ഒന്നിച്ചു മടങ്ങിയ കൂട്ടുകാർക്ക് കണ്ണീർ ചിതയൊരുക്കി നാടൊന്നാകെ . പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങി. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം തുടങ്ങി. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റാഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറാഫുദ്ദീൻ‑സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനർ വർഗീസിന്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.