം. തീ‍ർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനെന്ന വാദത്തോടെയാണ് റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. കാല്‍നട യാത്ര ഒഴിവാക്കി ഭക്തര്‍ക്ക്  വാഹനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിനുവെണ്ടിയായിരുന്നു റോഡ് നിര്‍മ്മാണം. 110 കിലോമീറ്റർ നാലുവരി പാതയ്ക്കായി 5300 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയ സമയത്താണ് ബിആർഒ ഈ റോഡ് പൂർത്തിയാക്കിയത്.

ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,888 മീറ്റർ (12,756 അടി) ഉയരത്തിലുള്ള അമർനാഥ് ഗുഹാക്ഷേത്രം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Eng­lish Sum­ma­ry: The con­struc­tion of a road to the Amar­nath cave will cause envi­ron­men­tal damage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.